വൈദ്യുതി പ്രതിസന്ധി: രക്ഷക്കെത്തുന്നത് കേന്ദ്രം

Tuesday 17 July 2018 2:38 am IST

കോഴിക്കോട്: കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തെ രക്ഷിക്കുന്നത് കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി.  കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വിലപിക്കുമ്പോഴും കേന്ദ്രപൂളില്‍ നിന്ന് ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് മന്ത്രി മണി തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2017 ഏപ്രില്‍ 849.347 മെഗാവാട്ട് വൈദ്യുതി ആണ് അനുവദിച്ചതെങ്കില്‍ 2018 മാര്‍ച്ചില്‍ 823.14 മെഗാവാട്ട് വൈദ്യുതിയാണ് അനുവദിച്ചത്. 

കേരളത്തിന് അടുത്ത 10 വര്‍ഷത്തേക്ക് ആവശ്യമായ വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ  19-ാമത്  ഇലക്ട്രിക് പവര്‍ സര്‍വേ റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ വൈദ്യുത ആവശ്യകത 26770 ദശലക്ഷം യൂണിറ്റും 2026-27ലെ വൈദ്യുതി ആവശ്യകത 38756 ദശലക്ഷം യൂണിറ്റുമായിരിക്കും. എന്നാല്‍ ഈ ഉപഭോഗ വര്‍ധനക്കനുസൃതമായ ഉല്‍പ്പാദനത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.

ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പൂര്‍ത്തീകരണം അനന്തമായി നീണ്ടുപോവുകയാണ്. ആഭ്യന്തര ഉല്‍പ്പാദന നിലയങ്ങള്‍ വഴിയുള്ള പരമാവധി ഉല്‍പ്പാദനം 30 ശതമാനം മാത്രമാണ്. അടുത്ത മൂന്നു വര്‍ഷം കൊണ്ട് ആയിരം മെഗാ വാട്ട് സൗരവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് സംസ്ഥാനം  ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ സൗരോര്‍ജ പദ്ധതികളുടെ നിര്‍മാണവും മന്ദഗതിയിലാണ്. 16 സൗരോര്‍ജ പദ്ധതികളാണ് സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിലിരിക്കുന്നത്. 2018 -19 ല്‍ പൂര്‍ത്തീകരിക്കുമെന്ന് അവകാശപ്പെടുന്ന ഈ പദ്ധതികളുടെ സ്ഥാപിത ശേഷി 10.234 മെഗാ വാട്ട് മാത്രമാണ്. 2019 ല്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ ചിലതിന്റേത് ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. 

എന്നാല്‍ ഇതിനിടയില്‍ സ്വകാര്യ സംരംഭകരില്‍ നിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നുണ്ട്.  കേരളത്തിനകത്തു നിന്ന് 1065 മെഗാവാട്ടും കേരളത്തിന് പുറത്തു നിന്ന് 87.25 മെഗാവാട്ടുമാണ് വൈദ്യുതി വാങ്ങുന്നത്. മൂന്നു മുതല്‍ നാലര രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. സംസ്ഥാനത്തെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കെഎസ്ഇബിയും സര്‍ക്കാരും ശ്രദ്ധിക്കുന്നില്ല.  വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചാലേ കെഎസ്ഇബിയുടെ നഷ്ടം നികത്താനാകൂ എന്നാണ് മന്ത്രിയുടെ നിലപാട്.

 

കേന്ദ്രപൂളില്‍ നിന്ന് അനുവദിച്ച വൈദ്യുതിയുടെ കണക്ക്. 

2017 ഏപ്രില്‍: 849.347

മെയ്:821.88

ജൂണ്‍: 784.221

ജൂലൈ:884.752

ആഗസ്റ്റ്:800.62

സപ്തംബര്‍:767.217

നവംബര്‍:865.095

ഡിസംബര്‍:886.658

2018 ജനുവരി: 884.352

ഫെബ്രുവരി:903.123

മാര്‍ച്ച്:823.14

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.