അഭിമന്യുവിന്റെ ഘാതകര്‍ക്ക് കടകംപള്ളിയുടെ പാരിതോഷികം

Monday 16 July 2018 4:06 am IST
പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാട് പ്രചരിപ്പിക്കാന്‍ തേജസ് ദിനപത്രത്തെ ഉപയോഗിക്കുന്നതായി പോലീസ് മേധാവിയും അഡീഷണല്‍ ഡിജിപിയും ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് 2010 ലാണ് തേജസിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കാന്‍ തുടങ്ങിയത്.

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഘാതകര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വകുപ്പ് വക പാരിതോഷികം. സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ  മുഖപത്രമായ തേജസിന് ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിവരുന്നു. 

അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷം, ഇന്നലെ കനകക്കുന്നില്‍ ആരംഭിച്ച നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്സവത്തിന്റെ ഉദ്ഘാടന പരസ്യവും പത്രത്തിനു നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ വിഭാഗക്കാര്‍ക്കാണ് മന്ത്രി പരസ്യം നല്‍കി പ്രോത്സാഹിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാട് പ്രചരിപ്പിക്കാന്‍ തേജസ് ദിനപത്രത്തെ ഉപയോഗിക്കുന്നതായി  പോലീസ് മേധാവിയും അഡീഷണല്‍ ഡിജിപിയും ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് 2010 ലാണ് തേജസിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കാന്‍ തുടങ്ങിയത്. 2011 സപ്തംബറില്‍ വീണ്ടും പരസ്യം നല്‍കി. 2012ല്‍ വീണ്ടും പരസ്യം നിഷേധിച്ചു. ഇതിനെതിരെ തേജസ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടു. ഈ സമിതിയും പരസ്യം നല്‍കേണ്ടെന്ന തീരുമാനം കൈക്കൊണ്ടു. 

ഇതിന്റെ അടിസ്ഥാനത്തില്‍ 2013 മുതലാണ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് വിലക്കിയത്. ഇതിനെതിരെ  മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മതമൗലിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് മന്ത്രി കടകംപള്ളിയുടെ ടൂറിസം വകുപ്പ് ലക്ഷങ്ങളുടെ പരസ്യം നല്‍കി വരുന്നത്.

അഭിമന്യുവിന്റെ ഘാതകരെ പിടികൂടാതെ പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ തുടരുന്ന ഒളിച്ചുകളിയുടെ  വസ്തുതയും ഇതിലൂടെ വെളിച്ചത്താകുന്നു. ഒരു ഭാഗത്ത് അണികളെ സമാധാനപ്പെടുത്താന്‍ പ്രതികളെ പിടികൂടുമെന്ന് പറയുമ്പോള്‍ മറുഭാഗത്ത് അഭിമന്യുവിന്റെ ഘാതകരായ മതമൗലിക വാദികളെ വളര്‍ത്താന്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുകയും ചെയ്യുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.