പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കം. ക്ഷേത്രത്തില്‍ നടന്ന വള്ളസദ്യയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിര്‍വഹിച്ചു. തിരുവാറന്മുളയപ്പന്റെ ഇഷ്ടവഴിപാടായ വള്ളസദ്യകള്‍ ഒക്ടോബര്‍ രണ്ടുവരെ നടക്കും. വള്ളസദ്യ വഴിപാടുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന് പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ആറന്മുള വള്ളസദ്യനടത്തുന്നതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതോടൊപ്പം പേപ്പര്‍ ഗ്ലാസ്സുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും.
ചടങ്ങില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ മുഖ്യ അതിഥിയായിരുന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി അദ്ധ്യക്ഷനായി.
വള്ളസദ്യ വഴിപാട് സ്വീകരിക്കുവാന്‍ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തെ കടവില്‍ പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തജനങ്ങളും കൂടി സ്വീകരിച്ചു. ചടങ്ങില്‍ പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് ജി. സുരേഷ്, സെക്രട്ടറി പി.ആര്. രാധാകൃഷ്ണന്, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ജോ. സെക്രട്ടറി വി. വിശ്വനാഥപിള്ള, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: