രത്‌നത്തിന്റെ വില

Wednesday 18 July 2018 1:01 am IST

''ഗുരുവാക്യത്തിന്റെ മൂല്യം അറിഞ്ഞവര്‍ മാത്രമേ ഈശ്വരമാര്‍ഗത്തില്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്കു നീങ്ങുകയുള്ളു.'' അതിനെപ്പറ്റി അമ്മ ഒരു കഥ പറഞ്ഞു,

''ഒരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിനു നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു. അതില്‍ ഒരു ബ്രഹ്മചാരി സമാരാധ്യനായ ഗുരുവില്‍ നിന്നും മന്ത്രോപദേശം നേടി. മന്ത്രോപദേശം നല്‍കും നേരം ഗുരു ഇങ്ങിനെ താക്കീതു നല്‍കി, ''മകനേ, ഈ മന്ത്രം ഭദ്രമായ രഹസ്യമാണ്. ഇതിനു വളരെ ശക്തിയുണ്ട്. ഇതു മോക്ഷദായകമാണ്. ഈ മന്ത്രം മറ്റാരോടും പറഞ്ഞു പോകരുത്.'' ദിവസങ്ങള്‍ നീങ്ങി. പ്രഭാതസ്‌നാനാദികള്‍ക്ക് ശിഷ്യന്‍ ഒരു ദിവസം നദീതീരത്തേക്കു പോയി. ഒരു സംഘം സ്ത്രീകള്‍ കുളി കഴിഞ്ഞു മടങ്ങുന്നത് അദ്ദേഹം കണ്ടു. ഗുരുവില്‍ നിന്നും അദ്ദേഹം നേടിയ അതേ മന്ത്രം അവര്‍ ഉച്ചത്തില്‍ ഉരുവിടുന്നുണ്ടായിരുന്നു. ആ രഹസ്യമന്ത്രം അവര്‍ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. സംശയങ്ങള്‍ മെല്ലെ മനസ്സിനെ ഗ്രസിച്ചു തുടങ്ങി. അദ്ദേഹം മടങ്ങുന്ന വഴി കാളവണ്ടി തെളിക്കുന്ന ഒരുവന്‍ ആകാവുന്നത്ര ഉച്ചത്തില്‍ ആ മന്ത്രം ആഹ്ലാദത്തോടെ ആലപിച്ചു വണ്ടി ഓടിക്കുന്നത് കണ്ടു. മുന്നോട്ടു നീങ്ങവേ കുറെ കര്‍ഷകര്‍ നിലം ഉഴുതുകൊണ്ട,് അതേ മന്ത്രം തന്നെ ഉരുവിടുകയാണ്. അതോടെ സംശയം മനസ്സില്‍ വേരുറച്ചു. ഒരുവന്റെ അന്തരംഗത്തെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന വിഷമാണ് സംശയം. സത്യാന്വേഷണത്തില്‍ ഉത്സാഹം നഷ്ടപ്പെട്ട ആ ബ്രഹ്മചാരി ഒടുവില്‍ തന്റെ ശങ്കകള്‍ ഗുരുവിനെ അറിയിച്ചു. ഗുരു അപ്പോള്‍ മറുപടി ഒന്നും പറഞ്ഞില്ല. ഏതാനും നാള്‍ കഴിഞ്ഞു. ഒരു ദിവസം ആ ശിഷ്യനെ ഗുരു അരികില്‍ വിളിച്ച് തിളക്കമേറിയ ആ രത്‌നം കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു, ''ഇത് കമ്പോളത്തില്‍ കൊണ്ടുപോയി പല വ്യാപാരികളെ കാണിച്ച് ഇതിന്റെ വില അറിഞ്ഞു വരണം. പക്ഷേ ഒരു കാര്യം, രത്‌നം കൈവെടിയരുത്.''ഗുരുവിന്റെ ആജ്ഞ അനുസരിച്ച് ശിഷ്യന്‍ പുറപ്പെട്ടു. ആദ്യമായി ഒരു പച്ചക്കറി വ്യാപാരിയേയാണ് സമീപിച്ചത്. അയാള്‍ അതിനു വിലയായി ഏതാനും കത്തിരിക്ക കൊടുക്കാമെന്നു പറഞ്ഞു. പി

ന്നെ അദ്ദേഹം സമീപിച്ചത് ഒരു അരിക്കച്ചവടക്കാരനെയാണ്. അയാള്‍ രത്‌നം പരിശോധിച്ചിട്ട് ആയിരം രൂപ വില നല്‍കാമെന്നു പറഞ്ഞു. പിന്നീടു സമീപിച്ചത് രത്‌നവ്യാപാരിയേയാണ്. രത്‌നവ്യാപാ

രി അതിന് ഒരു ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞു. അതുകേട്ട് അമ്പരന്നു പോയ ബ്രഹ്മചാരി വിദഗ്ധനായ ഒരു വജ്രവ്യാപാരിയെ സമീപിച്ചു. ''ഇതു വിലമതിക്കാനാവാത്ത ഒരു രത്‌നമാണ്്. വെറും സാധാരണക്കാര്‍ക്കു ഇതു കിട്ടാവുന്നതല്ല. അത്ര അമൂല്യമാണ്.''

   വിസ്മയസ്തബ്ധനായ ശിഷ്യന്‍ മടങ്ങിവന്ന് രത്‌നം ഗുരുവിനെ ഏല്‍പിച്ചിട്ടു ഉണ്ടായ വിവരങ്ങളൊക്കെ പറഞ്ഞു. അപ്പോള്‍ ഗുരു പറഞ്ഞു, ''കണ്ടില്ലേ, ഒരേ വസ്തുവിന് തങ്ങളുടെ പരിമിതമായ കഴിവിനെ അനുസരിച്ചാണ്് പല തരക്കാര്‍, വിവിധ രീതിയില്‍ വില നി

ര്‍ണയിച്ചത്. എന്നാല്‍ വാസ്തവത്തില്‍ ആ രത്‌നം അമൂല്യമാണ്. വില അറിയാന്‍ അര്‍ഹതയുള്ള വ്യാപാരിക്കു മാത്രമേ അതിന്റെ യഥാര്‍ഥ മൂല്യം അറിയാന്‍ കഴിയുകയുള്ളു. അതുപോലെ ഞാന്‍ നിനക്കു ഉപദേശിച്ചു തന്ന പവിത്രമായ രാമമന്ത്രം സംസാരസാഗരത്തിന്റെ മറുകരയില്‍ എത്തിക്കുവാന്‍ ശക്തമായ അമൂല്യതാരക മന്ത്രമാണ്. അധികം 

പേരും അതിന്റെ ശബ്ദ രൂപം മാത്രം ധരിച്ച് അതിന്റെ ആന്തരാര്‍ത്ഥത്തില്‍ അജ്ഞരായി, അത് ഉരുവിടുന്നു. ഈശ്വരസാക്ഷാത്കാരം സിദ്ധിച്ച ഗുരു മാത്രമേ അതിന്റെ വില അറിയുന്നുള്ളു. എല്ലാവര്‍ക്കും ഈ മന്ത്രം അറിയാമെങ്കിലും അതിന്റെ അര്‍ത്ഥവും ഫലവും അവഗാഢമായ ഒരു രഹസ്യം തന്നെയാണ്.'' ശിഷ്യന്റെ കണ്ണുതുറപ്പിക്കുവാന്‍ അതിനു കഴിഞ്ഞു. അദ്ദേഹം തെറ്റു മനസ്സിലാക്കുകയും  ഗുരുവിന്റെ വാക്കുകളില്‍ സംശയം ജനിച്ചതിന് അഗാധമായി പശ്ചാത്തപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് സത്യാന്വേഷണത്തില്‍ ഉത്സാഹവും തീവ്രതയും തിരിച്ചുകിട്ടി.                           

(സമ്പാ: കെ.എന്‍.കെ. നമ്പൂതിരി)

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.