കര്‍മഫലം ഭഗവാനില്‍ സമ്യക്കാകും വിധം ന്യസിക്കുന്നവനാണ് ത്യാഗി

Monday 16 July 2018 1:02 am IST

ഈ ഭൂലോകത്തില്‍ മനുഷ്യദേഹം സ്വീകരിച്ച് ജീവിക്കുന്ന ഒരു മനുഷ്യന് പോലും ഒരുതരത്തിലുള്ള പ്രവൃത്തിയും ചെയ്യാതെ കയ്യും കാലും ഇളക്കാതെ- ഒരു കുറ്റിപോലെ- ജീവിതം നയിക്കുവാന്‍ കഴിയില്ല.

''നഹികശ്ചിത് ക്ഷണമപി

ജാതു തിഷ്ഠത്യകര്‍മകൃത്'' (ഗീ 3-5)

(= ഒരു മനുഷ്യനും ഒരുകാലത്തും ഒരവസ്ഥയിലും ഒരു കര്‍മവും ക്ഷണനേരം പോലും ചെയ്യാതെ, നിലനില്‍ക്കാന്‍ കഴിയില്ല) എന്ന് ഭഗവാന്‍ പറയാതെതന്നെ നമുക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഭക്ഷണം കഴിക്കാതെ ദേഹം നിലനില്‍ക്കുകയില്ല. ഭക്ഷണം സമ്പാദിക്കാന്‍ പ്രവര്‍ത്തിക്കേണ്ടിവരും, രാത്രി കിടന്നുറങ്ങാന്‍ ഭവനം ആവശ്യമാണ്. അത് നിര്‍മ്മിക്കാന്‍ പ്രയത്‌നം ചെയ്യേണ്ടിവരും. വസ്ത്രം ഉടുക്കാതെ നഗ്‌നനായി നടക്കാന്‍ ലജ്ജ ആരെയും സമ്മതിക്കില്ല. വസ്ത്രത്തിനുവേണ്ടിയും കര്‍മം ചെയ്യണം. ഇരിക്കുക എന്നതും നടക്കുക എന്നതും കര്‍മം തന്നെയാണല്ലോ. അപ്പോള്‍ കര്‍മം ചെയ്യാതെ ജീവിക്കാന്‍ ആര്‍ക്കും കഴിയുകയേ ഇല്ല.

എന്നാല്‍ രജോഗുണസ്വഭാവികളും തമോഗുണ സ്വഭാവികളുമായ ചില പണ്ഡിതന്മാര്‍ വൈദികവും ആധ്യാത്മികവുമായ കര്‍മങ്ങള്‍ ചെയ്യാതെ സംന്യാസികള്‍ എന്നു നടിച്ച് നടക്കുന്നവരുണ്ട്. ഭക്ഷണത്തിനും ഉറക്കത്തിനും വേണ്ടി ഗൃഹങ്ങളില്‍ ചെല്ലുകയും ചെയ്യും. ഇത് ത്യാഗൗഭാസമാണ്. ഇത് കര്‍മത്യാഗമല്ല.

കാരണം ഇത്തരം ത്യാഗംകൊണ്ട് ചിത്തശുദ്ധിയോ ഭഗവത്തത്ത്വ ജ്ഞാനമോ ലഭിക്കുകയില്ല. പുണ്യപ്രദവും പാപപ്രദവുമായ കര്‍മം ചെയ്തുകൊണ്ടിരിക്കുകയാല്‍, കര്‍മസംന്ന്യാസം സംഭവിക്കുന്നുമില്ല.

ആരെയാണ് സന്ന്യാസി എന്നുവിളിക്കേണ്ടത്? 

അധ്യായം 18,  11-ാം ശ്ലോകം

യസ്തുകര്‍മഫല ത്യാഗീ- ഏതായാലും താമസമായ ത്യാഗം ചെയ്യുന്ന വ്യക്തിയെയും ത്യാഗി എന്ന് വിളിക്കാന്‍ പറ്റില്ല. യജ്ഞദാനം, തപസ്സ് എന്നു തുടങ്ങി മുന്‍പ് വിവരിച്ച വൈദികവും ആത്മീയവുമായ കര്‍മങ്ങള്‍ ചെയ്യുകയും അവയുടെ ഫലങ്ങള്‍ ഭഗവാനില്‍ ആരാധനയായി സമര്‍പ്പിക്കുകയും ചെയ്യുന്ന ത്യാഗിയാണ് സന്ന്യാസി എന്നുവിളിക്കപ്പെടാന്‍ യോഗ്യന്‍. നൈഷ്‌കര്‍മ്യഭാവം അറിയുന്ന പണ്ഡിതന്മാര്‍ ഈ ത്യാഗികളെയാണ് സര്‍വകര്‍മ സന്ന്യാസി എന്ന് പറയുന്നത്.

''സര്‍വകര്‍മാണി മനസാ''- എന്ന് മുന്‍പ് പറഞ്ഞ രീതിയില്‍ സര്‍വ്വകര്‍മങ്ങളും- വൈദികവും ലൗകികവും ആയ കര്‍മങ്ങള്‍, സുഖപ്രദവും അസുഖപ്രദവുമായ കര്‍മങ്ങള്‍''- ഭഗവാനില്‍ ആരാധനയാകും  വണ്ണം ചെയ്ത്, ഭഗവാനുമായി നിത്യവും ഇടവിടാതെ യോഗം ചെയ്തു നില്‍ക്കുന്ന വ്യക്തിയാണ് സര്‍വകര്‍മ സന്ന്യാസി എന്ന് താത്പര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.