ഹമീദ് അന്‍സാരിയുടെ ദുഃഖം

Monday 16 July 2018 1:14 am IST
'ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആശങ്കയിലാണ്, അവര്‍ സുരക്ഷിതരല്ല’എന്നതായിരുന്നു അതിലെ പ്രധാന പരാമര്‍ശം. പത്ത് വര്‍ഷം രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദം വഹിച്ച ഒരാള്‍ കസേരവിട്ട് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് അല്‍പ്പത്തമായി എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ?.

മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരി വലിയൊരു വിവാദത്തിന് തിരികൊളുത്തിക്കൊണ്ടാണ് അധികാരമൊഴിഞ്ഞത്. ഇപ്പോഴിതാ തന്റെ പുസ്‌കതത്തിലൂടെ പുതിയ വിവാദവുമായി എത്തിയിരിക്കുന്നു. തന്റെ യാത്രയയപ്പില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം മര്യാദയായില്ലെന്നും കീഴ്‌വഴക്കത്തിന്റെ ലംഘനമായിരുന്നു എന്നുമാണ് ആക്ഷേപം. റിട്ടയേര്‍ഡ് ജീവിതത്തില്‍ പുസ്തകമെഴുതുന്നത് പലരുടെയും ഹോബി ആണ്. അത് വിറ്റുപോകണമെങ്കില്‍ എന്തെങ്കിലും വിവാദമുണ്ടാക്കിയേ തീരൂ; പ്രധാനമന്ത്രിക്കെതിരെയാണ് ആക്ഷേപമെങ്കില്‍ കൂടുതല്‍ ശ്രദ്ധകിട്ടുമെന്ന് അന്‍സാരി കരുതിയെങ്കില്‍ അതിശയിക്കാനില്ല. 

അത്രയ്ക്ക് വിലയേ ആ പരാമര്‍ശങ്ങള്‍ക്കുള്ളൂ. പക്ഷെ അത് അന്‍സാരിയെ വീണ്ടും നമ്മുടെയൊക്കെ മനസിലേക്ക് എഴുന്നള്ളിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ചെയ്തികള്‍ ഒക്കെ വിശകലനം ചെയ്യാനുള്ള ഒരു അവസരമായി അത് മാറുന്നത് അതുകൊണ്ടുകൂടിയാണ്. 

ഹമീദ് അന്‍സാരിക്ക് വിടചൊല്ലിക്കൊണ്ട് പ്രധാനമന്ത്രി എന്താണു പറഞ്ഞത് എന്നതാണല്ലോ സ്വാഭാവികമായും പരിശോധിക്കേണ്ടത്. ഇവിടെ ഒരുകാര്യം മനസ്സില്‍ കരുതി വെയ്ക്കുമ്പോഴേ മോദിയുടെ പ്രസംഗത്തിന്റെ പ്രാധാന്യം വ്യക്തമാവൂ. വിടവാങ്ങലിന് തൊട്ടു മുന്‍പ് കരണ്‍ താപ്പര്‍ക്ക് ഹമീദ് അന്‍സാരി ഒരു അഭിമുഖം നല്‍കിയിരുന്നു. 'ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആശങ്കയിലാണ്, അവര്‍ സുരക്ഷിതരല്ല’എന്നതായിരുന്നു അതിലെ പ്രധാന പരാമര്‍ശം. പത്ത് വര്‍ഷം രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദം വഹിച്ച ഒരാള്‍ കസേരവിട്ട് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് അല്‍പ്പത്തമായി എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ?.  

ഇനി പ്രധാനമന്ത്രിയുടെ പ്രസംഗത്തിലേക്ക് വരാം. ആകെ ആറോ ഏഴോ  മിനിറ്റോളമാണ് അദ്ദേഹം സംസാരിച്ചത്. അന്‍സാരിയുടെ കുടുംബത്തിന് കോണ്‍ഗ്രസുമായി ദീര്‍ഘകാലമായുണ്ടായിരുന്ന ബന്ധം സൂചിപ്പിച്ചു. ഒരു നല്ല കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം എന്നത് രാജ്യം അറിയട്ടെ എന്ന് മോദി കരുതിയിരിക്കാം. ഖിലാഫത് പ്രസ്ഥാനവുമായി ആ കുടുംബത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചാണ് മറ്റൊന്ന്. 

ഖിലാഫത്ത് പ്രസ്ഥാനത്തിന് പല ന്യായീകരണങ്ങളും വിശദീകരണങ്ങളും ഉണ്ടാവും. പക്ഷെ  മലയാളികള്‍ക്ക് അത് 'മാപ്പിള ലഹള'യായിരുന്നുവല്ലോ. അതുകഴിഞ്ഞ് മോദി പരാമര്‍ശിച്ചത് ഉപരാഷ്ട്രപതി എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായ വിമ്മിഷ്ടങ്ങളാണ്....'ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തേണ്ടിവന്ന പത്ത് വര്‍ഷത്തെക്കുറിച്ച്; അക്കാലത്ത് പലപ്പോഴും ആന്തരിക സംഘര്‍ഷമുണ്ടായിട്ടുണ്ടാവണം. എന്നാല്‍ ഇന്നുമുതല്‍ അങ്ങേക്ക് അങ്ങയുടെ അടിസ്ഥാന വിശ്വാസത്തിനും ചിന്തയ്ക്കും അനുസൃതമായി സംസാരിക്കാനാവുമെന്ന് കരുതുന്നു...'നോക്കൂ, നേരത്തെ അന്‍സാരി  നടത്തിയ 'മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലാതായി' എന്ന പരാമര്‍ശം അവിടെ തീര്‍ച്ചയായും മോദി മനസ്സില്‍ കരുതിയിരിക്കണം. മുസ്ലിങ്ങളുടെ വക്താവായി ഇനി എന്തും പറയാമല്ലോ എന്ന ധ്വനി അവിടെയുണ്ടായി എന്ന് ഹമീദ് അന്‍സാരിക്ക് തോന്നിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. പക്ഷെ, അതൊന്നും മോദി പറഞ്ഞിട്ടില്ലതാനും. 

പ്രധാനമന്ത്രിയുടെ ചെറു പ്രസംഗം കേട്ടതോടെ, യഥാര്‍ഥത്തില്‍, സ്വന്തം മനസ്സില്‍ കുറെ കുറ്റബോധം കെട്ടി നിറച്ചുകൊണ്ടാണ് അന്‍സാരി രാജ്യസഭയുടെ പടിയിറങ്ങിയത് എന്ന് വ്യക്തം.   

ഉപരാഷ്ട്രപതി മാത്രമായിരുന്നില്ല ഹമീദ് അന്‍സാരി. ദീര്‍ഘനാള്‍ അദ്ദേഹം വിദേശകാര്യ സര്‍വീസിലുണ്ടായിരുന്നു. അനവധി ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനപതി, യുഎന്നിലെ സ്ഥിരം പ്രതിനിധി, പിന്നീട് അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍. അത്തരമൊരാള്‍ക്ക് ലോകത്ത് നടക്കുന്നതൊക്കെ, പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളിലേത്, അറിയാത്തതല്ല. മുസ്ലിം ആണെന്ന് പറഞ്ഞാല്‍ അഭയാര്‍ഥികളായി പോലും സ്വീകരിക്കാത്ത അവസ്ഥ പലയിടത്തുമുണ്ട്. 

അതേസമയം ഇവിടെ ഭൂരിപക്ഷ ജനതയേക്കാള്‍ സംരക്ഷണവും പരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നു. അത് അദ്ദേഹം മറക്കാമായിരുന്നോ?. അദ്ദേഹം അടിസ്ഥാനപരമായി ഒരു ഇസ്ലാമായിരുന്നു...അത് അലിഗഢില്‍ കൂടുതല്‍ പ്രകടമാവുകയും ചെയ്തിരിക്കണം. ജിന്നയുടെ ഫോട്ടോ സംബന്ധിച്ച് ഈയിടെ ഉയര്‍ന്ന വിവാദത്തില്‍ അദ്ദേഹവും പരാമര്‍ശിക്കപ്പെട്ടത് ഓര്‍മ്മിക്കുക. അത്തരമൊരാള്‍ അവിടെ ഭരണം കയ്യാളിയിട്ടും പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറായിരുന്നില്ല എന്നതും പ്രധാനമാണ്. 

  അതുകൊണ്ട്  മാത്രമല്ല അന്‍സാരി സാഹിബിനെ ഒരു മതത്തിന്റെ വക്താവ് മാത്രമായി രാജ്യത്തിന് കാണേണ്ടിവരുന്നത്. ആദ്യ അന്താരാഷ്ട്ര യോഗ ദിനത്തില്‍ യു.എന്നില്‍ ഉള്‍പ്പെട്ട 193 രാജ്യങ്ങളില്‍ യെമന്‍ ഒഴികെയുള്ളിടത്ത് യോഗാഭ്യാസവും പൊതു പരിപാടികളും നടന്നു. 44 ഇസ്ലാമിക രാജ്യങ്ങളില്‍ ചടങ്ങുകള്‍ നടന്നു. നരേന്ദ്ര മോദിയല്ല യോഗ ദിനമാചരിക്കാന്‍ തീരുമാനിച്ചത്; ഐക്യരാഷ്ട്ര സഭയാണ്.  ഇന്ത്യ ലോകത്തിന് നല്‍കിയ വലിയ സംഭവനയായാണ് യോഗ വിശേഷിപ്പിക്കപ്പെട്ടത്. 

ദല്‍ഹിയില്‍ രാജ്പഥിലെ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമൊക്കെ അവിടെയുണ്ടായിരുന്നു. പ്രണാബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ പ്രത്യേകം ചടങ്ങു സംഘടിപ്പിച്ചു. പക്ഷെ നമ്മുടെ ഉപരാഷ്ട്രപതി ആ വഴിയേ പോയില്ല. യോഗാദിനാചരണത്തെ എതിര്‍ത്തത് മുസ്ലിം ലീഗാണ്. പിന്നെ ഒവൈസി സംഘം. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങള്‍. ഇതില്‍നിന്നൊക്കെ എന്താണ് വായിച്ചെടുക്കേണ്ടത്? 

മറ്റൊന്ന്, 2015ലെ റിപ്പബ്ലിക് ദിനത്തിലുണ്ടായ വലിയ വീഴ്ചയാണ്. അന്ന് പരേഡ് നടക്കുന്ന രാജ്പഥില്‍ ദേശീയപതാക ഉയര്‍ത്തി ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാന്‍ അദ്ദേഹം  മറന്നു പോയി. 2017 സെപ്റ്റംബറില്‍ കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ അന്‍സാരി പങ്കെടുത്തു. ഇന്നത്തെ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച്  കൂടുതല്‍  വിശദീകരിക്കേണ്ടതില്ലല്ലോ. 

കോഴിക്കോട് സര്‍വകലാശാലയില്‍ വച്ച് ഈ പരിപാടി നടത്താനായിരുന്നു പദ്ധതി. എതിര്‍പ്പുയര്‍ന്നപ്പോള്‍  സര്‍വകലാശാല അനുമതി നിഷേധിച്ചു. അത് എന്തുകൊണ്ടാണ് എന്നെങ്കിലും ഈ മുന്‍ ഉപരാഷ്ട്രപതി അന്വേഷിച്ചിരുന്നുവെങ്കില്‍ അവിടേക്ക് ചെല്ലുമായിരുന്നോ?. പോപ്പുലര്‍ ഫ്രണ്ടുമായി വേദി പങ്കിടാന്‍ വെമ്പല്‍കൊള്ളുന്ന അദ്ദേഹം യോഗാദിനം ബഹിഷ്‌കരിച്ചതില്‍ അതിശയമുണ്ടോ? ഏറ്റവുമൊടുവില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നാട്ടിലെങ്ങും ശരിയത്ത് കോടതികള്‍ സ്ഥാപിക്കാനിറങ്ങിയപ്പോള്‍ അതിനെ ന്യായീകരിക്കാനും തയ്യാറായി. 

ശരിയത്ത് കോടതികള്‍ ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് 2014 ല്‍ സുപ്രീംകോടതി വ്യക്തമാക്കിയത് പോലും അദ്ദേഹത്തിന് പ്രശ്‌നമല്ല. ഇത്തരക്കാരെ മതമൗലിക വാദി എന്നൊക്കെ ആരെങ്കിലും വിളിച്ചാല്‍ അതിശയിക്കാനുണ്ടോ? 

രാജ്യസഭാ ചെയര്‍മാന്‍ എന്ന നിലയ്ക്ക് അദ്ദേഹം സ്വതന്ത്രമായും നിഷ്പക്ഷവുമായാണോ പ്രവര്‍ത്തിച്ചത്? അല്ല എന്ന് ബോധ്യപ്പെടാന്‍ 2011 ഡിസംബര്‍ 30ന് അര്‍ദ്ധരാത്രി ജന്‍ ലോകപാല്‍ ബില്‍ വോട്ടിനിടാന്‍ തയ്യാറായപ്പോള്‍ സഭ നിര്‍ത്തിവെച്ച് ഇറങ്ങിപ്പോയത് മാത്രം പോരെ? വോട്ടിങ് നടന്നാല്‍ സര്‍ക്കാര്‍ തോല്‍ക്കുമായിരുന്നു. ഇങ്ങനെവേറൊന്നു രാജ്യസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടേയില്ല.  

അതുകൊണ്ട് ഇന്നിപ്പോള്‍ നരേന്ദ്ര മോദി രാജ്യസഭയില്‍ അന്ന് നടത്തിയ 'അനുമോദന പ്രസംഗ'ത്തില്‍ അന്‍സാരിക്ക് അത്രയ്ക്ക് രോഷമോ വേദനയോ തോന്നേണ്ടതുണ്ടോ?. പ്രധാനമന്ത്രി എന്തെങ്കിലും സൂചിപ്പിച്ചുവെങ്കില്‍ത്തന്നെ വിഷമിക്കേണ്ടതുണ്ടോ? അതിനുതക്ക യശസ്സ് അദ്ദേഹത്തിനുണ്ടോ... ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല; രാജ്യം അത് വിലയിരുത്തിക്കഴിഞ്ഞിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.