പ്രോട്ടോകോള്‍ ഓഫീസറെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി

Tuesday 17 July 2018 2:46 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസ് ചട്ടം പാലിക്കാതെ നിരവധി നിമയലംഘനങ്ങള്‍ നടത്തിയ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍  ഷൈന്‍ അബ്ദുള്‍ ഹക്കിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. ഇയാള്‍ക്കെതിരെ പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് ഉത്തരമായി നല്‍കിയിരിക്കുന്നത്.

 ഇത് സംബന്ധിച്ച് ഒ. രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നല്‍കിയ  ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് മറുപടി ലഭിച്ചത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്  ലഭിച്ചിട്ടുണ്ടെന്നാണ് മറുപടി.  എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് വിഷയം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നുവെന്നാണ് ഉത്തരം. നവമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിമാരെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന എത്ര ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന ചോദ്യത്തിനും മുഖ്യമന്ത്രിയെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നുവെന്നാണ് ഉത്തരം. 

എന്നാല്‍ മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അധിഷേപിച്ച ജീവനക്കാരെ  സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ നവമാധ്യമങ്ങളിലൂടെ വധ ഭീഷണി മുഴക്കിയ പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു. സസ്‌പെന്‍ഷനും അറസ്റ്റും നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ആഭ്യന്തര വുകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് വിവരം ശേഖരിക്കുന്നതായാണ്  ഉത്തരം നല്‍കിയത്. അടിയന്തര പ്രധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ അലംഭാവം കാണിക്കുന്നത് നിയമലംഘനം നടത്തിയ പ്രോട്ടോകോള്‍ ഓഫീസറെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.