കാലവര്‍ഷം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 115 സെ.മീ. മഴ

Monday 16 July 2018 2:45 am IST
തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ, 40.79 സെ.മീ. ഏറ്റവും കൂടുതല്‍ കോഴിക്കോടാണ്, 133.07 സെ.മീ. മഴയുടെ ലഭ്യതയനുസരിച്ച് കണ്ണൂര്‍- 127.14, കാസര്‍കോട് -124, വയനാട്്-122.8, ഇടുക്കി-110.43, മലപ്പുറം-110.61, എറണാകുളം-108.88, കോട്ടയം 108.78, പാലക്കാട്-92.94, തൃശൂര്‍ 81.94 എന്നിങ്ങനെയാണ് കണക്കുകള്‍. ലക്ഷദ്വീപില്‍ 29.83 സെ.മീ. മഴ ലഭിച്ചു, പ്രതീക്ഷിച്ചതിലും 32 ശതമാനം കുറവാണിത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഇടുക്കി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഒന്നരമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ ശരാശരി ലഭിച്ചത് 115 സെ.മീ. മഴ. ഔദ്യോഗിക കണക്ക് പ്രകാരം ഈ മാസം 11 വരെ 98.6 സെ.മീ. മഴയാണ് ലഭിച്ചത്, പ്രതീക്ഷിച്ചതിലും അഞ്ച് ശതമാനം കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ, 40.79 സെ.മീ. ഏറ്റവും കൂടുതല്‍ കോഴിക്കോടാണ്, 133.07 സെ.മീ. മഴയുടെ ലഭ്യതയനുസരിച്ച്  കണ്ണൂര്‍- 127.14, കാസര്‍കോട്  -124, വയനാട്്-122.8, ഇടുക്കി-110.43, മലപ്പുറം-110.61, എറണാകുളം-108.88, കോട്ടയം 108.78, പാലക്കാട്-92.94, തൃശൂര്‍ 81.94 എന്നിങ്ങനെയാണ് കണക്കുകള്‍. ലക്ഷദ്വീപില്‍ 29.83 സെ.മീ. മഴ ലഭിച്ചു, പ്രതീക്ഷിച്ചതിലും 32 ശതമാനം കുറവാണിത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

സംഭരണികളില്‍ കൂടിയത് 15 ശതമാനം വെള്ളം

കനത്തമഴയെ തുടര്‍ന്ന് ഒരാഴ്ചക്കിടെ സംസ്ഥാനത്തെ സംഭരണികളില്‍ കൂടിയത് 15 ശതമാനം വെള്ളം. സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ഏഴിന് 49 ശതമാനമായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 64 ശതമാനമായാണ് കൂടിയത്. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 സംഭരണികളിലെ കണക്കാണിത്. ഈ വെള്ളം ഉപയോഗിച്ച് 2645.451 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. മണ്‍സൂണ്‍ ആരംഭിച്ച് ഒന്നരമാസം ആകുമ്പോള്‍ ഇതുവരെ കൂടിയത് 41 ശതമാനം വെള്ളമാണ്. 

നേര്യമംഗലം, പൊരിങ്ങല്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, പൊന്മുടി, കക്കാട്, ചെങ്കുളം തരിയോട് സംഭരണികള്‍ നിറഞ്ഞു. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 61 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍-64, ഇടമലയാര്‍-60, കുണ്ടള-35, മാട്ടുപ്പെട്ടി-60, തരിയോട്-97, ആനയിറങ്കല്‍-18, പൊന്മുടി-97, നേര്യമംഗലം-97 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 12 സെ.മീ., ലോവര്‍ പെരിയാറില്‍ 8.9, കക്കി-6.6 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് പൊന്മുടിയിലാണ,് 2.7 സെ.മീ. 

60.5291 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ശനിയാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 24.8904 ദശലക്ഷം യൂണിറ്റാണ്. 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാനിക്കാന്‍ ഇനിയും രണ്ടര മാസം കൂടി അവശേഷിക്കുന്നുണ്ട്. 

ഇടുക്കിയില്‍ 61.3 ശതമാനം വെള്ളം

പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഇടുക്കിയില്‍ ഈ സമയം ഇത്രയധികം വെള്ളം ഉയരുന്നത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2367.6 അടിയാണ് സംഭരണിയിലെ ജലശേഖരം, 61.653 ശതമാനം. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 51 അടി കൂടുതല്‍. 

നിലവിലുള്ള വെള്ളം ഉപയോഗിച്ച് 1324.304 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 

5.68 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 49.543 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം. 

മുല്ലപ്പെരിയാറില്‍ 127.5 അടി വെള്ളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127.5 അടിയായി ഉയര്‍ന്നു. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. 3644.30 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് ഇറച്ചിപ്പാലം വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത് 1540 ഘനയടി വെള്ളമാണ്. 

കഴിഞ്ഞമാസം അവസാനം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128 അടി എത്തിയിരുന്നു. കൃഷിക്കാവശ്യമായ വെള്ളം തമിഴ്‌നാട് ഇത്തവണ നേരത്തെ കൊണ്ടുപോകാന്‍ തുടങ്ങിയതും ഇതോടെയാണ്.

19 വരെ ശക്തമായ മഴ

സംസ്ഥാനത്ത് 19 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂലൈ ആദ്യവാരം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഏഴിനാണ് മഴ വീണ്ടും കരുത്താര്‍ജിച്ചത്. ഇതിന് ശേഷം ശക്തി കാര്യമായി കുറയാതെ കാലവര്‍ഷം തുടരുന്നത് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുന്നു. 

ഇന്നലത്തെ കണക്ക് പ്രകാരം ഇന്നും നാളെയും ചിലയിടങ്ങില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. 19ന് ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

ഇന്നലെ രാവിലെ 8.30ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ പറമ്പിക്കുളത്താണ് ഏറ്റവും അധികം മഴ പെയ്തത,് 10 സെ.മീ. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ തെക്കന്‍ കേരളത്തില്‍ മഴ കൂടി. കായകുളം, വടകര, വൈത്തിരി എന്നിവിടങ്ങളില്‍ ഒമ്പത് സെ.മീ. വീതം മഴ പെയ്തു. മൂന്നാര്‍, പാലക്കാട്, മാനന്തവാടി എട്ട് സെ.മീ. വീതവും മഞ്ചേരിയില്‍ ഏഴ് സെ.മീ. വീതവും മഴ ലഭിച്ചു. 

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 35-40 കി.മീ. വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ മേഖലയില്‍ ഇന്ന് ഉച്ചവരെ പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.