ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ട്രൈബ്യൂണല്‍ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു

Sunday 15 July 2018 2:48 am IST

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണം ഏറ്റവും കൂടുതലുള്ള സംസ്ഥാനത്ത ആറ് നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നുള്ള കാലാവസ്ഥാ  വ്യതിയാനത്താല്‍ ദല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതം മറ്റു സംസ്ഥാനങ്ങളില്‍ അനുഭവപ്പെടാതിരിക്കാനാണ് ഡീസല്‍ വാഹനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. 

ആദ്യ ഘട്ടത്തില്‍  കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡീസല്‍ വാഹന പെര്‍മിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും  സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുമ്പോള്‍  ദ്രവീകൃത ഇന്ധനങ്ങളായ സിഎന്‍ജി/ഓട്ടോ, എല്‍പിജി/എല്‍എന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് ഇവയില്‍ ഏതെങ്കിലും മാത്രം ഇന്ധനമായി  ഉപയോഗിക്കണമെന്നാണ് പ്രധാന നിര്‍ദേശം. 

വാഹന നിര്‍മാണ കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്  സംസ്ഥാനത്ത് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കാത്തത്. ദല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ന്യായീകരണം. എന്നാല്‍ നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

സിഎന്‍ജി/ഓട്ടോ പെര്‍മിറ്റുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് പ്രധാന നഗരങ്ങളില്‍ എല്‍പിജി/സിഎന്‍ജി/എല്‍എന്‍ജി/ഇലകട്രിക് ഓട്ടോറിക്ഷകള്‍ക്ക്  മാത്രം പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നും  പെര്‍മിറ്റ്  കുറഞ്ഞത് രണ്ടായിരം ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇ-റിക്ഷ ഓടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സിനു പുറമെ ബാഡ്ജ് വേണമെന്ന നിബന്ധനയും ഒഴിവാക്കണം. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കേണ്ട.  വാഹനങ്ങളുടെ വാര്‍ഷിക നികുതി കുറയ്ക്കുന്നതോടൊപ്പം പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതി തുകയില്‍ പരമാവധി ഇളവ് നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഈ ഉത്തരവൊന്നും സര്‍ക്കാര്‍ ഇതുവരെയും നടപ്പിലാക്കിയില്ല. എന്നാല്‍ എല്ലാം നടപ്പിലാക്കികഴിഞ്ഞു എന്നാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. 

അജി ബുധന്നൂര്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.