പൂര്‍ത്തിയാകാതെ 99 ചെറുകിട ജലവൈദ്യുത പദ്ധതികള്‍; നഷ്ടം 7300 കോടി കടന്നു

Monday 16 July 2018 3:56 am IST

കോഴിക്കോട്: നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടണമെന്ന് മന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും സംസ്ഥാനത്ത് പൂര്‍ത്തിയാകാതെ കിടക്കുന്നത് 99 ചെറുകിട ജലവൈദ്യുത പദ്ധതികള്‍. വൈദ്യുതി മന്ത്രിയുടെ കണക്ക് പ്രകാരം ബോര്‍ഡിന് ഇപ്പോള്‍ നഷ്ടം 7300 കോടി രൂപയാണ്. നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉത്പ്പാദനം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള വഴി തേടുന്നില്ല.

10.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കാവുന്ന,  2011ല്‍ ആരംഭിച്ച കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കൊട്ടിഘോഷിച്ച് നിര്‍വഹിക്കുമ്പോഴാണ് 99 പദ്ധതികള്‍ പാതി വഴിയില്‍ പോലും എത്താതെ മുടങ്ങിക്കിടക്കുന്നത്. 

സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് ഒരു രൂപ മാത്രമാണ് ചെലവ് വരുന്നത്. എന്നാല്‍ സംസ്ഥാനത്ത് പുറത്തു നിന്നും വരുന്ന വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് നാലു രൂപ ചെലവ് വരും. മുടങ്ങിക്കിടക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ ബോര്‍ഡിന് നഷ്ടം കുറയ്ക്കാന്‍ കഴിയും. പ്രതിദിനം 18 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയുടെ ഉല്‍പാദന ശേഷിയാണ് ബോര്‍ഡിന്റെ ഉദാസീനത മൂലം മുടങ്ങിക്കിടക്കുന്നത്.

നിര്‍മാണം തുടങ്ങിയതിനു ശേഷം നിലച്ചുപോയ 99 പദ്ധതികളില്‍ ഏറ്റവും വലിയ പദ്ധതി 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയാണ്. നാല്‍പത് മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ പദ്ധതിയും നിലച്ച നിലയിലാണ.് ഈ പദ്ധതികളിലെല്ലാം കൂടി 250 കോടിയുടെ ഇറക്കുമതി ചെയ്ത ജനറേറ്ററുകള്‍ തുരുമ്പ് പിടിച്ച് നശിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചന്ദനക്കാമ്പാറയിലെ മൂന്നു മെഗാവാട്ടിന്റെ വഞ്ചിയം പദ്ധതി 1993 ല്‍ തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 

കേന്ദ്രവിഹിതമായി ലഭിക്കുന്ന വൈദ്യുതി കൊണ്ടാണ് കേരളം പവര്‍കട്ടില്ലാതെ രക്ഷപ്പെടുന്നത്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യകത 25480 ദശലക്ഷം യൂണിറ്റായിരുന്നു. 70 ശതമാനം വൈദ്യുതിയും കേന്ദ്ര വിഹിതമായി ലഭിക്കുന്നതാണെന്ന് വൈദ്യുതി മന്ത്രിതന്നെ നിയമസഭയില്‍ വെളിപ്പെടുത്തിയിരിക്കുന്നു. കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതിയുടെ വിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പരീക്ഷാകാലത്ത് കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡിന്റെ 'പള്ളിവാസല്‍ മാതൃക'

കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ ബോര്‍ഡ് നഷ്ടപ്പെടുത്തുന്നത് കോടികള്‍. 11 വര്‍ഷം കഴിഞ്ഞിട്ടും പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി പൂര്‍ത്തിയായിട്ടില്ല. അഞ്ഞൂറുകോടി രൂപ എസ്റ്റിമേറ്റിലാരംഭിച്ച പദ്ധതിക്ക് ഇതുവരെ ചെലവഴിച്ചത് 2000 കോടിയിലധികമായി. 2007ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം മുടങ്ങിയതിനാല്‍ ആദ്യകരാര്‍ റദ്ദാക്കി. 

ബാക്കിയായ 25 ശതമാനം പണി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് ആറ് വര്‍ഷത്തെ കാലാവധി നല്‍കിയാണ് കെഎസ്ഇബി 'കേരളത്തെ സഹായിച്ചു' കൊണ്ടിരിക്കുന്നത്. 2011ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി 2020 ല്‍ പൂര്‍ത്തിയാക്കുന്നതുവരെ 900 കോടി രൂപ കരാറെടുത്ത കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കണം. പദ്ധതിച്ചെലവും പലിശയും വൈദ്യുതി ഉല്‍പാദനം വഴിയുണ്ടാകേണ്ടിയിരുന്ന വരുമാനവും കൂട്ടിയാല്‍ അത് 3000 കോടിവരെ എത്തും. വന്‍ നഷ്ടത്തിലേക്കാണ് കെഎസ്ഇബിയെ മന്ത്രിയും സര്‍ക്കാരും നയിച്ചുകൊണ്ടിരിക്കുന്നത്.

പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍

അച്ചന്‍കോവില്‍ (30 മെഗാവാട്ട്), അടക്കത്തോട് (3), അളംപാറത്തോട് (3) ആനക്കല്‍ (2) ആനക്കയം (7) ആനവിലാസം (3) അരിപ്പാറ (3), അരുമിക്കുഴിപ്പാറ (1) അരുവിക്കല്‍ (1) ആറ്റില്‍ -1 (6), ആറ്റില്‍-2 (6), ഭൂതത്താന്‍ കെട്ട് (24), ചാലിപ്പുഴ (90), ചാത്തമല (1), ചാത്തങ്കോട്ടുനട -2 (6), ചെമ്പുകടവ് -3 (6), ചെമ്പുകട്ടി (7), ചെമ്മണ്ണാര്‍ (1), ചെറുവക്കില്‍ചോല (1), ചിന്നാല്‍ (24), ചിറ്റൂര്‍ അപ്പര്‍ (6), ഏഴം തല (4), ഫര്‍ലോങ്കര (1), ഇഞ്ചവരക്കുത്ത് (3), കൈതക്കൊല്ലി ഡൈവേര്‍ഷന്‍ (10), കക്കാടം പൊയില്‍-1 (20), കക്കാടം പൊയില്‍-2 (5), കാലാങ്കി (1), കല്ലടത്തണ്ണി (4), കണ്ടപ്പഞ്ചാല്‍ (5), കങ്ങപ്പുഴ (1), കാഞ്ഞിരക്കൊല്ലി (5) കാഞ്ഞിരപ്പുഴ (1), കരിക്കയം (15), കഴുത്തുരുട്ടി (2) കിഴാര്‍കുത്ത് (15), കിള്ളിക്കല്ല് (3), കിഷുമം (3), കാക്കമുള്ള് (2), കൂടം (4), കോഴിച്ചാല്‍ (1), കുളിരാമുട്ടി (3), കുരിശടി (1), കുറുംപെട്ടി (4), ലാന്ത്രം (4), ലോവര്‍ മാര്‍മല (1), ലോവര്‍വട്ടപ്പാറ(7), മാടത്തരുവി (1) മാലോത്തി -1 (2), മാലോത്തി-2 (1), ,മാലോത്തി -3 (1), മണിയാര്‍ ടേല്‍റേസ് (4), മാങ്കുളം (40), മറിപ്പുഴ (6), മാര്‍മല (7), മീന്‍മുട്ടി (2), മീന്‍ വല്ലം (3), മുക്കടവ് (2), മുക്കട്ടത്തോട് (3), മുണ്ടക്കയം (1), മുത്തപ്പന്‍ പുഴ (2), ഓടമ്പുഴ (1), ഓലിക്കല്‍ (5), ഓണിപ്പുഴ (2), പാലക്കുഴി (1), പാല്‍ച്ചുരം (5), പള്ളിവാസല്‍ (60), പാമ്പാര്‍ (40), പാറക്കടവ് (10), പഴശിസാഗര്‍ (15), പഴുക്കാക്കാനം (2), പീച്ചാട് (3), പെരിം പാല (1) പെരുവ (2), പെരുവണ്ണാമുഴി (6), പിലാച്ചിക്കര (1), പൂവാറന്‍ തോട് (3), പെരിങ്ങല്‍ കുത്ത് (24), രണ്ടാംകടവ് (1), ചെങ്കുളം ഓഗ്‌മെന്റേഷന്‍ (24), താന്നിയടി (1), തിപ്പിലിക്കയം (2), തിരുനെല്ലി (1), തൊമ്മന്‍കുത്ത് (3), തോണിയാര്‍ (3), തൂവല്‍ (1), തൊട്ടിയാര്‍ (40), തൂവലാര്‍ (4), ഉള്ളുങ്കല്‍ (7), അപ്പര്‍ കല്ലാര്‍ (2), അപ്പര്‍ പെരിങ്ങല്‍ (7), അപ്പര്‍ ചെങ്കുളം (24), അപ്പര്‍ വട്ടപ്പാറ (3), ഉരുളിക്കുഴി (3), ഉറുമ്പിനി (2), ഉരുട്ടിപ്പുഴ (1), വളാംതോട് (8), വഞ്ചിലം (3), വെസ്റ്റേണ്‍ കല്ലാര്‍ (5).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.