പ്രളയം: കോട്ടയത്ത് അഞ്ച് മരണം, രണ്ട് പേരെ കാണാനില്ല

Wednesday 18 July 2018 2:16 am IST
കിഴക്കന്‍ വെള്ളത്തള്ളലില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. പതിനായിരങ്ങളാണ് കെടുതി അനുഭവിക്കുന്നത്. വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളില്‍ ദ്രുതകര്‍മ്മസേന ഇറങ്ങി. ഇന്നലെ രാത്രി വൈകിയും ആയിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നത്.

കോട്ടയം: സമീപകാലത്ത് കോട്ടയം ജില്ല കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം മൂന്ന് പേര്‍ മരിച്ചു. ഇന്നലെ പതിനാലുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി മരിച്ചു. മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരെ കുറിച്ച് വിവരം കിട്ടിയിട്ടില്ല. 

കിഴക്കന്‍ വെള്ളത്തള്ളലില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. പതിനായിരങ്ങളാണ് കെടുതി അനുഭവിക്കുന്നത്. വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ അയര്‍ക്കുന്നം, വിജയപുരം പഞ്ചായത്തുകളില്‍ ദ്രുതകര്‍മ്മസേന ഇറങ്ങി. ഇന്നലെ രാത്രി വൈകിയും ആയിരങ്ങളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നത്. 

മീനച്ചിലാറ്റില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രം ട്രെയിന്‍ സഞ്ചരിക്കാനാണ് നിര്‍ദ്ദേശം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് ആറുമണിയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. നിരവധി ട്രെയിനുകള്‍ ഇതു മൂലം വൈകി. 

കാരിക്കോട് ഐക്കരകുഴിയില്‍ പരേതനായ ജിനുവിന്റെ മകന്‍ അലന്‍ (14) പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാരിക്കോട് മൂര്‍ക്കാട്ടിപ്പടി ഇറമ്പില്‍ പാടശേഖരത്തിലാണ് സംഭവം. കൂട്ടുകാരുമൊത്ത് വെള്ളം കാണുന്നതിന് വീട്ടില്‍ നിന്ന് സൈക്കിളില്‍ ഇറമ്പില്‍ പാടശേഖരത്തില്‍ എത്തിയതായിരുന്നു അലന്‍. വെള്ളം കവിഞ്ഞൊഴുകി കൊണ്ടിരുന്ന റോഡില്‍ നിന്ന് കാല്‍തെറ്റി വീഴുകയായിരുന്നു. പിറവം എംകെഎം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അലന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍. അമ്മ ലൂസി (കുഞ്ഞുമോള്‍). സഹോദരി അലീന.

അഴുതയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പലവീട്ടില്‍ ദീപു (34)വിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് രണ്ടര കിലോമീറ്റര്‍ മാറി ആനക്കല്ലില്‍ ആറ്റുവഞ്ചിയില്‍ തടഞ്ഞ നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പില്‍ കൃഷ്ണന്‍കുട്ടി, കോമളവല്ലി ദമ്പതികളുടെ മകനാണ് ദീപു. ഭാര്യ: ഷിജി. മക്കള്‍: ദേവനന്ദ (ആറ്), ദുവനന്ദ (മൂന്ന്). സംസ്‌കാരം നടത്തി. 

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളെയും ഇന്നലെ വൈകിയും കണ്ടെത്താനായില്ല. പുല്ലകയത്തിലെ പൂവഞ്ചിയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ചൂണ്ടയിട്ട് മീന്‍പിടിക്കുന്നതിനിടെ കാണാതായ പുകയൂര്‍ മേലുട്ട് തെക്കേതില്‍ പ്രവീണ്‍, മണക്കാല വട്ടവട തെക്കേതില്‍ ഷാഹുല്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.