വോള്‍വോ എക്‌സ്‌സി 40; ഇവനാണ് വി

Tuesday 17 July 2018 10:14 pm IST

സ്‌യുവികളിലെ വിസ്മയം. വോള്‍വോയുടെ ഏറെക്കാലമായി കാത്തിരുന്ന എന്‍ട്രി ലവല്‍ ലക്ഷ്വറി എസ്‌യുവി വോള്‍വോ എക്‌സ്‌സി 40യെ ഇങ്ങനെ വിശേഷിപ്പിക്കാം. കോംപാക്ട് മോഡുലര്‍ ആര്‍ക്കിടെക്ചര്‍ സംവിധാനത്തില്‍ നിര്‍മ്മിച്ച ആദ്യ എസ്‌യുവിയാണിത്. ഫ്യൂച്ചര്‍ റെഡി ഇലക്ട്രിഫിക്കേഷന്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുമായാണ് വണ്ടിയുടെ വരവ്. 

എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സൗകര്യങ്ങളുമായാണ് ആഗോള കോംപാക്ട് എസ്‌യുവി വിപണിയിലേക്ക് എക്‌സ് സി 40 എത്തുന്നത്. അത്യാധുനിക സ്‌ക്കാന്‍ഡി നേവിയന്‍ രൂപകല്‍പ്പനയുമായെത്തുന്ന ഇതിന്റെ എഞ്ചിന് 4000 ആര്‍പിഎമ്മില്‍ 190 പിഎസ് ശേഷിയുണ്ട്. 400 എന്‍എംടോര്‍ക്ക്, റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍, 211 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, ഹര്‍മാന്‍ കാര്‍ഡണ്‍ 13 സ്പീക്കര്‍ സംഗീത സൗകര്യം തുടങ്ങിയവയെല്ലാം പ്രത്യേകതയാണ്. 

ഇരട്ട ടോണ്‍ കളര്‍ മുതല്‍ ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍ വരെ നിരവധി പ്രത്യേകതകളാണ് പുറം മോടിക്ക്. കറുത്ത ലതര്‍ ഇന്റീരിയര്‍ മുതല്‍ ഒന്‍പത് ഇഞ്ച് ടച്ച് സ്‌ക്രീന്‍ വരെ ഉള്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. ഈ വിഭാഗത്തില്‍ റഡാര്‍ അധിഷ്ഠിത സുരക്ഷ നല്‍കുന്ന ആദ്യ എസ്‌യുവിയും ഇതു തന്നെ. സ്റ്റിയറിങ് അസിസ്റ്റ്, കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും ഇതിലുണ്ട്. 

190 എച്ച്പിയും 400 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2 എല്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡി4 ഡീസല്‍ വേരിയന്റും എക്‌സ് സി 40ല്‍ ലഭിക്കും.  യൂറോപ്പിലെയും ഇന്ത്യയിലെയും പുക പുറന്തള്ളല്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണിതു നിര്‍മിച്ചിരിക്കുന്നത്. ഇക്കോ, കംഫര്‍ട്ട്, ഡൈനാമിക്, ഇന്‍ഡിവിജ്വല്‍ എന്നീ മോഡുകളില്‍ ഡ്രൈവ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. പനോരമിക് സണ്‍റൂഫ്, മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ സവിശേഷമായ ശേഖരണ സൗകര്യം, 2 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ദൂരം ചൂണ്ടിക്കാട്ടല്‍, പാര്‍ക്കിങ് സഹായം, ഡയമണ്ട് കട്ട് അലോയ് വീല്‍, പവ്വര്‍ ടെയില്‍ ഗേറ്റ് തുടങ്ങിയ നിരവധി സവിശേഷതകളും ഇതിലുണ്ട്.

കട്ട ഫാനാകാന്‍ പുതിയ ജിക്‌സര്‍

യുവാക്കളുടെ കട്ടഫാനാകാന്‍ ഇനി സുസുകി മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡിന്റെ ജിക്‌സര്‍ എസ്പിയും എസ്എഫ് എസ്പിയും. നിരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് പുതിയ രണ്ട് മോഡലുകളും.

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റമാണ്(എബിഎസ്) എസ്പിയുടെ പ്രത്യേകത. എബിഎസും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവുമുള്ള ജിക്‌സര്‍ എസ്എഫ്എസ്പി. സുസുക്കി ഇകോ പെര്‍ഫോമന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 155 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വണ്ടികളുടെ കരുത്ത്. 8000 ആര്‍ പി എമ്മില്‍ 14.8 ബിഎച്ച്പി കരുത്തും 6000 ആര്‍ പി എമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകുന്നതാണ് എഞ്ചിന്‍. 87,250 രൂപയാണ് എസ്പിയുടെ എക്‌സ്‌ഷോറൂം വില. എസ്എഫ് എസ്പിക്ക് വില ഒരുലക്ഷത്തിന് മുകളിലാണ്. 

യുവാക്കളെ ആകര്‍ഷിക്കുന്ന രൂപത്തിലാണ് രണ്ടുബൈക്കുകളുടെയും ഡിസൈന്‍. ഗ്രാഫിക്‌സും ബൈക്കിന്റെ മോടി കൂട്ടുന്നു. അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മുന്തിയ നിലവാരമുള്ളതും പ്രകടനക്ഷമതയേറിയതുമായ ബൈക്കുകള്‍ അവതരിപ്പിക്കുന്നതില്‍ സുസുക്കിക്കുള്ള മികവിന്റെ സാക്ഷ്യം കൂടിയാണു 'ജിക്‌സര്‍'.

യാരിസ് വാങ്ങിയാല്‍ നേട്ടങ്ങളേറെ

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ    സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള 'ഡ്രൈവ് ദി നേഷന്‍' പ്രചാരണ പരിപാടിയില്‍ ടൊയോട്ടയുടെ ഏറ്റവും പുതിയ സെഡാനായ യാരിസിനെയും  ഉള്‍പ്പെടുത്തി. എത്തിയോസ്, കൊറോള അള്‍ട്ടിസ്, ഇന്നോവ ക്രിസ്റ്റ  തുടങ്ങിയ മോഡലുകള്‍ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ ഇനി മുതല്‍ യാരിസിനും ലഭിക്കും.

മികച്ച ഫണ്ടിംഗ് സൗകര്യം, ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കുന്നതിനുള്ള കുറഞ്ഞ ചെലവ്, ടൊയോട്ട പ്രൊട്ടക്ട് ഇന്‍ഷുറന്‍സില്‍ ലഭിക്കുന്ന മികച്ച ആനുകൂല്യങ്ങള്‍, ടൊയോട്ട ജെനുവിന്‍ അസ്സസ്സറീസ്, താരതമ്യങ്ങളില്ലാത്ത എക്‌സ്‌ടെന്റഡ് വാറന്റി തുടങ്ങിയവയാണ് ഈ പദ്ധതിയുടെ മെച്ചം.

നിലവിലെ  സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ  വിരമിച്ചവര്‍ക്കോ സീറോ ഡൗണ്‍പേയ്‌മെന്റോടുകൂടി എട്ട് വര്‍ഷത്തേക്ക് 100 ശതമാനം ഓണ്‍റോഡ് ഫണ്ടിംഗ്, ഏറ്റവും കുറഞ്ഞ ഇഎംഐ എന്നിവയും പ്രത്യേകതകളാണ്. സര്‍ക്കാര്‍ ജീവനക്കാരായ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനായി ടൊയോട്ടയുടെ എല്ലാ സെയില്‍സ് ഔട്ട്‌ലെറ്റുകളിലും 'ഡ്രൈവ് ദി നേഷന്‍ ചാമ്പ്യന്‍സ്'നെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ ടൊയോട്ടയുടെ എല്ലാ സെയില്‍സ് , സര്‍വീസ് കേന്ദ്രങ്ങളിലും ഈ സേവനം ലഭിക്കും. 

2018 മെയില്‍ നിരത്തിലിറങ്ങിയ യാരിസിലൂടെ,  സെഗ്‌മെന്റില്‍ ആദ്യമായി 11 ഫീച്ചറുകള്‍  ടൊയോട്ട അവതരിപ്പിക്കുന്നു. പവര്‍ ഡ്രൈവര്‍ സീറ്റ്, 7 എസ്ആര്‍എസ് എയര്‍ബാഗുകള്‍, റൂഫിലെ എയര്‍വെന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, സിവിടി എന്നിവയാണ് യാരിസിന്റെ പ്രധാന സവിശേഷതകള്‍. ഡ്രൈവ് ദി നേഷന്‍ പദ്ധതിക്ക് രാജ്യത്തുടനീളം മികച്ച പ്രതികരണമാണ്.   രാജ്യത്തെ ടൊയോട്ടയുടെ വ്യക്തിഗത ഉപയോഗ സെഗ്മെന്റില്‍  13ശതമാനമാണ് ഡ്രൈവ് ദി നേഷന്‍ പദ്ധതിയുടെ കഴിഞ്ഞ വര്‍ഷത്തെ സംഭാവന.

യാത്രയ്‌ക്കൊപ്പം നീളുന്ന വാറന്റി

വാഹനങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന വാറന്റി ചില്ലറക്കാര്യമല്ല. എത്രത്തോളം വര്‍ഷം വാറന്റി കിട്ടുന്നോ അത്രത്തോളം വാഹന ഉടമയുടെ പോക്കറ്റ് കാലിയാകാതിരിക്കും. ഇന്ത്യയില്‍ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന ഡാറ്റ്സണ്‍ തങ്ങളുടെ വാര്‍ഷികത്തോടൊപ്പം വാഹനങ്ങളുടെ വാറന്റിയും നീട്ടി നല്‍കുകയാണ്. റെഡീ ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ക്കുള്ള വാറന്റി അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റ് കിലോമീറ്ററിലേക്ക് ഉയര്‍ത്തി. പീസ് ഓഫ് മൈന്‍ഡ് എന്നാണ് ഓഫറിന്റെ പേര്. 

മികച്ച സര്‍വ്വീസ് നല്‍കുന്നതിനോടൊപ്പം 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റന്‍സ്, ഫ്രീ ഇന്‍ഷുറന്‍സ്, പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി ഗവ. ജോലിക്കാര്‍ക്കും വിരമിച്ചവര്‍ക്കും പ്രത്യേക ഓഫര്‍, ഫ്രീ പിക്ക് അപ്പ് ആന്‍ഡ്‌ഡ്രോപ്പ് ഫെസിലിറ്റി എന്നിവയും കമ്പനി നല്‍കുന്നുണ്ട്.

5 വര്‍ഷ വാറന്റിയില്‍ എന്‍ജിന്‍ സുരക്ഷയും ടെക്നോളജിക്കല്‍ സുരക്ഷയും ഉറപ്പാക്കും. എസി കംപ്രസര്‍, ഇസിയു, ഓള്‍ട്ടര്‍നേറ്റര്‍, ഷോക്ക് അബ്‌സോര്‍ബര്‍ തുടങ്ങിയവയ്ക്കും വാറന്റി ലഭിക്കും. ഉപഭോക്താക്കളുടെ സുരക്ഷയും വാഹനത്തിന്റെ സുരക്ഷയും മുന്നില്‍ കണ്ട് ആദ്യവര്‍ഷഇന്‍ഷുറന്‍സ് കമ്പനി സൗജന്യമായി നല്‍കും. 

ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ വാഹനം അടുത്തുള്ള ഡാറ്റ് സണ്‍ സര്‍വ്വീസ് സെന്ററില്‍ എത്തിക്കുക, 24 മണിക്കൂറും കസ്റ്റമര്‍ ഹെല്‍പ് ലൈന്‍, ലോസ്റ്റ് കീ അസിസ്റ്റന്‍സ്, ഫ്യുവല്‍ അസിസ്റ്റന്‍സ്, ബാറ്ററി ജമ്പ് സ്റ്റാര്‍ട്ട് എന്നിവയും നല്‍കും. കൂടാതെ. ബ്രേക്ക് ഡൗണ്‍ സാഹചര്യങ്ങളില്‍ ഹോട്ടലും കാറും ബുക്ക് ചെയ്യാനും കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്. നിസാന്റെ സര്‍വ്വീസ് സെന്ററുകളില്‍ കസ്റ്റമേഴ്സിനെ ഡ്രോപ്പ് ചെയ്യുകയും കൂട്ടിക്കൊണ്ട് വരികയും ചെയ്യും. വാഹന ഉടമകള്‍ മാറിയാലും വാറന്റി ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.