സാത്ത്വികത്യാഗിയുടെ ലക്ഷണം പറയുന്നു

Sunday 15 July 2018 2:50 am IST

അകുശലം കര്‍മനദ്വേഷ്ടി- തണുപ്പുകാലത്ത് പ്രഭാതത്തില്‍ എങ്ങനെ നദിയില്‍ മുങ്ങിക്കുളിക്കും എന്ന് വിചാരിച്ച് പിന്മാറുകയില്ല. കര്‍മഫലം ത്യജിച്ച്, മോക്ഷകാരണമായ ഭഗവദ്ഭജനം ചെയ്യുന്നു. തന്നെ വെറുക്കുകയോ ശകാരിക്കുകയോ ചെയ്യുന്ന രാജസ താമസ സ്വഭാവികളെ ദ്വേഷിക്കുകയുമില്ല.

കുശലേ ന അനുഷജ്ജതേ

വേനല്‍ക്കാലത്ത് ചൂടുകൊണ്ട് വിയര്‍ക്കുമ്പോള്‍, തണുപ്പുള്ള നദീജലത്തില്‍ മധ്യാഹ്ന സമയത്ത് വീണ്ടും കുളിച്ച് സുഖിക്കാം എന്നുവിചാരിച്ച് കുളിക്കാന്‍ ഒരുങ്ങുകയുമില്ല. മോക്ഷത്തിനു സഹായകമാകുന്നവിധത്തില്‍ ചെയ്യുന്ന നിത്യ നൈമിത്തിക കര്‍മങ്ങള്‍ വീണ്ടും വീണ്ടും അനുഷ്ഠിക്കുവാന്‍ താല്‍പ്പര്യം കാണിക്കുകയുമില്ല.

അകുശലം കര്‍മ-ഭിക്ഷാടനം, തീര്‍ഥയാത്ര, ഉപവാസം മുതലായ കര്‍മങ്ങള്‍ അകുശലം- ദുഃഖം- ഉണ്ടാക്കുന്നവയാണെന്ന് ദേഷിച്ച് സംസാരിക്കുകയില്ല.

കുശലേ- ന അനുഷജ്ജതേ- സ്വാദിഷ്ഠമായ ഭക്ഷണം, മിനുത്ത കിടക്കയില്‍ ഉറക്കം മുതലായവ സുഖമുണ്ടാക്കുന്നവയാണെന്ന് വച്ച് അവയെ സ്തുതിച്ച് സംസാരിക്കുകയുമില്ല.

ഇങ്ങനെ ഒരു വസ്തുവിനോടും സ്‌നേഹം ഭാവിക്കുകയോ പെരുമാറുകയോ ഇല്ല; ദ്വേഷം ഭാവിക്കുകയോ പെരുമാറുകയോ ഇല്ല. തന്റെ ജീവിതം ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തി ഭഗവത് സന്തോഷത്തിനുവേണ്ടി സമര്‍പ്പിച്ച് ആനന്ദിക്കുക-അതാണ് ഈ ഗീതാശാസ്ത്രത്തിന്റെ താല്‍പര്യം. സാത്ത്വിക ഗുണപൂര്‍ണമായ ത്യാഗം. അതുകൊണ്ട്, ഈ ത്യാഗമാണ് നാം ശീലിക്കേണ്ടത് എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു.

കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.