ഇ മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിച്ചു; ജമാ അത്തെ ഇസ്ലാമിയെയും കൂടെനിര്‍ത്താന്‍ സിപിഎം

Monday 16 July 2018 3:31 am IST

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ നോവിക്കാതെ മുന്നോട്ടു പോകുമ്പോള്‍ത്തന്നെ സമാന സ്വഭാവമുള്ള ഭീകര സംഘടനയായ ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടാന്‍ ഇടത് സര്‍ക്കാര്‍. പോലീസ് ആസ്ഥാനത്തെ ഇമെയില്‍ വിവരം ചോര്‍ത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഞെട്ടിക്കുന്നതാണ്. മാധ്യമം പത്രത്തിനെതിരായ കേസ് പിന്‍വലിച്ചത് ജമാഅത്തെ ഇസ്ലാമിയെ കൂടെ നിര്‍ത്തുന്നതിനുവേണ്ടിയാണ്.

രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവെയ്ക്കുന്ന ഇമെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് മാധ്യമം പത്രം ചോര്‍ത്തിയത്. കേസിലെ അഞ്ചാം പ്രതിയായ മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസു തന്നെ പിന്‍വലിക്കാന്‍ ഉത്തരവ് ഇറക്കിയതെന്ന വാദം സംശയത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ അന്ന് നോക്കി കണ്ടത്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി സിപിഎമ്മിനു പിന്തുണ നല്‍കിയതും രാഷ്ട്രീയ നിരീക്ഷകര്‍ കൂട്ടി വായിക്കുന്നു. പുതിയ സാഹചര്യത്തില്‍ പ്രത്യുപകാരം ചെയ്ത് വോട്ട് ബാങ്ക് ചോരാതെ സൂക്ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.

ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്‌ഐ ബിജു സലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ വെച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു. ഇതിനെതിരെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് ഉത്തരവിട്ടത്. 

പോലീസ് നിരീക്ഷിക്കുന്നു എന്ന് പറഞ്ഞ് 268 പേരുള്ള പട്ടികയില്‍ നിന്നും മുസ്ലിം സമുദായത്തില്‍പ്പെടുന്നവരുടെ പട്ടിക മാത്രമെടുത്താണ് മാധ്യമം റിപ്പോര്‍ട്ടു നല്‍കിയത്. പേരു കൊണ്ട് മാത്രം മനസ്സിലാകുന്ന 11 പേരെ ബോധപൂര്‍വം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.