ചൈന-യുഎസ് വ്യാപാര യുദ്ധം; അരിയും മരുന്നും വേണം; ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിച്ച് ചൈന

Sunday 15 July 2018 2:48 am IST

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈന മരുന്നും ഭക്ഷ്യവസ്തുക്കളും വേണമെന്ന അപേക്ഷയുമായി ഇന്ത്യയുടെ മുന്നില്‍. അവശ്യ മരുന്നുകള്‍ക്ക് പുറമെ അരി, പഞ്ചസാര, സോയാബീന്‍ തുടങ്ങിയവ ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്യാനാണ് ചൈനയുടെ നീക്കം. അമേരിക്കയുമായുള്ള തര്‍ക്കം വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതോടെയാണ് ചൈന ഇന്ത്യയുടെ മേല്‍ പ്രതീക്ഷ വെക്കുന്നത്. 

 അരി കയറ്റുമതിയില്‍ ലോകത്ത് മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ചൈനയാകട്ടെ അരിയും പഞ്ചസാരയും ഇറക്കുമതി ചെയ്യുന്നതില്‍ ഒന്നാമതും. യുഎസ്സും ചൈനയും തമ്മിലുള്ള ശത്രുത ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദോക്‌ലാം സംഘര്‍ഷാവസ്ഥക്ക് പിന്നാലെ ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും ചൈനയും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ രണ്ട് തവണ ചൈന സന്ദര്‍ശിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ച ചെയ്തു. 

 അമേരിക്കയുമായുള്ള സഹകരണം കുറച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഏതാനും ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിത്തീരുവ ചൈന പിന്‍വലിച്ചിട്ടുണ്ട്. ജനറിക് മരുന്നുകളുടെ കയറ്റുമതിയില്‍ ഇന്ത്യയാണ് ഒന്നാമതെങ്കിലും ലോകത്തെ രണ്ടാമത്തെ മരുന്നു വിപണിയായ ചൈനയിലേക്കുള്ള കയറ്റുമതി ഒരു ശതമാനം മാത്രമാണ്. ചൈനയുടെ പുതിയ നിലപാട് ഇന്ത്യയിലെ മരുന്നു കമ്പനികള്‍ക്ക് അനന്ത സാധ്യതയാണ് തുറന്നിടുന്നത്.  

 ചൈനയിലെ വ്യവസായ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി അമേരിക്കയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈനയും തീരുവ ചുമത്തി. ഉരുക്ക് ഉള്‍പ്പെടെയുള്ളവക്ക് അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്തിയത് ഇന്ത്യക്കും തിരിച്ചടിയായിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന മുപ്പത് ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച് ഇന്ത്യ തിരിച്ചടിച്ചു. ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നത് അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഉപകരിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.