കനത്ത മഴ: ബാണാസുര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

Tuesday 17 July 2018 2:39 am IST
"ബാണാസുര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍"

കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതോടെ ബാണാസുര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് സംഭരണ ശേഷിയായ 775.5 മീറ്റര്‍ ഉയരത്തില്‍ വെള്ളമെത്തിയതോടെയാണ് ഡാമിന്റെ നാല് ഷട്ടറുകളില്‍ ഒരു ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയരത്തില്‍ തുറന്ന്  വെള്ളം പുറത്തേക്ക് വിടാനാരംഭിച്ചു.

സെക്കന്‍ഡില്‍ 15 ക്യൂബിക് മീറ്റര്‍ എന്ന തോതില്‍ വെള്ളം കരമാന്‍ തോടിലൂടെ തുറന്നു വിട്ടത്. പനമരം പുഴ വഴി കബനിയിലാണ് വെള്ളം എത്തിച്ചേരുക. വെള്ളം ഒഴുകുന്ന കുപ്പാടിത്തറ, പുതുശ്ശേരിക്കടവ്, കക്കടവ്, പാലയാണ, കൊമ്മയാട് കാരക്കാമല പനമരം പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ കനത്തതോടെ രാത്രി രണ്ടാമത്തെ ഷട്ടറും തുറന്നു. തിങ്കളാഴ്ച മൂന്നാമത്തെ ഷട്ടറും തുറന്നു.

കോഴിക്കോട് ജില്ലയില്‍ ശക്തമായി മഴ ലഭിച്ചതിനെ തുടര്‍ന്ന് മെയ് 31 മുതല്‍ ബാണാസുരയില്‍ നിന്നും വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനായി കക്കയത്തേക്ക് നല്‍കിയിരുന്നില്ല. ഇതിന് മുമ്പ് 2014 ആഗസ്റ്റ് രണ്ടിനും സപ്തംബര്‍ ഒന്നിനുമായിരുന്നു ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. കര്‍ണ്ണാടകയിലെ ബീച്ചനഹള്ളി ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്. വൈദ്യുതി ഉത്പ്പാദനത്തിനായി കക്കയത്തിന് വെള്ളം തുറന്നുവിടുന്നത് വരെയോ മഴ ശമിക്കുന്നത് വരെയോ ബാണാസുരയുടെ ഷട്ടറുകള്‍ തുറന്നിടുമെന്നാണ്  അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.