ഡോ. കെ. ഓമനക്കുട്ടിക്ക് സംഗീത കലാചാര്യ അവാര്‍ഡ്

Monday 16 July 2018 1:12 am IST

തിരുവനന്തപുരം: സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ചെന്നൈ ആസ്ഥാനമായ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാചാര്യ അവാര്‍ഡ്. ജനുവരി ഒന്നിന് മദ്രാസ് മ്യൂസിക് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. 

പ്രമുഖ സംഗീതജ്ഞയും സംഗീത അദ്ധ്യാപികയുമായ ഡോ. കെ. ഓമനക്കുട്ടി തിരുവനന്തപുരത്തെ സംഗീത ഭാരതിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ്. കേരള യൂണിവേഴ്‌സിറ്റി സംഗീത വിഭാഗം മേധാവിയായിരുന്നു. ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ടോപ് ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 

കര്‍ണാടക സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും സംഗീതാധ്യാപിക കമലാക്ഷിയമ്മാളുടെയും മകളാണ്. ബിരുദ പഠനത്തിനു ശേഷം അന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമി പ്രിന്‍സിപ്പലായിരുന്ന ശെമ്മാങ്കുടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സംഗീത പഠനത്തിനു ചേര്‍ന്നു. ശെമ്മാങ്കുടിയും ജിഎന്‍ബിയുമടക്കം നിരവധി മഹാരഥന്മാരുടെ മുന്നില്‍ സംഗീതാഭ്യസനം നടത്തി. ആള്‍ ഇന്ത്യാ റേഡിയോയില്‍ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ താത്കാലിക സംഗീത അധ്യാപികയായി. 

  കഥകളി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1997-ല്‍ സംഗീതഭാരതി എന്ന സ്ഥാപനം ആരംഭിച്ചു. കെ.എസ്. ചിത്രയടക്കം നിരവധി പ്രമുഖര്‍ ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു. സ്വാതി കൃതികളുടെ സമാഹരണം സിഡിയായി പുറത്തിറക്കിയിട്ടുണ്ട്. സംഗീതജ്ഞനായിരുന്ന എം.ജി. രാധാകൃഷ്ണന്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കമലാലക്ഷ്മിയാണ് ഏക മകള്‍. ഈയിടെ അന്തരിച്ച സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ മരുമകനാണ്. ഗായകനായ ഹരിശങ്കര്‍, രവിശങ്കര്‍ എന്നിവര്‍ ചെറുമക്കളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.