ബ്രഹ്മജ്ഞര്‍ യാജ്ഞ്യവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ ചോദ്യം ചെയ്യുന്നു

Sunday 15 July 2018 2:53 am IST

ബൃഹദാരണ്യകോപനിഷത്ത്- 3

ബൃഹദാരണ്യകോപനിഷത്തില്‍ 3, 4 അദ്ധ്യായങ്ങളെ വളരെ പ്രധാനപ്പെട്ടവയായി കണക്കാക്കുന്നു. 9 ബ്രാഹ്മണങ്ങളുള്ള മൂന്നാം അദ്ധ്യായത്തില്‍ അദ്ധ്യാത്മ സത്യത്തെ ഉപത്തികളെ കൊണ്ട് സമര്‍ത്ഥിക്കുന്നു. യാജ്ഞവല്‍ക്യനാണ് മുഖ്യ ആചാര്യന്‍. അശ്വല ബ്രാഹ്മണമാണ് ആദ്യം.

ഒരിക്കല്‍ ജനകന്‍ നടത്തുന്ന യാഗത്തില്‍ കൊമ്പിലും കുളമ്പിലും സ്വര്‍ണം കെട്ടിയ 1000 പശുക്കളെ കൊണ്ടു വന്ന് നിര്‍ത്തി. നിങ്ങളില്‍ ഏറ്റവും വലിയ ബ്രഹ്മനിഷ്ഠന്  ഈ പശുക്കളെ കൊണ്ടുപോകാമെന്ന് ജനകന്‍ ബ്രഹ്മജ്ഞന്മാരോട് പറഞ്ഞു. തങ്ങളുടെ പാണ്ഡിത്യത്തില്‍ കുറവുകളുണ്ടാകുമോ എന്ന് കരുതി അവരാരും പശുക്കളെ കൊണ്ടുപോകാന്‍ മുതിര്‍ന്നില്ല.

അപ്പോള്‍ യാജ്ഞവല്‍ക്യന്‍ ആ പശുക്കളെ തന്റെ ആശ്രമത്തിലേക്ക് കൊണ്ടു പോകുവാന്‍ ശിഷ്യരോട് പറഞ്ഞു. സദസ്സിലുണ്ടായിരുന്ന ബ്രഹ്മജ്ഞരെല്ലാം ഇതിനെ എതിര്‍ത്തു. യാജ്ഞവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ ചോദ്യം ചെയ്തു. ഓരോരുത്തരും ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അറിവിനെ പരീക്ഷിച്ചു. അശ്വലന്റെ ചോദ്യങ്ങളാണ് അശ്വല ബ്രാഹ്മണത്തില്‍. ഏഴാമത്തെ ഒഴിച്ച് ഓരോ ബ്രാഹ്മണവും ചോദ്യം ചോദിക്കുന്നയാളുടെ പേരുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. ജരത് കാരു വംശജനായ ആര്‍ത്ത ഭഗന്‍, ലഹ്യന്റെ മകനായ ഭുജ്യു, ചക്രന്റെ മകനായ ഉഷസ്തന്‍, കുഷീതകന്റെ മകനായ കഹോലന്‍, വചക്‌നുവിന്റെ മകള്‍ ഗാര്‍ഗി, ഉദ്ദാലക ആരുണി, ശകലന്റെ മകനായ വിദഗ്ധന്‍ എന്നിവരാണ് യാജ്ഞവല്‍ക്യനെ പരീക്ഷിക്കാന്‍ ചോദിക്കുന്നത്. ഏഴാം ബ്രാഹ്മണത്തിന് അതിലെ വിഷയത്തെ ആധാരമാക്കി അന്തര്യാമി ബ്രാഹ്മണം എന്നാണ് പേര്. ചോദ്യങ്ങള്‍ക്കൊക്കെ ആത്മജ്ഞാനത്തിലുറച്ച് നിന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കുന്നു. അദ്വൈത ചിന്തയുടെ കേമമായ അവതരണം ഇവിടെ കാണാം. നിര്‍ഗുണ നിരാകാര സ്വരൂപമായ ബ്രഹ്മത്തെ തന്നെയാണ് സഗുണ സാകാരമായി പലതായി കണ്ട് ആരാധിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഒന്നിനെ തന്നെയാണ് അറിവുള്ളവര്‍ പലതായി പറയുന്നതെന്ന് ഇവിടെ കാണാം.

നാലാം അദ്ധ്യായത്തില്‍ 6 ബ്രാഹ്മണങ്ങളിലായി ജനകനും യാജ്ഞവല്‍ക്യനുംതമ്മിലുള്ള ആദ്ധാത്മിക ചര്‍ച്ചയാണ്. പൂണര്‍മായ പരബ്രഹ്മ ഉപാസനയെയും ഫലത്തേയും പറ്റി യാജ്ഞവല്‍ക്യന്‍ ജനകന് ഉപദേശിക്കുന്നു. മരിക്കുമ്പോള്‍ ജീവന്‍ ശരീരം വിട്ട് എവിടെ പോകുന്നു എന്നതിന്റെ ഉത്തരമാണ് രണ്ടാം ബ്രാഹ്മണം. 38 മന്ത്രങ്ങളുള്ള ജ്യോതിര്‍ ബ്രാഹ്മണം വലുപ്പമേറിയതും പ്രധാന്യമുള്ളതുമാണ്.

ആത്മ ജ്യോതിസ്സിനെ പറ്റിയുള്ള വിവരണം, അവസ്ഥാ ത്രയ നിരൂപണം, അതില്‍ ജീവാത്മാവിന്റെ അനുഭവങ്ങള്‍, സുഷുപ്തിയിലെ ആനന്ദാനുഭവം, ലൗകീകാനന്ദവും ബ്രഹ്മാനന്ദവും തമ്മിലുള്ള താരതമ്യം, സംസാരഗതി എന്നിവയെ ഇവിടെ വിവരിക്കുന്നു.

ശാരീരിക ബ്രാഹ്മണമാണ് നാലാമത്. ജീവന്‍ പുനര്‍ജനിക്കുന്നതിനെപ്പറ്റി വിവരിക്കുന്നു. മരണസമയത്ത് ജീവന്‍ എല്ലാ അവയവങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഹൃദയത്തില്‍ മാത്രമിരിക്കുന്നു. പിന്നെ സൂക്ഷ്മ ശരീരത്തെ ആശ്രയിച്ച് സ്ഥൂല ശരീരം വിട്ട് യാത്രയാകുന്നു. തന്റെ കര്‍മങ്ങളുടെ ഫലമായും കാമനയാലും വീണ്ടും മറ്റൊരു ശരീരമെടുത്ത് സംസാരത്തിലേക്ക് പതിക്കേണ്ടി വരും.

ജ്ഞാനി കാമനകളിലില്ലാത്തയാളായതിനാല്‍ ജീവന്‍ മുക്തനാണ്. ജ്ഞാനിക്ക് പുനര്‍ജന്മമില്ല. ഏഷണാത്രയങ്ങളില്‍ നിന്നും വിട്ടവനും പുണ്യപാപങ്ങളോ ധര്‍മാധര്‍മങ്ങളോ ബാധിക്കാത്തവനാണ് ജ്ഞാനി. ബ്രഹ്മമാകുന്ന അഭയ പദത്തെ പ്രാപിച്ചവനാണ് അയാളെന്ന് പറഞ്ഞു കൊണ്ടാണ് ശാരീരിക ബ്രാഹ്മണം അവസാനിക്കുന്നത്.

അഞ്ചാം ബ്രാഹ്മണം മുമ്പ് രണ്ടാമദ്ധ്യായത്തിലെ യാജ്ഞവല്‍ക്യ മൈത്രേയി സംവാദത്തിന്റെ തുടര്‍ച്ചയാണ്. എല്ലാ കര്‍മങ്ങളുടേയും സന്ന്യാസമാണ് പരമ പുരുഷാര്‍ത്ഥമായ മോക്ഷത്തിലെത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അറിയുന്ന വിഷയത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ് അറിയുന്നയാള്‍. നേതി നേതി രീതിയിലൂടെ ക്രമത്തില്‍ സാക്ഷാത്കാരം നേടണം. ആത്മസാക്ഷാത്കാരമാണ് അമൃതത്വ സാധനമെന്നും പറഞ്ഞാണ് ഉപദേശത്തെ സമാപിപ്പിക്കുന്നത്.

ആറാമത്തെ വംശ ബ്രാഹ്മണത്തില്‍ യാജ്ഞവല്‍ക്യകാണ്ഡത്തിലെ വംശപരമ്പരയെ വിവരിച്ച്  നാലാം അദ്ധ്യായം തീരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.