ഹിന്ദു പാക്കിസ്ഥാനും മുസ്ലിം കോണ്‍ഗ്രസും

Monday 16 July 2018 1:17 am IST
മുംബൈയിലെ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് തരൂര്‍ ഇസ്രയേല്‍ പത്രത്തില്‍ എഴുതിയ ലേഖനവും വിവാദമായി. ഇന്ത്യ ഇസ്രയേലിനെക്കണ്ട് അസൂയപ്പെടുന്നു എന്ന പരാമര്‍ശം പാലസ്തീന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമെന്നായിരുന്നു വിലയിരുത്തല്‍. പ്രധാനമന്ത്രിക്കൊപ്പം സൗദിഅറേബ്യ സന്ദര്‍ശിച്ചപ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ സൗദി ഇടപെടണമെന്ന് തരൂര്‍ സൗദി രാജാവിനോട് ആവശ്യപ്പെട്ടതും അപക്വ നടപടിയായിരുന്നു.

ശശിതരൂര്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ആളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭാര്യ മരിക്കാന്‍ കാരണക്കാരനെന്ന നിലയില്‍ കേസില്‍ കുടുങ്ങി കിടക്കുകയാണെങ്കിലും ആളൊരു ജഗജില്ലിയാണ്. ഐക്യരാഷ്ട്രസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തുനിഞ്ഞിറങ്ങിയത് ഉള്‍പ്പെടെ പലകാര്യങ്ങളിലും തരൂര്‍ മിടുക്കനാണെന്ന് പറയിപ്പിച്ചിട്ടുണ്ട്. ധാരാളം വായിക്കുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആദര്‍ശമോ നിലപാടോ ദേശസ്‌നേഹമോ ഇല്ലാത്ത ആളാണ് താനെന്ന് ഇടയ്ക്കിടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ദേശീയഗാനം പാടുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈകള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കണമെന്ന് പറയുകയും അപ്രകാരം പൊതുപരിപാടിയില്‍ ചെയ്തും തരൂര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. ദേശീയഗാനത്തെ അപമാനിച്ചതിന്റെ പേരില്‍ കോടതിയിലും കയറി. 

മുംബൈയിലെ ഭീകരാക്രമണത്തെ പരാമര്‍ശിച്ച് തരൂര്‍ ഇസ്രയേല്‍ പത്രത്തില്‍ എഴുതിയ ലേഖനവും വിവാദമായി. ഇന്ത്യ ഇസ്രയേലിനെക്കണ്ട് അസൂയപ്പെടുന്നു എന്ന പരാമര്‍ശം പാലസ്തീന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമെന്നായിരുന്നു വിലയിരുത്തല്‍. പ്രധാനമന്ത്രിക്കൊപ്പം സൗദിഅറേബ്യ സന്ദര്‍ശിച്ചപ്പോള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ സൗദി ഇടപെടണമെന്ന് തരൂര്‍ സൗദി രാജാവിനോട് ആവശ്യപ്പെട്ടതും അപക്വ നടപടിയായിരുന്നു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനത്തില്‍ താഴ്ന്ന ക്ലാസില്‍ യാത്രചെയ്തതിനെ പരാമര്‍ശിച്ച് കന്നുകാലി ക്ലാസ്സെന്ന് ആക്ഷേപിച്ചതും വിവാദമായിരുന്നു. വിവാദങ്ങളില്‍ നിന്നും വിവാദത്തിലേക്ക് നീങ്ങുന്ന തരൂരിന്റെ പുതിയ ഇനമാണ് ഹിന്ദു പാക്കിസ്ഥാന്‍. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദു പാക്കിസ്ഥാന്‍ രൂപീകരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുമെന്നാണ് തരൂര്‍ തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ പറഞ്ഞത്. ഇത് ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഭരണഘടനയെ അപമാനിക്കുന്നതും മതപരമായി വേര്‍തിരിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നതുമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയുമാണ്. 

തരൂരിന്റെ പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ അപകടം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും തരൂരും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഹിന്ദു പാക്കിസ്ഥാന്‍ സിന്ദാബാദ് വിളി തുടരുകയാണ്. രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും ഛോട്ടാ ബിജെപി പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ എന്ന് പരാമര്‍ശിച്ചാലുടന്‍ വര്‍ഗ്ഗീയത, വര്‍ഗ്ഗീയത എന്ന് വിളിച്ചുകൂവുന്നവരാണ് കോണ്‍ഗ്രസുകാര്‍. അതിന് ഓശാന പാടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. തരൂരിന്റെ അപകടകരമായ പ്രസ്താവനയെക്കുറിച്ച് ഇവരൊക്കെ മൗനം പാലിക്കുന്നതിന്റെ പിന്നിലെ കാപട്യം തിരിച്ചറിയുകതന്നെ വേണം. 

തരൂരിന്റെ വിവാദ പരാമര്‍ശം കേട്ടില്ലെന്ന് നടിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വിവാദമാക്കി പൊക്കിപ്പിടിക്കുകയാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും. മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന് മോദി ചോദിച്ചതാണ് വലിയ പ്രശ്‌നമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് ഏതാനും ദിവസം മുന്‍പ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

മുസ്ലിങ്ങള്‍ക്ക് പ്രകൃതി വിഭവത്തിന്റെ ആദ്യത്തെ അവകാശമുണ്ടെന്ന് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ മന്‍മോഹന്‍സിങ്ങും പറഞ്ഞിരുന്നു. ഇത് രണ്ടും സൂചിപ്പിച്ചുകൊണ്ട് മുത്തലാഖ് വിഷയങ്ങളോടുള്ള കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരാനാണ് മോദി മുസ്ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് ചോദ്യമുയര്‍ത്തിയത്. ഇത് വിവാദമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഏറ്റുപിടിച്ച് കമ്മ്യൂണിസ്റ്റുകളും ഒപ്പത്തിനുണ്ട്. വര്‍ഗ്ഗീയത മുതലെടുത്ത് രാഷ്ട്രീയനേട്ടത്തിന് ബിജെപി ശ്രമം തുടങ്ങിയെന്ന് പറഞ്ഞാണ് ബഹളം. 

ആരാണ് നാല് വോട്ട് കൂടുതല്‍ കിട്ടാന്‍ ഗുജറാത്തിലും കര്‍ണ്ണാടകയിലുമൊക്കെ ജാതീയതയും വര്‍ഗ്ഗീയതയും വിളമ്പിയതെന്ന് ജനത്തിനറിയാം. ഹിന്ദു പാക്കിസ്ഥാനാണോ മുസ്ലിം കോണ്‍ഗ്രസാണോ അപകടമെന്നതും അവര്‍ക്കറിയാം. അത് മനസ്സിലാക്കിയാല്‍ എല്ലാവര്‍ക്കും നന്ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.