കൂറ്റന്‍ ബാര്‍ജ് നീര്‍ക്കുന്നം തീരത്തടിഞ്ഞു

Tuesday 17 July 2018 2:47 am IST
"നീര്‍ക്കുന്നം തീരത്തടിഞ്ഞ കൂറ്റന്‍ ബാര്‍ജ്"

അമ്പലപ്പുഴ:  ചെറു കപ്പലും, സ്പീഡ് ബോട്ടുമായി  പടുകൂറ്റന്‍ ബാര്‍ജ് അമ്പലപ്പുഴയില്‍ നീര്‍ക്കുന്നം കടല്‍ത്തീരത്ത് അടിഞ്ഞു. മൂന്ന് ദിവസമായി കടലില്‍ ഒഴുകിയ അബുദാബി അല്‍ ഫത്താന്‍ ഡോക്കിന്റെ ബാര്‍ജ് തിരമാലകളില്‍പ്പെട്ട് ഇന്നലെ രാവിലെ എട്ടോടെ തീരത്ത് അടിയുകയായിരുന്നു. 

 കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയുടെ 180 മീറ്റര്‍ നീളമുള്ള കപ്പലും, ഫൈബര്‍ ബോട്ടും, ചെറിയ ബാര്‍ജും ഇതില്‍ ഉണ്ടായിരുന്നു. ഇറാനില്‍ നിന്നും ഇന്തോനേഷ്യയിലെത്തിയ കപ്പല്‍ കൊച്ചി യിലെത്തിയെങ്കിലും തുറമുഖത്തേയ്ക്ക് അടുക്കാന്‍ കഴിഞ്ഞില്ല. ഇതെത്തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട കപ്പലിന്റെ പിന്‍ഭാഗത്തെ വടം പൊട്ടി കപ്പലും, ബാര്‍ജും ഒഴുക്കില്‍പ്പെടുകയായിരുന്നു. 

 ആലപ്പുഴ തീരത്തു നിന്നും 40 കി.മീറ്റര്‍ അകലെ വെച്ചാണ് ഇതു തമ്മില്‍ വേര്‍പിരിഞ്ഞതെന്നാണ് നിഗമനം. കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടു കിടപ്പുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു. പുറംകടലില്‍ കിടക്കുന്ന കപ്പലുകളില്‍ നിന്നും തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിക്കാനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്. ബാര്‍ജിലുള്ള സ്പീഡ് ബോട്ടിനുള്ളില്‍ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരും ഉണ്ടായിരുന്നു. തീരത്തിറങ്ങാന്‍ ബന്ധപ്പെട്ടവര്‍ ഇവരെ അനുവദിച്ചില്ല. നേവല്‍ ബേസ് അധികൃതരുടെ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവരെ കരക്കെത്തിക്കാതിരുന്നത്.

 രാവിലെ തന്നെ അമ്പലപ്പുഴ സിഐയും, കോസ്റ്റല്‍ പോലീസും കൊച്ചിലെ നേവല്‍ ബേസിലും, ജില്ലാ പോര്‍ട്ട് ഓഫീസിലും വിവരം ധരിപ്പിച്ചെങ്കിലും വൈകിട്ട് 6.15ഓടെയാണ്. കര, നാവിക, വ്യോമസേന അധികൃതര്‍ സംഭവസ്ഥലത്തെത്തിയത്. കൊച്ചി യൂണിറ്റ് കോസ്റ്റ് ഗാര്‍ഡ് സേനയും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. 

 ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ സ്പീഡ് ബോട്ടിലുള്ളവരെ കരക്കെത്തിക്കുകയുള്ളു. ആലപ്പുഴ ജില്ല പോലീസ് ചീഫ് സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി, അമ്പലപ്പുഴ സിഐ ബിജു വി നായര്‍, കോസ്റ്റല്‍ പോലീസ് എസ്‌ഐ രാജ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ജില്ലയുടെ പുറത്തു നിന്നു പോലും ആയിരക്കണക്കിനു ജനങ്ങളാണ് കപ്പല്‍ കാണുവാനായി നീര്‍ക്കുന്നം തീരത്തേയ്ക്ക് ഒഴുകി എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.