തെരുവുനായ നഷ്ടപരിഹാരം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

Tuesday 17 July 2018 3:05 am IST

ന്യൂദല്‍ഹി: തെരുവുനായ ആക്രമണത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാത്ത കേരള സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യനടപടി സ്വീകരിക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. 

ഇങ്ങനെ പോവുകയാണെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന മുഴുവന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം നല്‍കണം. 

കേരളത്തിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ജസ്റ്റിസ് സിരിജഗന്‍, സമിതിക്കു ലഭിച്ച 402 പരാതികളില്‍ 147 പേര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച സുപ്രിംകോടതി കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ ഉത്തരവാദിത്വം ഇരകള്‍ താമസിക്കുന്ന അതതു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു ഒരു വര്‍ഷം കഴിഞ്ഞിട്ടും 129 പേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ഇന്നലെ ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.