മേനാദേവിക്ക് ഭാവമാറ്റം, ഹിമവാന് അന്ധാളിപ്പ്

Sunday 15 July 2018 2:51 am IST

വേണ്ടപ്പെട്ട എല്ലാവരേയും വിധിപ്രകാരം തന്നെ അറിയിച്ച് പ്രാജാപത്യ രീതിയില്‍ ശ്രീപാര്‍വതീ ദേവിയെ വിവാഹം കഴിക്കാനാണ് ശ്രീപരമേശ്വരന്‍ തീരുമാനിച്ചത്.

സമ്പ്രദായമനുസരിച്ച് ആദ്യം വധുവിന്റെ വീട്ടില്‍ പെണ്ണു ചോദിച്ചു ചെല്ലണം. വരന്റെ വീട്ടുകാരോ വളരെ പ്രധാനപ്പെട്ട ബന്ധുക്കളോ വേണം ഇതിനു നിയോഗിക്കപ്പെടാന്‍. അച്ഛന്‍, അമ്മ, അമ്മാവന്‍, സഹോദരങ്ങള്‍, ഇളയച്ഛന്‍, വല്യച്ഛന്‍ തുടങ്ങിയവരാരെങ്കിലും പോവുക എന്നതാണ് സമ്പ്രദായം. ഇവിടെ ആരെയാണ് ഇക്കാര്യത്തില്‍ ഏല്‍പ്പിക്കാന്‍ കഴിയുക? ശ്രീപരമേശ്വരന് വീട്ടുകാരായി ആരാണുള്ളത്?

പര്‍വതരാജന്‍ ഹിമവാനെക്കാണാന്‍ ശ്രീപരമേശ്വരന്‍ നിയോഗിച്ചത് സപ്തര്‍ഷികളെയാണ്. എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് സപ്തര്‍ഷികള്‍. ഭഗവാനെക്കാള്‍ വലുതാണ് ഋഷിമാരുടെ സ്ഥാനം എന്ന ബോധ്യം ജനങ്ങളില്‍ ഉളവാക്കാന്‍ വേണ്ടിക്കൂടിയാണ് ഭഗവാന്‍ ഇവരെ അതിനായി നിയോഗിച്ചത്.

ഇടയ്ക്കിടെ ഹിമാലയത്തില്‍ വരുന്നവരാണ് സപ്തര്‍ഷിമാരെന്നതിനാല്‍ പര്‍വതരാജന് ചിരപരിചിതരാണ് സപ്തര്‍ഷികള്‍. പ്രാജാപത്യ രീതിയിലുള്ള വിവാഹത്തിന് ഗുരുജനങ്ങളുടെ അനുഗ്രഹം അത്യാവശ്യമാണ്. കാരണം, ധാര്‍മികതയ്ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സമ്പ്രദായമാണ് പ്രാജാപത്യം.

വിവാഹത്തിന് എട്ടുവിധ സമ്പ്രദായങ്ങളാണ് പൊതുവേ സ്വീകരിച്ചുവരുന്നത്. ശാസ്ത്രങ്ങളില്‍ വിവരിച്ചിട്ടുള്ള ഈ എട്ടു രീതികളില്‍ സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമ്പ്രദായമാണ് പ്രാജാപത്യം.

ബ്രഹ്മം, ദൈവികം, ആര്‍ഷം, പ്രാജാപത്യം, ആസുരം, ഗാന്ധര്‍വം, രാക്ഷസം, പൈശാചികം ഇവയാണ് എട്ടുവിധത്തിലുള്ള വിവാഹ സമ്പ്രദായങ്ങള്‍. ഈ എട്ടുരീതികളില്‍ പലതും ഇടകലര്‍ന്നും വരാറുണ്ട്.

ദൈവിക രീതിയായതിനാല്‍ ബ്രാഹ്മം വളരെ ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. വിദ്വത്വം, ധാര്‍മികത്വം തുടങ്ങിയ സ്വഭാവവിശേഷങ്ങള്‍ക്കാണ് ബ്രാഹ്മത്തില്‍  പ്രാധാന്യം. അതിനേക്കാള്‍ കുറച്ചുകൂടി സാമൂഹികമാണ് ദൈവികമെന്ന വിധി. പിന്നെ ആര്‍ഷം ഋഷിമാര്‍ക്കു തുല്യമായ സ്വഭാവഗുണങ്ങള്‍ മാത്രം പരിഗണിച്ചുള്ളതാണ്.രാക്ഷസരീതി നികൃഷ്ടവും പൈശാചികവും നീചവുമാണ്. കാമപ്രധാനമായതിനാല്‍ ഗാന്ധര്‍വവും ധനപ്രധാനമായതിനാല്‍ ആസുരവും അധമങ്ങളാണ്. ഇതെല്ലാം കണക്കാക്കി, സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടി മനസ്സിലാകുവാന്‍ ഉദ്ദേശിച്ചാണ് ശ്രീപരമേശ്വരന്‍ പ്രാജാപത്യ രീതി നിശ്ചയിച്ചത്. ആര്‍ഷവിധിയില്‍ പറയുന്ന സ്വഭാവ പരിഗണനയും ബ്രഹ്മവിധിപ്രകാരമുള്ള പരസ്പരപ്രീതിയുമെല്ലാം പരമേശ്വരന്‍ ഇതോടൊപ്പം സ്വീകരിച്ചു.

ശ്രീപരമേശ്വരന്‍ ഉത്തമനായ ഒരാചാര്യനാണ്. ആചരിച്ചുകാണിക്കുന്നവനാണ് ഉത്തമ ആചാര്യന്‍. നാളെ മനുഷ്യസമൂഹം ഇതു കണ്ടുപഠിക്കണം. പകര്‍ത്തണം. അതിനുചിതം പ്രാജാപത്യമാണെന്ന് ശിവന്‍ വിലയിരുത്തി. അതുകൊണ്ടാണ് ജനങ്ങളെക്കരുതി ശിവന്‍ ആ രീതി നിശ്ചയിച്ചത്. ഏതായാലും സദാശിവന്റെ നിശ്ചയപ്രകാരം സപ്തര്‍ഷികള്‍ അവരുടെ നിയോഗം ഏറ്റെടുത്തു.

അവര്‍ ആദരപൂര്‍വം ആചാരമനുസരിച്ച് ഹിമവല്‍സന്നിധിയിലെത്തി. അതിനനുസൃതമായ രീതിയില്‍ തന്നെ ഹിമവാന്‍ അവരെ അര്‍ഘ്യാദികള്‍ നല്‍കി സ്വീകരിച്ചു. പരസ്പര ബഹുമാനം പുലര്‍ത്തിക്കൊണ്ടുതന്നെ സാവധാനം സപ്തര്‍ഷികള്‍ വരവിന്റെ ഉദ്ദേശ്യമറിയിച്ചു. അങ്ങയുടെ മകള്‍ ശ്രീപാര്‍വതിയെ അങ്ങ് കൈലാസനാഥനായ ശ്രീപരമേശ്വരന് വിവാഹം കഴിച്ചുകൊടുക്കുമോ?

തന്റെ മകള്‍ക്ക് അവര്‍ ആഗ്രഹിച്ച വരനെ ലഭിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അതിനെക്കുറിച്ചാലോചിച്ചപ്പോള്‍ പര്‍വതരാജന്‍ ഹിമവാന്റെ സന്തോഷത്തിനതിരില്ല. സാക്ഷാല്‍ ശ്രീപരമേശ്വരന്‍, മംഗളമൂര്‍ത്തി തന്റെ പുത്രിക്ക് വരനാകാന്‍ പോകുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം!കാര്യം കേട്ടപ്പോള്‍ ഹിമാവന്റെ പത്‌നിയായ മേനാദേവിയുടെ മുഖത്തിന് ഒരു ഭാവമാറ്റം. പാര്‍വതിയുടെ അമ്മയായ അവര്‍ക്ക് പലതും ആലോചിക്കാനുണ്ട്. മേനാദേവിയുടെ ഭാവമാറ്റം കണ്ട് എല്ലാവരും അന്ധാളിച്ചു. എന്താണാവോ പ്രശ്‌നം?

എ.പി. ജയശങ്കര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.