ബഹറിനില്‍ സുഷമയ്ക്ക് നിര്‍ണായക കൂടിക്കാഴ്ചകള്‍

Monday 16 July 2018 3:50 am IST

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബഹറിനിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. ആഭ്യന്തര, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയായി. മനാമയില്‍ നടന്ന രണ്ടാമത് ഇന്ത്യ-ബഹ്‌റിന്‍ ഉന്നതതല ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ബഹറിന്‍ വിദേശകാര്യ മന്ത്രി ഷെയ്ക്ക് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയ്‌ക്കൊപ്പം സുഷമ പങ്കെടുത്തു. 2015ല്‍ ഇന്ത്യയിലായിരുന്നു ഇതിന്റെ ആദ്യ യോഗം.  ബഹറിന്റെ വികസനത്തിന് ഇന്ത്യക്കാരായ പ്രവാസികള്‍ നല്‍കിയ സംഭാവനകളെ ഷെയ്ക്ക് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. മൂന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് ബഹറിനിലുള്ളത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക രംഗത്തെ സഹകരണം പുതിയ ഉയരങ്ങളിലെത്തുമെന്ന് സുഷമയും വ്യക്തമാക്കി. മനാമയിലെ ദേശീയ ലൈബ്രറിക്ക് സുഷമ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സമ്മാനിച്ചു. ബഹറിനിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ മന്ദിരവും സുഷമ ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനം ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹറിന്‍ സന്ദര്‍ശനത്തിന് ശേഷം സുഷമ ഇന്നലെ മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.