പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് പക്ഷപാതം

Monday 16 July 2018 1:08 am IST

തിരുവനന്തപുരം: നിയമ ലംഘനങ്ങള്‍ പതിവാക്കിയ സംസ്ഥാന  പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്ക് വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് പക്ഷപാതത്തോടെയെന്ന് ആക്ഷേപം. ഇഷ്ടക്കാര്‍ക്ക് പഴുതടച്ച് സുരക്ഷ ഒരുക്കുമ്പോള്‍ രാഷ്ട്രീയപരമായി ഇഷ്ടമില്ലാത്തവര്‍ക്ക്  പ്രോട്ടോകോള്‍  സുരക്ഷയും തോന്നിയ പടിയാണ്.

  മെയ് 6ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ മടങ്ങുമ്പോള്‍ പന്തളം കുളനടയ്ക്ക് സമീപം ലെനിന്‍ എന്നയാള്‍ ഓടിച്ചിരുന്ന വാഗണര്‍ കാര്‍ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ഇടിച്ചു. ലെനിന്‍ മദ്യപിച്ച് വാഹനം ഓടിച്ചു എന്നാണ് പോലീസ് ഭാഷ്യം. കേന്ദ്രമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച്  സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട  പ്രോട്ടോകോള്‍  ഓഫീസര്‍ അത് കണ്ടില്ലെന്ന് നടിച്ചു.   

ജൂണ്‍ 5ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിനു ശേഷം  മലയിറങ്ങവെ  വൈദ്യുതി ബന്ധം തകരാറിലായി; വഴി വിളക്കുകള്‍ പൂര്‍ണമായും അണഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലെ  ടോര്‍ച്ച് തെളിച്ചാണ്  അദ്ദേഹം  മലയിറങ്ങിയത്. ശബരിമല പോലുള്ള പ്രദേശങ്ങളില്‍ വിവിഐപികള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പാലിക്കേണ്ട അതീവസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ഇതിലൂടെ വ്യക്തം.  പ്രോട്ടോകോള്‍ ഓഫീസര്‍ ഇതേക്കുറിച്ച് അന്വേഷിച്ചതുമില്ല. 

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പ്രോട്ടോക്കോള്‍ ഓഫീസര്‍ വഴിതെറ്റിച്ചു. ജൂലൈ 5ന് വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ജില്ലാ ടൂറിസം വകുപ്പ്  കുറുവാ ദ്വീപില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനുള്ള   യാത്രയ്ക്കിടെയായിരുന്നു സംഭവം. കിലോമീറ്ററുകളോളം മന്ത്രിയും അകമ്പടി വാഹനവും വഴി തെറ്റി വനത്തില്‍ അലഞ്ഞു. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ വാഹനം വഴിതെറ്റി എത്തിയത്. അര മണിക്കൂറിനു ശേഷമാണ് വഴി തെറ്റിയ  അകമ്പടി വാഹനവും തിരികെ എത്തിയത്. ഇത് സംബന്ധിച്ച്  യാതൊരു അന്വേഷണവും ഷൈന്‍ അബ്ദുള്‍ ഹക്ക് നടത്തിയില്ല. മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങിലുമുണ്ട് ഹക്കിന്റെ പക്ഷഭേദം. നേമം നിയോജകമണ്ഡലത്തിലെ ശാന്തിവിള ഗവണ്‍മെന്റ് ആശുപത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട എംഎല്‍എ ഒ.രാജഗോപാല്‍ വെറും ആശംസാ പ്രസംഗകന്‍ മാത്രമായി. പകരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനും. എംഎല്‍എ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. ഹക്കിന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമായിരുന്നു  പ്രോട്ടോകോള്‍ ലംഘനം നടത്തിയത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.