സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസ്: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Tuesday 17 July 2018 2:45 am IST

കട്ടപ്പന: കൊല്ലം മുളങ്കാടകത്ത് സീരിയല്‍ നടിയുടെ വീട്ടില്‍ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇടുക്കി തോപ്രാംകുടി വാതല്ലൂര്‍ ജോബിന്‍ ജോസഫ് (27), കൊല്ലംപറമ്പില്‍ റിജോ (38), അരുണ്‍ മൈലിക്കുളത്ത് (22) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

  സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഡ്രൈവര്‍മാരാണ്. അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക്ക് പണികള്‍ അറിയാം എന്ന് മനസ്സിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടില്‍ നോട്ട് നിര്‍മാണത്തിനായി കൂട്ടിക്കൊണ്ടുപോയിരുന്നു. 20 ദിവസം റിജോ സഹായിയായി കൊല്ലത്ത് നിന്നു. കൂടുതല്‍ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാല്‍ ജോബിനെയും അരുണിനെയും കൂടെ കൂട്ടുകയായിരുന്നു.

കള്ളനോട്ടടിക്കാനുള്ള പേപ്പര്‍ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. 10,000 രൂപ വീതം ഇവര്‍ക്ക് ഇതിന് ലഭിച്ചു. റിജോ മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയാണ്. സീരിയല്‍ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.