രണ്ടാം ഫ്രഞ്ച് വിപ്ലവം

Tuesday 17 July 2018 3:12 am IST

കഴിഞ്ഞ 32 ദിനരാത്രങ്ങള്‍ കാല്‍പ്പന്തുകളി പ്രേമികളെ ആവേശത്തിലാറാടിച്ച 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി. 20 വര്‍ഷത്തിനുശേഷം ഫ്രഞ്ച് പോരാളികള്‍ ലോകചാമ്പ്യന്മാരാകുന്നത് കണ്ടാണ് ലോകകപ്പിന്റെ സമാപനം. ഞായറാഴ്ച രാത്രി നടന്ന വാശിയേറിയ പോരാട്ടത്തില്‍ , ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഫ്രഞ്ച് വിപ്ലവം അരങ്ങേറിയത്. 20 വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സ് ലോകകിരീടം നേടിയത്. 1998-ല്‍ സ്വന്തം മണ്ണിലായിരുന്നു അവരുടെ ആദ്യ ലോകകപ്പ്. അന്ന് ടീമിന്റെ നായകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സാണ് ഇന്ന് കോച്ച്.  കളിക്കാരനായും കോച്ചായും ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ദെഷാംപ്‌സ്.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി ബെല്‍ജിയവും ലോകകപ്പിലെ തങ്ങളുടെ മികച്ച പ്രകടനം നടത്തി. അതേസമയം 2014 ചാമ്പ്യന്മാരായ ജര്‍മ്മനി ആദ്യ റൗണ്ടിലും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലും ബ്രസീല്‍ ക്വാര്‍ട്ടറിലും മടങ്ങുന്നതിനും റഷ്യന്‍ ലോകകപ്പ് സാക്ഷ്യം വഹിച്ചു. നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന്റെ മുന്നേറ്റവും പ്രീ ക്വാര്‍ട്ടറില്‍ ഉറുഗ്വെയ്ക്ക് മുന്നില്‍ തീര്‍ന്നു.

ഈ ലോകകപ്പില്‍ മത്സരിച്ച  32 ടീമുകളില്‍ ഏറ്റവും കരുത്തുറ്റ നിരയായിരുന്നു ഫ്രാന്‍സിന്റേത്. കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ അനുഭവസമ്പത്തും  ഫ്രഞ്ച് കുതിപ്പിന് കരുത്തായി. ഈ കിരീടധാരണത്തോടെ 2006 ലോകകപ്പിലും 2016 യൂറോ കപ്പിലും ഫൈനല്‍ വരെയെത്തി നിരാശരായി മടങ്ങേണ്ടിവന്നതിന്റെ സങ്കടങ്ങളും ഫ്രാന്‍സ് കഴുകിക്കളഞ്ഞു. അതേസമയം, ഏകദേശം 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യവും തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് ലോകകപ്പില്‍ നിന്ന് മടങ്ങുന്നത്. ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും ഫ്രാന്‍സിനൊപ്പം തന്നെ ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചെറിയ വീഴ്ചകള്‍ക്കുമുന്നില്‍ ഹതാശരാവാതെ പൊരുതാന്‍ പ്രേരിപ്പിക്കുന്ന ആത്മവീര്യവും മാനസികബലവുമാണ് ക്രൊയേഷ്യയെ ഫൈനല്‍വരെയെത്തിച്ചത്. ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും ഇവാന്‍ റാക്കിട്ടിച്ചും മരിയോ മാന്‍സുകിച്ചുമടങ്ങുന്ന ക്രോട്ട് നിര ലക്ഷക്കണക്കിന് ആരാധകരെ നേടിയാണ് റഷ്യയില്‍ നിന്ന് മടങ്ങുന്നത്. 

1982ലെ സ്പാനിഷ് ലോകകപ്പിനുശേഷം ഒരു ആഫ്രിക്കന്‍ ടീം പോലും നോക്കൗട്ടില്‍ കടക്കാതിരുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. എന്നാല്‍ ലോകകിരീടം ചൂടിയ ഫ്രാന്‍സിന്റെ 23 അംഗ ടീമില്‍ 15 പേര്‍ ആഫ്രിക്കയില്‍ വേരുള്ളവരാണ്.  കളിച്ച 7 മത്സരങ്ങളില്‍ ഒരെണ്ണം പോലും തോല്‍ക്കാതെയാണ് ഫ്രാന്‍സ് കിരീടത്തിലേക്ക് കുതിച്ചത്. ആറില്‍ ജയിച്ചപ്പോള്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ ഡെന്മാര്‍ക്കിനെതിരെ സമനില പാലിച്ചു. ലോക കിരീടത്തിലേക്കുള്ള കുതിപ്പില്‍ രണ്ട് മുന്‍ ചാമ്പ്യന്മാര്‍ക്ക് പുറത്തേക്കുള്ള വഴിയും ഫ്രഞ്ച് പോരാളികള്‍ തുറന്നുകൊടുത്തു. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ ഉറുഗ്വെയുമാണ് ഫ്രഞ്ച് പടയോട്ടത്തില്‍ വീണത്. സെമിയില്‍ ബെല്‍ജിയവും ഹ്യൂഗോ ലോറിന്റെ ഫ്രാന്‍സിന് മുന്നില്‍ കാലിടറി വീണു . 2002നുശേഷം അധികസമയത്തേക്ക് നീളാതെ നിശ്ചിത സമയത്ത് വിജയികളെ നിര്‍ണിച്ച ഫൈനല്‍ കൂടിയായി ഇത്. 

 ക്രൊയേഷ്യയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയെയും ഷൂട്ടൗട്ടിനൊടുവില്‍ പരാജയപ്പെടുത്തിയ ക്രൊയേഷ്യക്ക് സെമിയില്‍ ഇംഗ്ലണ്ടിനെ മറികടക്കാനും എക്‌സ്ട്രാ ടൈമിന്റെ സഹായം ആവശ്യമായിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 120 മിനിറ്റ് കളിച്ചതിന്റെ ക്ഷീണമൊന്നും ഫൈനലില്‍ അവര്‍ പ്രകടിപ്പിച്ചില്ല. എന്നാല്‍ അപ്രതീക്ഷിതമായി 38-ാം മിനിറ്റില്‍ വീണ ഒരു പെനാല്‍റ്റി ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 

 ഈ ലോകകപ്പില്‍ ആദ്യമായി നടപ്പാക്കിയ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനം ഒട്ടേറെ വിവാദങ്ങളെയും കളത്തിനു പുറത്താക്കി. കളി കൂടുതല്‍ സുതാര്യവും സത്യസന്ധവുമായി. എങ്കിലും ചില റഫറിമാര്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ മടികാട്ടിയതിനെ തുടര്‍ന്ന് പഴിയും കേട്ടു. എങ്കിലും ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീണതായി അഭിനയിച്ച് പെനാല്‍റ്റി നേടുന്ന മുന്‍ലോകകപ്പുകളിലെ അനുഭവം ഇത്തവണ ഇല്ലാതായി. മാത്രമല്ല അഭിനയത്തിന് ചില പ്രമുഖതാരങ്ങള്‍ മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. അഭിനയത്തില്‍ ബ്രസീലിന്റെ നെയ്മറും ഉറുഗ്വെയുടെ സുവാരസുമായിരുന്നു മുന്നില്‍ നിന്നിരുന്നത്.

ഇത്തവണ 219 മഞ്ഞക്കാര്‍ഡുകളും 4 ചുവപ്പുകാര്‍ഡുകളുമാണ് റഫറിമാര്‍ പുറത്തെടുത്തത്. ചുവപ്പുകാര്‍ഡുകളുടെ എണ്ണം കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിനേക്കാള്‍ കുറഞ്ഞു. കഴിഞ്ഞ ലോകകപ്പില്‍ 10 തവണയാണ് റഫറിമാര്‍ ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്. എന്നാല്‍ ഇത്തവണ മഞ്ഞക്കാര്‍ഡുകളുടെ എണ്ണം കൂടുതലായിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ 187 മഞ്ഞക്കാര്‍ഡുകളാവണ് റഫറിമാര്‍ കാണിച്ചതെങ്കില്‍ ഇത്തവണ അത് 219 ആയി ഉയര്‍ന്നു. ഇത്തവണ 64 മത്സരങ്ങളില്‍ നിന്ന് രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 169 ഗോളുകളാണ് പിറന്നത്. കഴിഞ്ഞ ലോകകപ്പിനേക്കാള്‍ രണ്ടെണ്ണം കുറവ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നുമാണ് ഹാട്രിക്കിന് അവകാശികളായത്.

കെയ്‌ലിയന്‍ എംബപ്പെ എന്ന സൂപ്പര്‍ താരോദയത്തിനും റഷ്യന്‍ ലോകകപ്പ് വേദിയായി. ലോകകപ്പിലെ യങ് പ്ലയര്‍ അവാര്‍ഡും എംബപ്പെക്ക് സ്വന്തം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി ഈ 19 കാരന്‍. പെലെയാണ് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. 1958-ല്‍ തന്റെ ആദ്യ ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെക്ക് 17 വയസ്സായിരുന്നു പ്രായം. ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി എംബപ്പെക്കാണ്. ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം ആറ് ഗോളുകളുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും മികച്ച കളിക്കാരനുള്ള സ്വര്‍ണപ്പന്ത് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും നേടി. രണ്ടാമത്തെ കളിക്കാരനുള്ള വെള്ളി പന്ത് ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡും വെങ്കല പന്ത് ഫ്രാന്‍സ് പ്ലേ മേക്കറായി മിന്നിത്തിളങ്ങിയ അന്റോണിയോ ഗ്രിസ്മാനും നേടി. ഫ്രാന്‍സിന്റെ ഗ്രിസ്മാനാണ് രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള വെള്ളി പാദും. വെങ്കലപാദുകം  ബെല്‍ജിയത്തിന്റെ റൊമേലു ലുകാകുവും നേടി. ഗ്രിസ്മാനും ലുകാകുവും നാല് ഗോളുകള്‍ വീതമാണ് നേടിയതെങ്കിലും കൂടുതല്‍ അസിസ്റ്റ് ഗ്രിസ്മാന് തുണയാവുകയായിരുന്നു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോട്ട് കുര്‍ട്ടോയിസ് നേടിയപ്പോള്‍ ഫെയര്‍ പ്ലേ അവാര്‍ഡ് സ്‌പെയിന്‍ കരസ്ഥമാക്കി.

സംഘാടന മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12 സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മത്സരങ്ങളാണു നടന്നത്. ഇനി ഇന്ത്യയുടെ കാര്യം. എല്ലാ ലോകകപ്പുകളെയും പോലെ ഇത്തവണയും ഇന്ത്യന്‍ ആരാധകര്‍, പ്രതേ്യകിച്ച് മലയാളികള്‍ ടിവിക്കും ബിഗ് സ്‌ക്രീനിന് മുന്നിലിരുന്നും മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ എന്നാണ് ലോകകപ്പില്‍  പന്തുതട്ടുക. നമുക്ക് കാത്തിരിക്കാം, 2022 ലെ ഖത്തര്‍ ലോകകപ്പില്‍  യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയോടെ. ഇല്ലെങ്കില്‍ അതിലും നമുക്ക് ആര്‍ത്തുവിളിക്കാം, കയ്യടിക്കാം. മറ്റുരാജ്യങ്ങള്‍ക്കുവേണ്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.