മനോജ് വധം: പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണ സമ്മേളനങ്ങള്‍

Monday 16 July 2018 3:55 am IST

കോഴിക്കോട്: ബിഎംഎസ് നേതാവ് പയ്യോളിയിലെ സി.ടി. മനോജ് വധക്കേസ് പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം സമ്മേളനങ്ങള്‍. മനോജ് വധത്തെ പരസ്യമായി പിന്തുണയ്ക്കുന്ന രീതിയിലാണ് കേസില്‍ താത്ക്കാലിക ജാമ്യം ലഭിച്ച പത്ത് പ്രതികള്‍ക്ക് പാര്‍ട്ടി ജില്ലാ കമ്മറ്റി  കോഴിക്കോട് ടൗണില്‍ ആദ്യ സ്വീകരണം ഒരുക്കിയത്. കൊയിലാണ്ടിയില്‍ ഇന്നലെ സ്വീകരണം നല്‍കി.  

മനോജിന്റെ നാടായ പയ്യോളിയില്‍ ഇന്ന് സ്വീകരണം നല്‍കുന്നുണ്ട്. പൊതുസമൂഹത്തേയും കോടതിയേയും വെല്ലുവിളിച്ചാണ് താലിബാന്‍ മോഡല്‍ സ്വീകരണ പരിപാടികളെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

മനോജ് വധക്കേസില്‍ സിബിഐ ആറ് മാസം മുമ്പ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ശക്തമായ ഉപാധികളോടെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് അനുമതി നല്‍കിയത്. ഈ അവസരമാണ് നാടുനീളെ സ്വീകരണമൊരുക്കാന്‍ സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈബ്രാഞ്ചും അന്വേഷിച്ച കേസ് എങ്ങുമെത്താതായപ്പോഴാണ് സിബിഐ മനോജ് വധക്കേസന്വേഷണം ഏറ്റെടുക്കുന്നത്. 

ഇതോടെയാണ് സിപിഎം ജില്ലാകമ്മറ്റി അംഗം ടി. ചന്തു, പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ഏരിയാ കമ്മറ്റി അംഗം സി. സുരേഷ്, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.കെ. പ്രേമന്‍, പി. അനൂപ്കുമാര്‍, എന്‍.സി. മുസ്തഫ, പയ്യോളി നഗരസഭാംഗം കെ.ടി. ലിഗേഷ്, പ്രവര്‍ത്തകരായ രതീഷ്, പി.കെ. കുമാരന്‍, അരുണ്‍നാഥ് എന്നിവര്‍ പിടിയിലാകുന്നത്. ഇവര്‍ക്ക് കഴിഞ്ഞദിവസം കോഴിക്കോട്ട് നല്‍കിയ സ്വീകരണത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. മോഹനനായിരുന്നു അധ്യക്ഷന്‍. 2012 ഫെബ്രുവരി 12 നാണ് അമ്മയുടേയും ഭാര്യയുടേയും മുന്നില്‍ വെച്ച് സിപിഎമ്മുകാര്‍ മനോജിനെ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മനോജ് പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.