പേമാരിയിൽ പത്തു മരണം

Tuesday 17 July 2018 3:00 am IST
"മുണ്ടക്കയം ഇളംകാട് ഉരുള്‍പൊട്ടിയപ്പോള്‍ "

കോട്ടയം/ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി അതിരൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി ഇന്നലെ 10 പേരാണ് മഴക്കെടുതികളില്‍പ്പെട്ട് മരിച്ചത്. ഇടുക്കി ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. കോട്ടയത്ത് ഒരാള്‍ മരിച്ചു, മൂന്ന് പേരെ കാണാതായി. തോരാമഴയില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ വന്‍നാശമാണുണ്ടായത്. മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെയും കോരുത്തോട് അഴുതാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെയും കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 

കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ വയലില്‍പ്പടിയിലെ കള്ള്ഷാപ്പിന് സമീപം കൈത്തോട്ടില്‍ വീണ്  മധ്യവയസ്‌ക്കന്‍ മരിച്ചു. പഴയിടം ചെറുവള്ളി ആറ്റുപുറത്ത് ശിവന്‍കുട്ടി (55) തോട്ടിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. ഇളങ്കാട് മേഖലയില്‍  ഉരുള്‍പൊട്ടി, ഏക്കറുകണക്കിന് ഭൂമി ഒഴുകിപ്പോയി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് മേഖലയില്‍  തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് വ്യാപക നാശം വിതച്ചത്. കൃഷിയിടങ്ങള്‍ ഒലിച്ച് പോയി. പല വീടുകളും അപകടാവസ്ഥയിലാണ്. ഇളങ്കാട് ഞര്‍ക്കാടിന് സമീപം കൂന്നാട് ടോപ്പ്, ഇളങ്കാട് കൊടുങ്ങ, എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കൂന്നാട് പാറക്കല്‍ അബ്ദുല്‍ സലാമിന്റെ പുരയിടത്തില്‍ നിന്നാണ് ഉരുളെത്തിയത്. മൂന്നു പതിറ്റാണ്ടിന് ശേഷമാണ് മേഖലയില്‍ ഉരുള്‍പൊട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലാ നഗരം പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ജില്ലയില്‍ 83 ദുരിതാശ്വാസ ക്യാമ്പുകളിലായി 7444  പേരാണ് കഴിയുന്നത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. 

പഴയ മൂന്നാറില്‍ വെള്ളം കയറി. ഹൈറേഞ്ചില്‍ നിരവധി ഇടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഉരുള്‍പൊട്ടലില്‍ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വണ്ടിപ്പെരിയാറില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാര്‍ കോളനിയില്‍ വെള്ളം കയറി. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്ലില്‍ പള്ളിയുടെ മുകളിലേയ്ക്ക് മണ്ണിടിഞ്ഞു. ഹൈറേഞ്ച് യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം. 

പൂമാല മേത്തൊട്ടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ചുപോയി. ഈട്ടിക്കല്‍ കുന്നേല്‍ രാജന്റെ വീടാണ് തകര്‍ന്നത്. മഴയെ തുടര്‍ന്ന് രാജനും കുടുംബവും തറവാട്ട് വീട്ടിലേക്ക് മാറിയതിനാല്‍ ദുരന്തം ഒഴിവായി. മൂലമറ്റം-ആശ്രമം ഭാഗത്ത് ഉരുള്‍പൊട്ടി വന്‍ നാശം. ആശ്രമം വയറ്റാട്ടില്‍ ഹരിയുടെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. സമീപത്തുള്ള ആശ്രമം-മേമുട്ടം റോഡിലേക്ക് ഉരുള്‍ പതിച്ചു. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആശ്രമം പൂവത്തുംമൂട്ടില്‍ മണിയുടെ പുരയിടത്തിലൂടെയുള്ള റോഡ് ഇടിഞ്ഞ് താഴ്ന്നു. മേമുട്ടം ഭാഗത്ത് വേലിക്കല്‍ രാമകൃഷ്ണന്റെ കുടുംബത്തെ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചു. 

നെടുങ്കണ്ടം പച്ചടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷിനാശം. കൊച്ചുപറമ്പില്‍ ബെന്നിയുടെ അരയേക്കര്‍ കൃഷിയാണ് നശിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തോടെ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. കട്ടപ്പന ഈട്ടിത്തോപ്പിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് ഏക്കര്‍ കൃഷിയിടം നശിച്ചു. ഇന്നലെ രാവിലെ ഏഴുമണിക്കും എട്ടരയ്ക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. 

മുതിരപ്പുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു. ബൈപ്പാസ് റോഡിലും മൂന്നാര്‍ ടൗണിലേയ്ക്കുള്ള പ്രവേശന കവാടത്തിലും മണ്ണിടിഞ്ഞു. ഇതോടെ പഴയ മൂന്നാര്‍ ഒറ്റപ്പെട്ടു. വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അഞ്ച് ദിവസമായി മേഖലയില്‍ വെള്ളക്കെട്ട് ശക്തമാണ്. അടിമാലി പൂപ്പാറ റോഡില്‍ വെള്ളത്തൂവലിനും എസ് വളവിനും ഇടയില്‍ മണ്ണിടിഞ്ഞു. അടിമാലി - കട്ടപ്പന റോഡില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിഞ്ഞു. വാഗമണ്‍ ഉപ്പുതറ റോഡില്‍ ഗതാഗതം സ്തംഭിച്ചു. അടിമാലി മൂന്നാര്‍ റോഡിലും മണ്ണിടിച്ചില്‍ വ്യാപകമാണ്. പീരുമേട്ടിലും നിരവധി ഇടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. ഇരുമ്പുപാലം പടിക്കപ്പ് റോഡ് വെള്ളത്തിലായി. കുമളി പെരിയാര്‍ കോളനിയില്‍ വെള്ളം കയറി വ്യാപാക നാശം. വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറിയതോടെ തേയിലത്തോട്ടം വഴി കിടപ്പ് രോഗികളെ പുറത്തെത്തിച്ചു. മറയൂരില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. പെരുവന്താനത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞു. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ എല്ലാം തുറന്നു. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ കീരിക്കരയിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ പിന്‍വശത്തെ മണ്ണിടിഞ്ഞ് പള്ളിയുടെ ഉള്‍വശം മണ്ണിനടിയിലായി. രണ്ട് തവണയായാണ് ഇവിടെ മണ്ണിടിഞ്ഞത്. ഇന്നലെ രാവിലെ മുതല്‍ മഴയ്ക്ക് ശമനം ഉണ്ടായതിനാല്‍ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുളള സ്‌കൂളുകള്‍ക്കാണ് അവധി. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലും മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.