കോൺഗ്രസ് മുസ്ലീം 'പുരുഷന്മാരുടെ' മാത്രം പാർട്ടിയോ? മോദി

Sunday 15 July 2018 3:05 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണോ കോണ്‍ഗ്രസ്സെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് മുത്തലാഖ് വിഷയത്തിലെ നിലപാട് പരാമര്‍ശിച്ച് മോദി ചോദിച്ചു. 

''രാഹുലിന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല. മുസ്ലിങ്ങളിലെ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളെയും ഉള്‍പ്പെടുത്തുമോ എന്ന് മാത്രമാണ് ചോദിക്കാനുള്ളത്''. മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ 340 കിലോമീറ്റര്‍ വരുന്ന പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ്സില്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനും അവകാശത്തിനും ഇടമുണ്ടോ? മോദി ചോദിച്ചു. മുത്തലാഖ് നിരോധിക്കുന്ന ബില്ല് പാസാക്കാന്‍ അനുവദിക്കാതെ അവര്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തി. പ്രതിപക്ഷ എതിര്‍പ്പ് കാരണം ബില്‍ രാജ്യസഭയില്‍ പാസാക്കാനായിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് മോദിയുടെ വിമര്‍ശനം.

മുത്തലാഖിലെ നിലപാട് കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി. കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ പ്രതിപക്ഷം മുസ്ലിം സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കാനാണ് പ്രയത്‌നിക്കുന്നത്. പരസ്പരം കണ്ടാല്‍ മുഖത്തുപോലും നോക്കാതിരുന്നവര്‍ ഇപ്പോള്‍ ബിജെപിയെ പുറത്താക്കാന്‍ ഒരുമിച്ചിരിക്കുകയാണ്, മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നടത്തിയ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നിഷേധിച്ചു.

 സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.