ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം: പ്രതിയെ പോലീസ് വെടിവച്ചുകൊന്നു

Monday 16 July 2018 2:29 pm IST

വാഷിങ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതിയുടെ പേരുവിവരങ്ങള്‍ പേലീസ് പുറത്ത് വിട്ടിട്ടില്ല.  ഏറ്റുമുട്ടലില്‍ മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

തെലുങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു എന്ന വിദ്യാര്‍ത്ഥിയാണ് ഈ മാസം ആറിന് അക്രമിയുടെ വെടിയേറ്റ് മരിച്ചത്.കന്‍സാസിലെ മിസോറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ശരത് പഠനത്തോടൊപ്പം റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി നോക്കി വരികയായിരുന്നു. സംഭവദിവസം ജോലിക്കിടെയാണ് റസ്റ്റോറന്റില്‍ വെടിവയ്പ് നടന്നത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെ അക്രമികള്‍ ശരത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. 

ഞായറാഴ്ചയാണ് കൊല്ലപ്പെട്ട അക്രമിയുമായി ഏറ്റുമുട്ടലുണ്ടായത്. പട്രോളിംഗ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അക്രമിയെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വെടിയുതിര്‍ത്ത ശേഷം മറ്റൊരാള്‍ക്കൊപ്പം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സംഘം അക്രമികളെ പിന്തുടര്‍ന്നു. ഒരു മണിക്കൂര്‍ നീണ്ട വെടിവയ്പിനൊടുവില്‍ അക്രമിയെ വധിക്കുകയായിരുന്നെന്ന് പേലീസ് വെളിപ്പെടുത്തി. വെടിവയ്പില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

എന്‍ജിനിയറിംഗ് ബിരുദധാരിയായ ശരത് യു.എസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഹൈദരാബാദില്‍ സോഫ്ട്വെയര്‍ എന്‍ജിനിയര്‍ ആയിരുന്ന ഇയാള്‍ ജോലി രാജിവച്ചാണ് ഈ വര്‍ഷം ഉപരിപഠനത്തിന് അമേരിക്കയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.