തിരുവനന്തപുരം: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍ പ്രദേശില്‍ ഇഎം ഇന്ത്യയുടെ ആദരവ്.
21 ന് വൈകുന്നേരം 4 മണിക്ക് ബനാറസ് യൂണിവേഴ്സിറ്റി കെ.എന്‍. ഉടുപ ആഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സമയോചിതമായ ഇടപെടലിലൂടെ നിപ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് കേരളത്തെ ആദരിക്കുന്നത്. ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നാണ് എ.സി.ഇ.ഇ. ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, ഇ.എം. ഇന്ത്യ 2018 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല എന്നിവര്‍ പറയുന്നത്.
എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇ.എം. ഇന്ത്യ. 21, 22 തീയതികളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ വിവിധ തലങ്ങളെപ്പറ്റി 30 മണിക്കൂറിലധികം സയന്റിഫിക് സെഷനും ഈ കോണ്‍ക്ലേവിലുണ്ടാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന് വിദഗ്ധരാണ് ഈ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: