തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

Tuesday 17 July 2018 10:29 am IST

അമ്പലപ്പുഴ: നീര്‍ക്കുന്നം തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ വിദേശ പൗരന്മാരെ നാവികസേന രക്ഷപ്പെടുത്തി. ബാര്‍ജിലെ സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്ന രണ്ട് ഇന്തോനേഷ്യന്‍ പൗരന്മാരെയാണ് ഇന്നലെ രാവിലെ ഏഴോടെ നാവിക സേന രക്ഷപ്പെടുത്തിയത്. കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെ ഹെലിക്കോപ്റ്ററില്‍ ബാര്‍ജിനു മുകളിലെത്തി വടം താഴേക്കിട്ട് ഇവരെ ഹെലിക്കോപ്റ്ററിനുള്ളിലേയ്ക്കു കയറ്റുകയായിരുന്നു.

 കടല്‍ പ്രക്ഷുബ്ദമായിരുന്നതിനാല്‍  ഏറെ പണിപ്പെട്ടാണ് നാവിക സേന രക്ഷാദൗത്യം നിര്‍വഹിച്ചത്. രക്ഷപെടുത്തിയവരെ കൊച്ചിയിലെ കോസ്റ്റ് ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. പാസ്സ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഉള്‍പ്പടെയുള്ള എമിഗ്രേഷന്‍ നടപടികള്‍ തുടരുന്നതായി കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ നേവി എത്തുമെന്നറിഞ്ഞ് യുഐ എംബസിയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ കോസ്റ്റ് ഗാര്‍ഡ്, നാവിക സേന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് രക്ഷപെടുത്തിയവരെ കൊച്ചിയിലേയ്ക്കു കൊണ്ടു പോയത്.

തീരത്ത് അടിഞ്ഞ ബാര്‍ജ് ഇവിടെ നിന്നും കൊണ്ടു പോകാനായി മൂന്നു ടഗ്ഗ് എങ്കിലും വേണ്ടിവരുമെന്നാണ് കൊല്ലത്തെ ഷിപ്പിങ് ഏജന്‍സിയായ പാക്‌സ്  പറയുന്നത്. ടഗ്ഗ് തീരത്തേക്ക് അടുക്കാന്‍ പറ്റാത്തതു കൊണ്ടാണ് മൂന്നു ടഗ്ഗുകള്‍ വേണ്ടിവരുന്നത്. കടല്‍ ശാന്തമായാലുടന്‍ തന്നെ ബാര്‍ജ് തീരത്തു നിന്നും കൊണ്ടു പോകാനാവുമെന്നും ഏജന്‍സി പറഞ്ഞു. മലേഷ്യയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രാമദ്ധ്യേ അല്‍ഫത്താന്‍ കമ്പനിയുടെ ബാര്‍ജും, കപ്പലുമായി ബന്ധിപ്പിച്ചിരുന്ന റോപ്പു പൊട്ടുകയായിരുന്നു.  തിരമാലകളില്‍പ്പെട്ട ബാര്‍ജ് തിങ്കളാഴ്ച രാവിലെ എട്ടോടെ നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.