കേന്ദ്രം യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നു; ലക്ഷ്യം യുവജന ശാക്തീകരണം

Tuesday 17 July 2018 11:21 am IST

ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കൾക്ക്  കേന്ദ്രം സൈനിക പരിശീലനം നൽകുന്നു. യുവാക്കൾക്കിടയിൽ ദേശ സ്നേഹം വർധിപ്പിക്കുക, അവരെ അച്ചടക്കമുള്ളവരാക്കുക എന്നതാണ് പുതിയ പദ്ധതികൊണ്ട് കേന്ദ്രം  ലക്ഷ്യമിടുന്നത്.  ദേശീയ യുവജന ശാക്തീകരണ പദ്ധതി (എന്‍-വൈ.ഇ.എസ്) എന്ന പേരിലാണ് പരിശീലന പരിപാടി ആവിഷ്കരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ'നവ ഇന്ത്യ 2022' എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 

യുവജനങ്ങളില്‍ ദേശീയതയും ആത്മാഭിമാനവും വളര്‍ത്തുക, ഇന്ത്യയെ'വിശ്വഗുരു'വാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. സൈനിക പരിശീലനത്തിന് പുറമെ തൊഴില്‍പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നല്‍കും. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ യുവാക്കളെ അഭ്യസിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യ പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 10, 12, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്റ്റൈപെന്‍ഡും നല്‍കും. ക്രമേണ പ്രതിരോധം-അര്‍ദ്ധസൈനിക വിഭാഗങ്ങളിലേക്കും പോലീസിലേക്കുമുള്ള ജോലികള്‍ക്ക് സൈനികപരിശീലനം ഒരു നിര്‍ബന്ധ യോഗ്യതയാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.