കര്‍മങ്ങളെ എങ്ങനെ ആരാധനയാക്കാം

Tuesday 17 July 2018 2:48 am IST

നഹിദേഹജതാസക്യം- അധ്യായം 18, 11-ാം ശ്ലോകം

അശ്വമേധം മുതലായ വൈദിക യജ്ഞങ്ങള്‍ വിവിധ ദേവതകളുടെ പ്രീതിക്കായി അനുഷ്ഠിക്കപ്പെടുന്നവയാണ്. അവ ശ്രീകൃഷ്ണ ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കാന്‍ കഴിയും. ഋഷഭദേവന്റെ പുത്രനായ ഭരത രാജാവ് ആ രീതിയിലാണ് യജ്ഞം അനുഷ്ഠിച്ചതെന്ന് ശ്രീമദ് ഭാഗവതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

''ഹവിഷ്ഠ അധ്വര്യുഭിഃ ഗൃഹ്യമാ-

ണേഷു സയജമാനോ യജ്ഞഭാജോ ദേവാന്‍ 

താന്‍ പുരുഷാവയഷ്‌ഠേ അഭ്യധായത്''

(=ഇന്ദ്രന്‍ മുതലായ ദേവന്മാരുടെ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട്, അധ്വര്യുക്കള്‍ ഹവിസ്സു കയ്യിലെടുത്ത് ന

ില്‍ക്കുമ്പോള്‍- ആ യജമാനന്‍- ഭരത രാജാവ്- ദേവന്മാരെ ആദിപുരുഷനായ ശ്രീകൃഷ്ണ ഭഗവാന്റെ അവയവങ്ങളില്‍ സ്ഥിതിചെയ്യുന്നതായി ധ്യാനിച്ചു.) (ഭാഗ-5-6-6). ഇങ്ങനെ യജ്ഞം ചെയ്യുമ്പോള്‍ ശ്രീകൃഷ്ണനും സന്തോഷിച്ചു. ദേവന്മാരും സന്തോഷിച്ചു.

ലൗകികമായ കര്‍മങ്ങളും ഭഗവാനില്‍ സമര്‍പ്പിച്ച് കര്‍മസംന്യാസം ചെയ്യാം

അധ്യായം-18-ശ്ലോകം 11

നാം ആഹാരം കഴിച്ച് വളര്‍ത്തുന്ന, ദേഹം ഭഗവദ്പ്രീതിക്കായി സമര്‍പ്പിക്കാം. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളും ഭഗവാന് സമര്‍പ്പിച്ച് കര്‍മസംന്യാ

സിയായിത്തീരാം.

ഭഗവാന്റെ ത്രൈലോക്യ സമ്മോഹനമായ രൂപം ഹൃദയത്തില്‍ നിത്യവും ധ്യാനിക്കുക. അങ്ങനെ ശരീരത്തെ ഭഗവാന്റെ വാസസ്ഥാനമായി മാറ്റാം.  ഭഗവദ് കഥാനാമങ്ങള്‍ കേള്‍ക്കുമ്പോള്‍, ശ്രവിക്കുക എന്ന പ്രവൃത്തി ഭഗവാനില്‍ സമര്‍പ്പിതമായി. അവ കീര്‍ത്തിക്കുകയും സ്വയം വര്‍ണിക്കുകയും ചെയ്യുമ്പോഴും ഗീതാ- ഭാഗവതാദി ഭഗവദീയഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുമ്പോഴും സംസാരിക്കുക എന്ന കര്‍മം ഭഗവദര്‍പ്പിതമായി. കൈകള്‍കൊണ്ട് ഭഗവാനെ പൂജിക്കുമ്പോല്‍, കൈകള്‍കൊണ്ടുള്ള പ്രവര്‍ത്തനവും, കാല്‍ നടയായി ഭഗവദ് ക്ഷേത്രങ്ങളില്‍ ചെല്ലുകയും ഭഗവാനെ പ്രദക്ഷിണം വെക്കുകയും ചെയ്യുമ്പോള്‍ നടക്കുക എന്ന കര്‍മം ഭഗവദര്‍പ്പിതമായി തീര്‍ന്നു. നമ്മുടെ ആഹാരം ഭഗവാന് നിവേദിച്ച പ്രസാദം മാത്രമാക്കി മാറ്റിയാല്‍ ആഹാരം ഭഗവദര്‍പ്പിതമായി. ഭാര്യയെയും മക്കളെയും ഭഗവദ് ഭക്തിയുള്ളവരാക്കി മാറ്റുകയും തന്റെ ഭഗവദ് സേവനത്തിന് സഹായികളാക്കി എടുക്കുകയും ചെയ്താല്‍ വിവാഹം, പുത്രോത്പാദനം ഇവ ഭഗവദര്‍പ്പിത കര്‍മങ്ങളായി.

തൊഴിലാളികളും ഓഫീസ് ജോലിക്കാരും തങ്ങളുടെ ശമ്പളമായും കച്ചവടക്കാര്‍ തങ്ങളുടെ ലാഭമായും കിട്ടുന്ന ധനം കുടുംബ ചെലവിന് മിതമായി ഉപയോഗിച്ച്, ബാക്കിയുള്ളത് ക്ഷേത്രങ്ങള്‍ക്കും ഉത്സവാദികള്‍ക്കും, ഗീതാ ഭാഗവത പ്രചരണങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ചാല്‍ ധനസമ്പാദനം എന്ന കര്‍മം ഭഗവദാരാധനയായി തീര്‍ന്നു. ''കര്‍മ ചൈവതദര്‍ഥീയം'' എന്ന കഴിഞ്ഞ അധ്യായത്തിലെ 27-ാം ശ്ലോക ഭാഗത്തിന്റെ വിവരണം കൂടി നോക്കുക.

  കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.