സിപിഎം അംഗം കൂറുമാറി വോട്ട് ചെയ്തു; ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

Tuesday 17 July 2018 2:31 am IST

കുന്നത്തൂര്‍: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത വിജയം. ഇതോടെ രണ്ടര വര്‍ഷമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന സിപിഐയിലെ എ.സുമ രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന് 8, യുഡിഎഫിന് 6 എന്നിങ്ങനെയാണ് കക്ഷിനില.

തിങ്കളാഴ്ച രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബി.അരുണാമണിയും യുഡിഎഫിലെ അംബികാ വിജയകുമാറുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. വോട്ടെണ്ണിയപ്പോള്‍ രണ്ടുപേര്‍ക്കും ഏഴുവീതം വോട്ട്. നിലവിലെ വൈസ് പ്രസിഡന്റായ എസ്.ശിവന്‍പിള്ളയുടെ വോട്ട് യുഡിഎഫിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് അംബിക പ്രസിഡന്റായത്. സിപിഎം ശൂരനാട് ഏരിയാകമ്മറ്റിയംഗവും സിഐടിയു താലൂക്ക് സെക്രട്ടറിയുമാണ് ശിവന്‍പിള്ള. ഭരണം നഷ്ടമായതറിഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മുറിയില്‍ നിന്നും പുറത്തിറക്കാതെ പ്രവര്‍ത്തകര്‍ ശിവന്‍പിള്ളയെ തടഞ്ഞുവച്ചു. പോലീസെത്തിയാണ് ശിവന്‍പിള്ളയെ മുറിക്ക് പുറത്തെത്തിച്ചത്. 

പോലീസ് ജീപ്പിലാണ് ശിവന്‍പിള്ളയെ ബ്ലോക്ക് ഓഫീസില്‍ നിന്നും വീട്ടിലെത്തിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണ് കൂറുമാറ്റത്തിന് കാരണം. കടുത്ത വിഎസ് പക്ഷക്കാരനായ ശിവന്‍പിള്ളക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. പിണറായിപക്ഷക്കാര്‍ക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാവും വോട്ട് മറിച്ചതെന്നാണ് കരുതുന്നത്. 25 വര്‍ഷമായി പൊതുരംഗത്ത് നില്‍ക്കുന്ന ശിവന്‍പിള്ളക്ക് അബദ്ധം പറ്റിയതാണെന്ന് കരുതാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഗൂഡാലോചനയാണ് ഇതെന്നുമാണ് ഒരു വിഭാഗം സിപിഎം നേതാക്കള്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.