തലയുയര്‍ത്തിപ്പിടിച്ച് സുവര്‍ണതലമുറ

Sunday 15 July 2018 3:10 am IST

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ ബെല്‍ജിയം. ലൂസേഴ്‌സ് ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ മൂന്നാം സ്ഥാനത്തിന് അവകാശികളായത്. നാലാം മിനിറ്റില്‍ തോമസ് മ്യുനിയറും 82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡുമാണ് ചെകുത്താന്മാര്‍ക്കായി ലക്ഷ്യം കണ്ടത്. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയാണ് അവര്‍ മടങ്ങുന്നത്. 1986-ലെ മെക്‌സിക്കോ ലോകകപ്പില്‍ നേടിയ നാലാം സ്ഥാനമായിരുന്നു ബെല്‍ജിയത്തിന്റെ മുന്‍പത്തെ മികച്ച നേട്ടം.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ ഹാരി കെയ്ന്‍ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെ അവര്‍ തോല്‍വി ഏറ്റുവാങ്ങി. ഇംഗ്ലണ്ട് ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോള്‍ ബെല്‍ജിയം ഉതിര്‍ത്തത് 4 എണ്ണം. കളിയുടെ തുടക്കം മുതല്‍ വേഗമേറിയ ഫുട്‌ബോളാണ് ഇരുടീമുകളും നടത്തിയത്. എന്നാല്‍ കിട്ടിയ ആദ്യ അവസരം തന്നെ ലക്ഷ്യത്തിലെത്തിച്ച് ബെല്‍ജിയം മുന്‍തൂക്കം നേടിയെടുത്തു. നാലാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍.

റൊമേലു ലുകാകു നടത്തിയ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. ലുകാകു പന്ത് നാസര്‍ ചാഡ്‌ലിക്ക് കൈമാറി. പന്ത് കിട്ടിയ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിട്ട് മ്യൂനിയര്‍ ഇംഗ്ലീഷ് വല കുലുക്കി. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ഇതോടെ ബെല്‍ജിയം കളിയില്‍ പിടിമുറുക്കി. തുടര്‍ന്ന് സമനിലഗോളിനായി ഇംഗ്ലണ്ടും ലീഡ് ഉയര്‍ത്താന്‍ ബെല്‍ജിയവും കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വീണില്ല.

 ഗോള്‍ മടക്കാനായി ഇംഗ്ലണ്ട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിങ്ഗാര്‍ഡിനെയും റാഷ്‌ഫോര്‍ഡിനെയും കളത്തിലെത്തിച്ചു. ഇതോടെ മുന്നേറ്റങ്ങള്‍ക്ക്  കരുത്തേറി. എന്നാല്‍ കൊംപാനിയും വെര്‍ട്ടോഗനും അടങ്ങുന്ന ബെല്‍ജിയം പ്രതിരോധം അവയെല്ലാം വിഫലമാക്കി. ഗോളി തിബോട്ട് കുര്‍ട്ടോയ്‌സിന്റെ മിന്നുന്ന ഫോമും ഇംഗ്ലണ്ടിനെ തടഞ്ഞുനിര്‍ത്തി. ഇടയ്ക്ക് ഹസാര്‍ഡിന്റെയും ഡി ബ്രൂയന്റെയും നേതൃത്വത്തില്‍ ബെല്‍ജിയവും നല്ല മുന്നേറ്റങ്ങള്‍ നടത്തി.

എന്നാല്‍ ഇവര്‍ ഒരുക്കിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന് പിഴച്ചു. ഒടുവില്‍  82-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡ് ടീമിന്റെ രണ്ടാം ഗോളും നേടി. നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസ് ഹസാര്‍ഡ് ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡിനെയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.