മലയാളത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം: ബാലഗോകുലം

Monday 16 July 2018 1:10 am IST

കോഴിക്കോട്: മലയാളത്തിന്റെ വിശുദ്ധി വീണ്ടെടുക്കണമെന്ന് കോഴിക്കോട്ട് നടന്ന ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 

മാതൃഭാഷയെ മലയാളികള്‍ തന്നെ അവഗണിക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിറങ്ങുന്ന കുട്ടികള്‍ക്ക് തെറ്റുകൂടാതെ വായിക്കാനോ എഴുതാനോ കഴിയാത്ത പഠനരീതിയാണ് പിന്തുടരുന്നത്. ഭാഷയ്ക്കനുസരിച്ച് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനുപകരം അക്ഷരത്തെയും സംഖ്യാലിപികളെയും വെട്ടിമാറ്റുന്ന പ്രവണത ഭാഷയെ തകര്‍ക്കുകയാണ്. പത്താംതരം വരെയുള്ള എല്ലാ പാഠ്യപദ്ധതികളിലും ഒന്നാം ഭാഷയായി മലയാളം നിര്‍ബന്ധമായും പഠിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ചെറുശ്ശേരി തുടങ്ങിയവരുടെ ശുദ്ധമലയാള ഭാഷാകൃതികള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തണം. നഷ്ടമായ തനത് മലയാള സംഖ്യാലിപികളെയും ഭാഷാലിപികളെയും പുനഃസ്ഥാപിക്കണം, അതിന് അനുസരിച്ചുള്ള സോഫ്റ്റ്‌വെയറുകള്‍ തയാറാക്കണം. മലയാള വ്യാകരണം, അലങ്കാരം, വൃത്തം, കഥ, കവിത, നാടകം, നിരൂപണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഭാഷാപഠനം ആവിഷ്‌കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിലെ എന്‍.എന്‍. കക്കാട് നഗറില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, സംഘടനാ സെക്രട്ടറി എ. മുരളീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.വി. പ്രജിത്ത് പ്രമേയം അവതരിപ്പിച്ചു. യു. പ്രഭാകരന്‍ പിന്താങ്ങി.  

ബാലഗോകുലത്തിന്റെ പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.  ഭാരവാഹികള്‍: എം.എ. കൃഷ്ണന്‍ (മാര്‍ഗദര്‍ശി), കെ.പി. ബാബുരാജന്‍ (അധ്യക്ഷന്‍), വി.ജെ. രാജ്‌മോഹന്‍ (ഉപാധ്യക്ഷന്‍), ആര്‍. പ്രസന്നകുമാര്‍ (പൊതുകാര്യദര്‍ശി), വി. ഹരികുമാര്‍, സി. അജിത്ത്, കെ. മോഹന്‍ദാസ്, കെ.എന്‍. അശോക്കുമാര്‍, കെ.എന്‍. സജികുമാര്‍, എന്‍.വി. പ്രജിത്ത്. പി. സ്മിത വത്സലന്‍, കെ.വി. കൃഷ്ണന്‍കുട്ടി. (കാര്യദര്‍ശിമാര്‍), എ. മുരളീകൃഷ്ണന്‍ (സംഘടനാ കാര്യദര്‍ശി), പി.കെ. വിജയരാഘവന്‍ (ഖജാന്‍ജി), ഡോ. ആശ ഗോപാലകൃഷ്ണന്‍ (ഭഗിനി പ്രമുഖ്), ആര്‍. സുധാകുമാരി (സഹഭഗിനി പ്രമുഖ്) എന്നിവരെയും സംസ്ഥാന നര്‍വ്വാഹക സിമിതി അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും തെരഞ്ഞെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.