അഭിമന്യുവിൻ്റെ കൊലപാതകം, സഭയിലെ പീഡനങ്ങൾ ; സിപിഎം നീക്കം ബ്ലാക്ക്‌മെയിലിങ്ങിന്

Sunday 15 July 2018 3:02 am IST

കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകവും ക്രൈസ്തവ പുരോഹിതരുടേയും പീഡനവും പൊളിറ്റിക്കല്‍ ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കാന്‍ സിപിഎം നീക്കം. അഭിമന്യു കൊലക്കേസില്‍ എസ്ഡിപിഐയെയും, കന്യാസ്ത്രീയുടെയും വീട്ടമ്മയുടെയും പീഡന പരാതികളില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെയും ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമം. അടുത്തുവരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിലുള്‍പ്പെടെ ഇവരെ ഒപ്പം നിര്‍ത്തുന്നതിന് കേസുകളില്‍ മെല്ലെപ്പോക്ക് മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇതുവരെയും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. പ്രതികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം. യുഎപിഎ ചുമത്തിയാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് നേരിട്ട് കേസ് ഏറ്റെടുക്കാം. അങ്ങനെ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും അനുകൂലമായി അന്വേഷണം നിയന്ത്രിക്കാന്‍ കഴിയില്ല. അതിനാല്‍ നാദാപുരം ബിനുവധക്കേസില്‍ ഉള്‍പ്പെടെ കൈക്കൊണ്ട നിലപാട് ഇവിടെയും സ്വീകരിക്കാനാണ് തീരുമാനം. 

അന്വേഷണം വൈകിപ്പിച്ച് താഴെക്കിടയിലുള്ള പ്രതികളെ മാത്രം പിടികൂടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കും. പകരം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ രഹസ്യസഹായം നല്‍കണം. ഇല്ലെങ്കില്‍ അന്വേഷണം ബലപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ത്തി ഒപ്പം നിര്‍ത്തുക. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 

അഭിമന്യു കേസില്‍  പ്രധാന പത്രികളില്‍ ഒരാളെന്ന് സംശയിക്കുന്ന ക്യാമ്പസ് ഫ്രണ്ടിന്റെ എറണാകുളം ജില്ലാ പ്രസിഡന്റിനെപോലും പിടികൂടിയില്ല. കൃത്യമായ രാഷ്ട്രീയ നിലപാട് എടുക്കാതെ പ്രതികളെ പിടികൂടാത്തത് പോലീസിന്റെ കഴിവുകേടെന്ന് വരുത്തി തീര്‍ക്കുന്നതിനെതിരെയും സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ഇതേ തന്ത്രമാണ് പുരോഹിതര്‍ക്കെതിരായ പീഡന പരാതികളിലും സിപിഎം കൈക്കൊണ്ടിരിക്കുന്നത്. കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ സ്ത്രീപീഡന കേസില്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പകരം കന്യാസ്ത്രീയുടെ മൊഴി ശരിയാണോയെന്ന് പരിശോധിക്കലും അവയുടെ തെളിവുകള്‍ സ്വീകരിക്കലുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ജലന്ധര്‍ ബിഷപ്പിന്റെ സംഭവത്തില്‍ കേരളാ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെടുകപോലും ചെയ്തിട്ടില്ലെന്ന് ജലന്ധര്‍ എസ്പി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. 

വീട്ടമ്മയുടെ പരാതിയില്‍ കീഴടങ്ങിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികള്‍ക്ക് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാവകാശവും നല്‍കി.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.