നിത്യവും, സത്യവുമായ ആത്മാവിനെ അറിയാം

Monday 16 July 2018 1:04 am IST

ബൃഹദാരണ്യകോപനിഷത്ത്- 4

ഖിലകാണ്ഡമാണ് അടുത്തത്. 5, 6 അദ്ധ്യായങ്ങള്‍ ചേര്‍ന്നതാണിത്. മോക്ഷത്തിലേക്ക് നയിക്കുന്ന ഉപാസനകളാണ് ഇതില്‍ പറയുന്നത്. ആത്മജ്ഞാനം സംബന്ധിച്ച് ഏറെയൊന്നും ഇല്ല. നിരുപാധികവും സോപാധികവുമായ ബ്രഹ്മം ഒന്നാണെന്ന് ഒന്നാം ബ്രാഹ്മണത്തില്‍ പറയുന്നു.

 അദ്ധ്യാത്മ ജീവിതത്തിന് വേണ്ട മൂന്ന് പ്രധാന ഗുണങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു.

ദേവന്മാരും മനുഷ്യരും അസുരരും ഉപദേശം നേടാനായി പ്രജാപതിയുടെ അടുത്തെത്തുന്നു.

അദ്ദേഹം മൂന്ന് കൂട്ടര്‍ക്കും ദ എന്ന അക്ഷരം മാത്രം ഉപദേശിക്കുന്നു. അതിനെ മൂവരും മൂന്ന് വിധത്തിലാണ് മനസ്സിലാക്കിയത്.

 സുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുന്ന ദേവന്‍മാര്‍ ദ എന്നത് ദമം ആണെന്ന് കരുതി. ദമം എന്നാല്‍ ഇന്ദ്രിയ നിഗ്രഹം. വേണ്ട വിധത്തില്‍ ഇന്ദ്രിയങ്ങളെ അടക്കലാണ് തങ്ങള്‍ക്കുള്ള ഉപദേശമെന്ന് അവര്‍ വിചാരിച്ചു

 ആര്‍ക്കും കൊടുക്കാതെ എല്ലാം സ്വന്തമാക്കി വച്ചിരിക്കുന്ന മനുഷ്യര്‍ ദ എന്നാല്‍ ദാനം ആണെന്ന് കരുതി അത് ചെയ്യാന്‍ തീരുമാനിച്ചു.

 മറ്റുള്ളവരെ ദ്രോഹിക്കുന്ന അസുരര്‍ ദ എന്നത് ദയ എന്നാണെന്ന് വിചാരിച്ചു. സാധകര്‍ ദമം, ദാനം, ദയ എന്നീ മൂന്ന് ഗുണങ്ങളും പാലിക്കണം.

 3 ബ്രാഹ്മണം മുതല്‍ 13 വരെ വിവിധ ഉപാസനകളെ വിവരിക്കുന്നു. 14 ല്‍ ഗായത്രി ഉപാസനയാണ്. 15ല്‍ മരണമടുക്കുമ്പോള്‍ സൂര്യദേവനോടും അഗ്‌നിദേവനോടുമുള്ള പ്രാര്‍ഥനയാണ്.

ആറാം അധ്യായത്തില്‍ 5 ബ്രാഹ്മണങ്ങളാണുള്ളത്. ഒന്നാം ബ്രാഹ്മണത്തില്‍ പ്രാണന്റെ ശ്രേഷ്ഠതയെ വ്യക്തമാക്കുന്ന കഥയാണ്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ കലഹിച്ച്  ആരാണ് ശ്രേഷ്ഠന്‍ എന്നറിയാന്‍ പ്രജാപതിയെ സമീപിച്ചു. ആര് പോയാലാണോ ദേഹം നിലനില്‍ക്കാത്തത് ആ ഇന്ദ്രിയമാണ് ശ്രേഷ്ഠമെന്ന് അദ്ദേഹം പറഞ്ഞു.

ഇതു കേട്ട് ഓരോ ഇന്ദ്രിയവും ദേഹത്തില്‍ നിന്ന് പുറത്ത് പോയി. ശരീരത്തിന് ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ ഒടുക്കം പ്രാണന്‍ പുറത്ത് പോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.

പ്രാണന്റെ ശ്രേഷ്ഠതയെ അംഗീകരിച്ച ഇന്ദ്രിയങ്ങള്‍ അവയുടെ ഗുണങ്ങള്‍ കൂടി പ്രാണന് കാഴ്ചവെയ്ക്കുന്നു.

പാഞ്ചാലരാജാവായ പ്രവഹണനും ഗൗതമന്റെ മകനും ശ്വേതകേതുവും തമ്മിലുള്ള സംവാദമാണ് ആദ്യം. പിന്നീട് ഗൗതമന്‍ പ്രവഹണനില്‍ നിന്ന് പഞ്ചാഗ്‌നി വിദ്യയെ നേടുന്നു. പഞ്ചാഗ്‌നി വിദ്യ, ദേവയാനം, പിതൃയാനം, മരണാനന്തര ഗതി എന്നിവയെക്കുറിച്ചും വിശദമാക്കുന്നു.

കര്‍മം ചെയ്യാനും ധനം, ഐശ്വര്യം, മഹത്വം ഇവ നേടാനും ശ്രീമന്ഥം എന്ന കര്‍മത്തെ മൂന്നാം ബ്രാഹ്മണത്തില്‍ വിവരിക്കുന്നു. എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്നതും ഉണങ്ങിയ മരത്തില്‍ പോലും തളിരും ചില്ലകളും ഉണ്ടാക്കുന്നതുമാണ് ഈ കര്‍മം.

സത് പുത്രന്മാര്‍ ഉണ്ടാകാനുള്ള പുത്ര മന്ഥം എന്ന കര്‍മമാണ് നാലാം ബ്രാഹ്മണത്തില്‍.

 പിതൃക്കള്‍ക്ക് സദ്ഗതി കിട്ടാന്‍ സത് പുത്രന്മാരുണ്ടാകണം. മകന്‍ ഉണ്ടാകുന്നതിന് മുമ്പും പിമ്പും ചെയ്യേണ്ട കര്‍മങ്ങളേയും പറയുന്നു.

അഞ്ചാം ബ്രാഹ്മണത്തില്‍ വംശ പരമ്പരയെ വിവരിച്ചാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ബൃഹദാരണ്യം എന്നാല്‍ വലിയ കാട് എന്ന് പറയാം. പലതരത്തിലുള്ള വൃക്ഷങ്ങളുണ്ടാകും  കൊടുങ്കാട്ടില്‍. അത്‌പോലെയാണ് ഈ ഉപനിഷത്തിലെ ഉപാസനകളും ക്രിയകളും. ആരണ്യകമായതിനാല്‍ അത്രയൊന്നും പ്രധാനമല്ലാത്തതും ഇതില്‍ കണ്ടേക്കാം. കാട്ടില്‍ പാഴ്മരങ്ങളും ഉണ്ടാകും.

 അസത്യവും അനിത്യവുമായ ലോകത്തെ കാട്ടി നിത്യവും സത്യവുമായ ആത്മാവിനെ അറിയി ക്കുകയാണ് ഇവിടെ. കര്‍മത്തിലാസക്തമായ മനസ്സിനെ ജ്ഞാനത്തിന്റെ ഉന്നതങ്ങളിലേക്ക് നയിക്കുകയാണ് ബൃഹദാരണ്യകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.