സംസ്ഥാനത്ത് മഴ ശക്തം:പലയിടത്തും വെള്ളക്കെട്ട്, ട്രെയിനിന് മുകളില്‍ മരംവീണു

Monday 16 July 2018 10:09 am IST
കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം.

കൊച്ചി: കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം.കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി.  കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലും  കണ്ണോത് അമ്പലം റോഡ് ,  മേഖാലയ ,എരമം, എന്നിവടങ്ങളില്‍ വെള്ളം കയറിത്തുടങ്ങി പല വീടുകളിലും ഏതു സമയത്തും വെള്ളം കയറുവാന്‍  സാധ്യതയുണ്ട് .പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 

എളമക്കര സ്വാമിപടി മുല്ലയ്ക്കല്‍ ദേവി ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. നിരവധി വീടുകള്‍ക്ക് മുകളിലേയ്ക്ക് മരങ്ങള്‍ കടപുഴകിയ നിലയിലാണ്. വൈദ്യുതിയും പുര്‍ണമായി താറുമാറായി. നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ വീടുകളിലേയ്ക്കും റോഡുകളിലേയ്ക്കും മരങ്ങള്‍ നീക്കം ചെയ്തു വരികയാണ്.

ഏലൂര്‍ പാതാളം ഹൈസ്‌കൂള്‍ , ഏലൂര്‍ ഗവ. എല്‍. പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി പാതാളം കോളനിയിലെ 32 ഓളം കുടുംബങ്ങള്‍ വെള്ളത്തിനടിയിലായി ,ഏലൂര്‍ മേത്താനം കുഴിക്കണ്ടം തോടു ഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി കനത്ത മഴയെ തുടര്‍ന്ന് മുപ്പത്തടം  എം.കെ.കെ.നഗറിലെ  ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു വീണു പല സ്ഥലങ്ങളിലെയും രക്ഷ പ്രവര്‍ത്തനത്തില്‍ കൗണ്‍സിലര്‍മാരും , ബി ജെ പി പ്രവര്‍ത്തകരായ  പ്രമോദ് കുമാര്‍ ,കെ. ആര്‍. കെ പ്രസാദ് ,ഉല്ലാസ് കുമാര്‍ , ബിന്ദു പുളിയാന  നവല്‍കുമാര്‍ , എ സുനില്‍കുമാര്‍ ,മുപ്പത്തടം  സേവഭാരതി പ്രവര്‍ത്തകരായ പി.കെ. സദാശിവന്‍ പിള്ള ( ഹെഡ്ട്രാക്  മേഖല ഭാരവാഹി) , ഗോകുല്‍ ദാസ്  അഭിരാമി ഇ . എന്‍  , അനില്‍കുമാര്‍ ,മോഹന്‍ ദാസ് ,   തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു 

കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.

കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.

കോട്ടയം-ചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.