കേരളം കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ പറ്റാത്ത സംസ്ഥാനം

Monday 16 July 2018 2:23 am IST
മലപ്പുറം തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ തങ്ങളുടെ പേരും ട്രേഡ് മാര്‍ക്കും ഡിസൈനും ഉപയോഗിച്ച് മെമ്മറി കാര്‍ഡ്, ഫ്‌ളാഷ് കാര്‍ഡ് തുടങ്ങിയവയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി ആരോപിച്ച് അമേരിക്ക ആസ്ഥാനമായുള്ള സാന്‍ ഡിസ്‌ക് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിശോധിക്കുന്നതിന് മിനി പുഷ്‌കര്‍നയെ അഭിഭാഷക കമ്മീഷനായി കോടതി ചുമതലപ്പെടുത്തി. ഗള്‍ഫ് മാര്‍ക്കറ്റിലെത്തി പരിശോധന നടത്തിയ മിനി പുഷ്‌കര്‍ന ആരോപണങ്ങള്‍ വാസ്തവമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി.

ന്യൂദല്‍ഹി: ബഹുരാഷ്ട്ര കമ്പനിയായ സാന്‍ഡിസ്‌ക്കും അവരുടെ ഇന്ത്യന്‍ കമ്പനിയായ സാന്‍ ഡിസ്‌ക് ഡിവൈസ് സിഡസൈന്‍ സെന്ററും സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ കേരളത്തിനെതിരെ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കേരളത്തില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മന്‍മോഹന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കോടതി നിയമിക്കുന്ന അഭിഭാഷക കമ്മീഷനെ പോലും ആക്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. 

മലപ്പുറം തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ തങ്ങളുടെ പേരും ട്രേഡ് മാര്‍ക്കും ഡിസൈനും ഉപയോഗിച്ച് മെമ്മറി കാര്‍ഡ്, ഫ്‌ളാഷ് കാര്‍ഡ് തുടങ്ങിയവയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതായി ആരോപിച്ച് അമേരിക്ക ആസ്ഥാനമായുള്ള സാന്‍ ഡിസ്‌ക് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിശോധിക്കുന്നതിന് മിനി പുഷ്‌കര്‍നയെ അഭിഭാഷക കമ്മീഷനായി കോടതി ചുമതലപ്പെടുത്തി. ഗള്‍ഫ് മാര്‍ക്കറ്റിലെത്തി പരിശോധന നടത്തിയ മിനി പുഷ്‌കര്‍ന ആരോപണങ്ങള്‍ വാസ്തവമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കി. 

സാന്‍ ഡിസ്‌കിന്റെ വ്യാജ പതിപ്പുകളായ നാലു ജിബിയുടെ 2,600 കാര്‍ഡുകളും എട്ട് ജിബിയുടെ 2,976 കാര്‍ഡുകളും 16 ജിബിയുടെ 1643 കാര്‍ഡുകളും 32 ജിബിയുടെ 16 കാര്‍ഡുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു. തുടര്‍ന്ന് കമ്മീഷന്‍ തിരൂര്‍ പോലീസിന്റെ സഹായം തേടുകയും സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷിനെ കമ്മീഷനൊപ്പം അയയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഗള്‍ഫ് മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഈ സാധനങ്ങള്‍ കണ്ടെത്താനായില്ല. 

അഭിഭാഷക കമ്മീഷനെ തടഞ്ഞ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ദല്‍ഹി ഹൈക്കോടതി ഗള്‍ഫ് ബസാറിലെ ടാന്‍ കളക്ഷന്‍സ് ഉടമ ഹൈദരലി കല്ലാനക്കാന്‍, ജിവനക്കാരന്‍ പല്ലിയാലി മുഹമ്മദ് റാഫി, അബ്ദുള്‍ റഹ്മാന്‍ ഹാജി എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ അറസ്റ്റ് ചെയ്ത് 25000 രൂപയുടെ ജാമ്യത്തില്‍ വിടാം. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കാനും തിരൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്‍ റഹ്മാന്‍ ഹാജി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.