'അതെ, ചിലര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്'

Monday 16 July 2018 1:15 am IST
നരേന്ദ്രമോദിയുടെ ഭരണത്തില്‍ ചിലര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവര്‍ അനുഭവിച്ചുപോന്ന പലതും ഇല്ലാതാകുന്നുവെന്ന ആശങ്കയുണ്ട്. അവരില്‍ രാഷ്ട്രീയക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്, സ്ഥാപനങ്ങളുണ്ട്, പക്ഷേ സാധാരണ ജനങ്ങള്‍ മോദി സര്‍ക്കാരില്‍ തൃപ്തരാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് പറയുന്നു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്, മോദി സര്‍ക്കാരിന്റെ നാലുവര്‍ഷം, ക്രമസമാധാന പ്രശ്‌നങ്ങള്‍, വകുപ്പിന്റെ പ്രവര്‍ത്തനം, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ജന്മഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പ്രതികരിച്ചു.

ബിജെപിക്ക് ആശങ്കയില്ല, ആത്മ വിശ്വാസം വേണ്ടത്രയുണ്ട് താനും, ഉറച്ച കാല്‍വെയ്പ്പുകളോടെ ജന വിശ്വാസം ആര്‍ജ്ജിച്ചാണ് മുന്നോട്ട് പോകുന്നത്.  അടുത്തു നടക്കാന്‍ പോകുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയമുറപ്പാണ്. വിജയിക്കണമെന്ന ആഗ്രഹത്തില്‍ മാത്രം പറയുന്നതല്ല. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ റാലി എന്റെ മണ്ഡലത്തിലായിരുന്നു. രണ്ടര ലക്ഷം പേര്‍ പങ്കെടുത്തത്തില്‍ പത്തുശതമാനത്തില്‍ താഴെ മാത്രമായിരുന്നു സംഘടനാ പ്രവര്‍ത്തകര്‍. ബാക്കി കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി നേരിട്ട് ആനുകൂല്യം കിട്ടിയവരാണ്. അവര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ സേവനം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 

 രാജ്യത്ത് സര്‍ക്കാര്‍ േസവനം ജനങ്ങളിലെത്രത്തോളം എങ്ങനെയെത്തി എന്ന് തിരിച്ചറിയുന്നത് എന്റെ മണ്ഡലത്തില്‍ നടപ്പായത് മാനദണ്ഡമാക്കിയാണ്. 14 ലക്ഷം വോട്ടര്‍മാരുണ്ട് മണ്ഡലത്തില്‍.  ഒന്നര ലക്ഷം പേര്‍ 'ഉജ്വല' പദ്ധതി പ്രകാരം പാചകവാതക കണക്ഷന്‍ ലഭിച്ചവരാണ്. അത് വോട്ടായി കണക്കാക്കുക, അഞ്ച് അല്ലെങ്കില്‍ നാലിരട്ടിയാണ്. അതു മുഴുവന്‍ ലഭിച്ചില്ലെങ്കിലും, ആകെ വോട്ടിന്റെ പത്തിലൊന്നുവരും. ഇതുപോലെ 91 മന്ത്രാലയങ്ങളുടെ 453 പദ്ധതികളുടെ നേട്ടം  ഓരോരോ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് കിട്ടുകയാണ്. പുറമേയാണ് സബ്‌സിഡിയും മറ്റും. കണക്കു നോക്കിയാല്‍ 60 %  വോട്ടര്‍മാര്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നേരിട്ട് അനുഭവിച്ചവരാണ്. 

നരേന്ദ്രമോദി ജനങ്ങള്‍ക്ക് വികാരമാണ്. അവര്‍ക്ക് മോദിയോടുള്ള അടുപ്പവും സ്‌നേഹ വികാരവും കൂടിയിട്ടേയുള്ളു. ചിലര്‍ പ്രചരിപ്പിക്കുംപോലെയല്ല കാര്യങ്ങള്‍.

സംസ്ഥാന സര്‍ക്കാരോ? 

മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഭരണത്തില്‍ രാജസ്ഥാന്‍ വികസനക്കുതിപ്പിലാണ്. ചില ഉദാഹരണം: സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തിലും ഒരു സ്‌കൂളെങ്കിലും ഉയര്‍ത്തി പ്ലസ് ടു വരെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. നടപ്പാക്കി. എല്ലാ പഞ്ചായത്തിലും  പ്ലസ് ടു സ്‌കൂളായി. വിദ്യാഭ്യാസരംഗത്ത് വന്‍ മാറ്റമാണുണ്ടായത്.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടി. അവര്‍ക്ക് പഠന ആനുകൂല്യങ്ങള്‍ കൂട്ടി.  എന്റെ മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 118 സ്‌കൂളുകളാണ് ഉയര്‍ത്തിയത്. 

 ഗ്രാമപാതകള്‍ മണ്ണും ചെളിയും കുഴഞ്ഞ് സഞ്ചാരയോഗ്യമല്ലായിരുന്നു. ശരിയായ അഴുക്കുചാലുകള്‍ ഇല്ലായിരുന്നു. എല്ലാ പഞ്ചായത്ത് ആസ്ഥാനത്തും കോണ്‍ക്രീറ്റ് റോഡുകള്‍ എന്ന പദ്ധതി നടപ്പാക്കി. 'ഗൗരവ് പഥ്' എന്ന പേരിലുള്ള റോഡുകള്‍  സര്‍ക്കാരിന്റെ നേട്ടത്തിന്റെ മുദ്രയാണ്. സര്‍ക്കാര്‍- സ്വകാര്യ ജോലിക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കി. ഈ സംവിധാനപ്രകാരം ഒരു ജീവനക്കാരന് വര്‍ഷം ചികിത്സാ സഹായമുള്‍പ്പെടെ 30,000 രൂപവരെ സര്‍ക്കാരില്‍നിന്ന് കിട്ടുന്നു. ഇങ്ങനെ മുഖ്യമന്ത്രി സംസ്ഥാനത്തും പ്രധാനമന്ത്രി ദേശീയതലത്തിലും നടത്തുന്ന ജനക്ഷേമ പരിപാടികളിലൂടെ ജനവികാരം ബിജെപിക്ക് അനുകൂലമാകും. 

പ്രതിപക്ഷമോ?

പ്രതിപക്ഷം ആശയക്കുഴപ്പത്തിലാണ്. ബിജെപിക്ക് പുതിയ പാര്‍ട്ടി അധ്യക്ഷന്‍ വന്നു. ആരും പ്രതീക്ഷിക്കാത്തയാള്‍. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വന്ന വികാരം, ഈ പാര്‍ട്ടിയില്‍ ശരിയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്നായി. ബിജെപി തെരഞ്ഞെടുപ്പിന് സുസജ്ജമായി. 

പ്രതിപക്ഷത്ത്, പാര്‍ട്ടി ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയെന്നകാര്യത്തില്‍ മുതല്‍ തര്‍ക്കമാണ്. സച്ചിന്‍ പൈലറ്റ് സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മേല്‍ക്കോയ്മയ്ക്ക് ശ്രമിക്കുന്നു. പാര്‍ട്ടി ദേശീയ നേതൃത്വത്തെ പരിശീലിപ്പിക്കാന്‍ അയച്ച അശോക് ഗെഹ്‌ലോട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെട്ടുകളിക്കുന്നു. മുന്‍ മന്ത്രി പി.സി. ജോഷിയും മുഖ്യമന്ത്രിയാകാന്‍ രംഗത്തുണ്ട്. പക്ഷേ, സംസ്ഥാനത്ത് പാര്‍ട്ടി മാത്രമില്ല. കോണ്‍ഗ്രസ് യോഗങ്ങളില്‍ ഗ്രൂപ്പുതിരിഞ്ഞ് അടിയാണ്. ബിജെപി-കോണ്‍ഗ്രസ് നേരിട്ടുള്ള മത്സരം നടക്കുന്ന ഇവിടെ ബിജെപിക്ക് വിജയം അങ്ങനെയും എളുപ്പമാണ്.

ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നില്ലേ ?

രണ്ട് ലോക്‌സഭാ സീറ്റിലും ഒരു നിയമസഭാ സീറ്റിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇവിടെയെല്ലാംകൂടിയുള്ള 17 നിയമസഭാ സീറ്റ് ബിജെപിക്ക് നഷ്ടമാകുമെന്നാണ്  പ്രചാരണം. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല. ഒന്നുമാത്രം പറയാം, യഥാര്‍ഥ മത്സരത്തിനു മുമ്പുള്ള ഷോ മാച്ചില്‍ മികച്ച ടീം നല്ലകളി കളിക്കാറില്ല. 

ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നത്?

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയല്ല, പ്രധാനമന്ത്രി അങ്ങനെയൊരാശയം മുന്നോട്ടുവയ്ക്കുകയായിരുന്നു. അത് ആഗ്രഹിച്ച പ്രകാരം ചര്‍ച്ചയായി. ഏതു സമയത്തും ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് എന്നത് വികസനകാര്യങ്ങള്‍ തടസപ്പെടുത്തുന്നുവെന്നകാര്യം ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നു. 

പൊതു തെരഞ്ഞെടുപ്പ് വരികയാണല്ലോ?

രണ്ടാം യുപിഎയുടെ നാലാം വര്‍ഷം ഭരണം നഷ്ടപ്പെടുത്താന്‍ മതിയായ തോതില്‍ അഴിമതികള്‍ ഉണ്ടായിരുന്നു.  ഇന്നുപക്ഷേ, നാലാം വര്‍ഷം പിന്നിടുന്ന ഈ സര്‍ക്കാരിനെക്കുറിച്ച് ആരോപണങ്ങളില്ല. ഒന്നോ രണ്ടോ ദിവസം നില്‍ക്കുന്ന തെളിവില്ലാത്ത ആക്ഷേപങ്ങള്‍ മാത്രമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ പോലും രണ്ടു ദിവസംകഴിഞ്ഞാല്‍ മറക്കും. 

പക്ഷേ, ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതും നാടെങ്ങും അക്രമങ്ങള്‍ എന്ന പ്രചാരണം നടത്തുന്നതും ചിലരുടെ നിലനില്‍പ്പിന് ആവശ്യമാണ്. തോല്‍വി ഉറപ്പായവര്‍ക്ക് ജനങ്ങളില്‍ ഇത്തരം ഭയം ഉണ്ടാക്കിയാലേ പിടിച്ചു നില്‍ക്കാനാവൂ. 

അക്രമം ആരു നടത്തിയാലും രാഷ്ട്രീയം നോക്കാതെ അപലപിക്കണം. അതിനെ ന്യായീകരിക്കരുത്. കുറ്റക്കാര്‍ക്കെതിരേ നിയമനടപടിയെടുക്കണം. അതാണ് നിലപാട്.

പ്രധാനമന്ത്രി സൂപ്പര്‍മാനും ദൈവവുമല്ല. ഫെഡറല്‍  സംവിധാനത്തില്‍ ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ഭരണകൂടത്തിനുമാണ്. അവര്‍ വേണം പ്രവര്‍ത്തിക്കാന്‍. എല്ലാക്കാര്യത്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. 

കേന്ദ്രമന്ത്രി ഝാര്‍ഖണ്ഡിലെ കുറ്റവാളികള്‍ക്ക് മാലയിട്ടത്?

മന്ത്രി അത് തിരുത്തി. പക്ഷേ, മേല്‍ക്കോടതികള്‍ കുറ്റവാളിയെന്നു വിധിക്കുംവരെ, അവര്‍ സ്വന്തം മണ്ഡലത്തിലെ ആളുകളാകുമ്പോള്‍,  കുടുംബാംങ്ങളെപ്പോലെ കാണേണ്ടതില്ലേ. സിനിമാതാരമായ മകന്‍ സഞ്ജയ് ദത്ത് ഭീകരവിരുദ്ധ (ടാഡാ) നിയമപ്രകാരം ജയിലിലായപ്പോള്‍ അന്ന് കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്ര മന്ത്രിയായിരുന്ന അച്ഛന്‍ സുനില്‍ ദത്ത് കാണാന്‍ പോയില്ലേ? 

സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാന്‍  മന്ത്രാലയത്തിന്റെ പദ്ധതികള്‍?

സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നു. അതിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണം. അവരുടെ അവകാശങ്ങളും അര്‍ഹതകളും അവരെ അറിയിക്കണം. ഇതിനാവശ്യമായ പ്രചാരണം കൊടുക്കണം. സാധ്യമായതെല്ലാം ചെയ്യും. 

സര്‍ക്കാര്‍ പറയുകമാത്രമല്ല, കേള്‍ക്കുകയും ചെയ്യുന്നു. 2016 ബജറ്റ് കഴിഞ്ഞപ്പോള്‍ 70 മന്ത്രിമാര്‍ ഒരാള്‍ രണ്ടു മണ്ഡലം വീതം തിരഞ്ഞെടുത്ത് സന്ദര്‍ശിച്ച് സര്‍ക്കാര്‍ ചെയ്തതും അതിനോടുള്ള ജനങ്ങളുടെ പ്രതികരണവും നേരിട്ടറിഞ്ഞു. മന്ത്രിമാര്‍ വാര്‍ഷികാഘോഷ വേളകളില്‍ കഴിഞ്ഞ നാലുവര്‍ഷമായി ജനങ്ങളുമായി സമ്പര്‍ക്കം നടത്തുകയാണ് ചെയ്യുന്നത്. ആഗസ്ത് 15ന് മന്ത്രിമാര്‍ നടത്തുന്ന 'തിരംഗ യാത്ര' ഇത്തരത്തില്‍ പ്രചാരണമാണ്. ജന സമ്പര്‍ക്കം, 'ഗ്രാം സ്വരാജ് യാത്ര'കള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ സേവനങ്ങളുടെ പ്രചാരണമാണ്. 

ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം. മുമ്പൊക്കെ എല്ലാ വേനല്‍ക്കാലത്തും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ലണ്ടനിലോ യൂറോപ്പിലോ ഒക്കെ സുഖവാസത്തിനു പോകുക പതിവായിരുന്നു. നാലുവര്‍ഷമായി, കടുത്ത ചൂടുകാലത്തും മന്ത്രിമാര്‍ അവരവരുടെ മണ്ഡലത്തിലോ ഏതെങ്കിലും ഗ്രാമത്തിലോ  സഞ്ചരിക്കുകയായിരിക്കും. പ്രധാനമന്ത്രി നടത്തുന്ന വിദേശയാത്രകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അദ്ദേഹം രാത്രിയില്‍ ഏതെങ്കിലും രാജ്യത്ത് തങ്ങുന്നതിനുപകരം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയാണ് പതിവ്. അദ്ദേഹത്തിന്റെ റഷ്യ-അഫ്ഗാന്‍ സന്ദര്‍ശനം നാലു ദിവസത്തെ പരിപാടിയായിരുന്നു. രാത്രിയില്‍ യാത്ര ചെയ്തു. പകല്‍ പരിപാടികളിലും കൂടിയാലോചനകളിലും പങ്കുചേര്‍ന്നു. ഏതെങ്കിലും പ്രധാനമന്ത്രി ഇതിനുമുമ്പ് ഇദ്ദേഹം ചെയ്തതിന്റെ അഞ്ചിലൊന്ന് ചെയ്തിട്ടുണ്ടോ?

ഇതെല്ലാം പലര്‍ക്കും  അസൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, സ്ഥാപന തലവന്മാര്‍ക്ക്, ചിലവിഭാഗങ്ങളെക്കുറിച്ച് പറയുന്നില്ല. കാരണം, ''ഇവിടെ ഒന്നും ശരിയാകില്ല, ഇങ്ങനെയൊക്കെയേ പറ്റൂ,'' എന്നു പറഞ്ഞിരുന്നവര്‍ക്കു മുമ്പില്‍, അല്ല, ശരിയാകും, ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നു കാണിച്ചുകൊടുത്തിരിക്കുകയാണ്. പുതിയ സംവിധാനം രൂപപ്പെടുകയാണ്.

പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന പരാതികളെക്കുറിച്ച്? 

ആരു പറഞ്ഞു കാണുന്നില്ലെന്ന്? ഇക്കാലത്തിനിടെ 150 മാധ്യമങ്ങളെയെങ്കിലും പ്രധാനമന്ത്രി കണ്ടു, ചര്‍ച്ച നടത്തി. വരുംനാളുകളില്‍ അതിന്റെ പത്തിരട്ടിയാളുകളെയെങ്കിലും കാണും. പത്രസമ്മേളനം വിൡക്കുന്നില്ലെന്ന ആക്ഷേപത്തില്‍ കാര്യമില്ല, എത്ര മന്ത്രിമാര്‍ പത്രസമ്മേളനം എത്രയെണ്ണം വിളിച്ചിട്ടുണ്ട്? 

പ്രധാനമന്ത്രി നര്രേന്ദ മോദിയെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ ഏറെ പ്രചരിപ്പിക്കുന്നുണ്ട്. അതിന് അവര്‍ക്ക് ചില താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം; കാരണവും. പക്ഷേ, പ്രധാനമന്ത്രി മറ്റുമന്ത്രിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന ആക്ഷേപം ശരിയല്ല. ഞാന്‍ ഏറ്റവും ഇളയ മന്ത്രിയാണ്. പക്ഷേ, എന്റെ വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എനിക്ക് അധികാരവും സ്വാതന്ത്ര്യവുമുണ്ട്. പ്രധാനമന്ത്രിക്കുമുന്നില്‍ ഞാന്‍ വച്ച നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ഇതാണ് എല്ലാ മന്ത്രിമാരുടെയും കാര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.