കൊന്നും കൊല്ലിച്ചും ശ്രദ്ധനേടുന്നവര്‍

Wednesday 18 July 2018 1:06 am IST
കോളേജുകളില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനം വളരെ രഹസ്യമായിട്ടാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലൊന്നുംതന്നെ ഇക്കൂട്ടര്‍ ഇടപെടാറില്ല. ആകെ നടക്കുന്നത് എബിവിപിക്കെതിരായുള്ള പോസ്റ്ററൊട്ടിക്കല്‍ മാത്രമാണ്. കോളേജുകളിലെ മറ്റുസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും വിവരങ്ങള്‍ കൈമാറുന്ന ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നത്.

ലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഭീകരസംഘടകള്‍ ശ്രമം തുടരുകയാണ്. എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുകയാണ് ഇവരുടെ രീതി.  എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനകള്‍ കോളേജുകളില്‍ ക്യാമ്പസ് ഫ്രണ്ടിനെ മറയാക്കിയാണ് അക്രമങ്ങള്‍ നടത്തുന്നത്. 2005ല്‍ എബിവിപി സംസ്ഥാന സമിതി അംഗമായിരുന്ന ഡി.അശ്വിനികുമാറിനെ ഓടുന്ന ബസിലിട്ട് വെട്ടിയരിഞ്ഞുകൊണ്ടാണ് ഇസ്ലാമിക ഭീകരവാദികള്‍ ക്യാമ്പസുകളിലേക്ക് കടന്നുവന്നത്.

ക്യാമ്പസുകളെ ഇസ്ലാമിക ഭീകരത എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (എബിവിപി) സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്

എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളായ ക്യാമ്പസുകളില്‍ പോലും ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ആരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്? 

പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ സംഘടനകള്‍ ക്യാമ്പസുകളില്‍ ക്യാമ്പസ് ഫ്രണ്ടിനെ മുന്‍ നിര്‍ത്തിയുള്ള ഭീകരപ്രവര്‍ത്തനമാണ് നടത്തുന്നത്. പ്രവര്‍ത്തിക്കാനുള്ള അനുമതിയും അവര്‍ക്ക് വേണ്ട സാഹചര്യവും കേരളത്തിലെ ക്യാമ്പസുകളില്‍ ഒരുക്കിയത് എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐയുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാന്‍ ശ്രമം നടത്തുമ്പോള്‍ പോലും ക്യാമ്പസ് ഫ്രണ്ടിന് വേണ്ട സാഹചര്യം ഒരുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. മറ്റു വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നു വ്യത്യസ്തമാണ് ക്യാമ്പസ് ഫ്രണ്ട്. വിദ്യാര്‍ത്ഥി സംഘടനകള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവകാശത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്യാമ്പസ് ഫ്രണ്ട് അവരുടെ യാതൊരു പ്രവര്‍ത്തനങ്ങളും ക്യാമ്പസുകളില്‍ നടത്താറില്ല. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള അവകാശപ്പോരാട്ടങ്ങളിലൂടെ സംഘടനയുടെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കൊലപാതകങ്ങളിലൂടെ സംഘടനയുടെ പേര് ചര്‍ച്ചയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എബിവിപി പ്രവര്‍ത്തകരെ കൊലക്കത്തിക്ക് ഇരയാക്കിയാണ് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കലാലയത്തിലേക്ക് കടന്നുവരുന്നത്. 2005ല്‍ കണ്ണൂരില്‍ എബിവിപി സംസ്ഥാന സമിതിയംഗം ഡി.അശ്വികുമാറിനെയും 2012ല്‍ ജൂലൈ ആറിന് കണ്ണൂര്‍ പള്ളിക്കുന്നില്‍ സച്ചിന്‍ ഗോപാലിനെയും അതെ വര്‍ഷം ജൂലൈ 17ന് ചെങ്ങന്നൂരില്‍ വിശാലിനേയും 2018 ജനുവരി 19ന് കണ്ണൂര്‍ കക്കയങ്ങാട് ഐടിഐയില്‍ വെച്ച് ശ്യാമപ്രസാദിനെയും എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് -ക്യാമ്പസ് ഫ്രണ്ട് ഭീകരവാദികള്‍ വകവരുത്തി. അവസാനം, പ്രവര്‍ത്തിക്കാനും വളരാനും വേണ്ട സഹായം നല്‍കിയ എസ്എഫ്‌ഐയേയും തിരിഞ്ഞു കൊത്തുകയാണവര്‍. അതിന്റെ ഇരയാണ് മഹാരാജാസ് കോളേജിലെ അഭിമന്യു. 

ഇവരെ നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവത്തത് എന്തുകൊണ്ടാണ്? 

കാരണം വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യം എന്നതു തന്നെ. ശക്തമായ നടപടി സ്വീകരിച്ചാല്‍ സംഘടിത മതവിഭാഗത്തില്‍ നിന്നുള്ള വോട്ട് ചോരുമോ എന്ന ഭയം.  എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിയന്ത്രിക്കാന്‍ കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്താനോ  യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കോളേജുകള്‍ കേന്ദ്രീകരിച്ചു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?

കോളേജുകളില്‍ അവരുടെ പ്രവര്‍ത്തനം വളരെ രഹസ്യമായിട്ടാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലൊന്നും തന്നെ ഇക്കൂട്ടര്‍ ഇടപെടാറില്ല. ആകെ നടക്കുന്നത് എബിവിപിക്കെതിരായുള്ള പോസ്റ്ററൊട്ടിക്കല്‍ മാത്രമാണ്. കോളേജുകളിലെ മറ്റുസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും വിവരങ്ങള്‍ കൈമാറുന്ന ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നത്. എബിവിപിയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 

അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയെ തുറന്നുകാട്ടാതെയാണല്ലോ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും പ്രതിഷേധം. എന്തായിരിക്കും ഇതിന്് പിന്നിലെ രഹസ്യ അജണ്ട? 

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. അതായത് യഥാര്‍ത്ഥ വിഷയം പറയാതെ നടത്തുന്ന പ്രതിഷേധങ്ങള്‍. എസ്ഡിപിഐ -പോപ്പുലര്‍ ഫ്രണ്ടിനെ തുറന്ന് കാട്ടാന്‍ സിപിഎമ്മിന് മടിയാണ്. മുമ്പ് ന്യൂദല്‍ഹിയില്‍ ഏതോ സംഘം അക്രമിച്ചതിന്റെ പേരില്‍ കേരളത്തിലെ സംഘപരിവാര്‍ സംഘടനകള്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎം നേതൃത്വത്തില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ഒരാഴ്ചയോളം സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് 300 ഓളം കോസുകളാണ് രജിസ്റ്റര്‍  ചെയ്തത്. എന്നാല്‍ അന്നുണ്ടായപോലുള്ള ഒരു പ്രതിഷേധവും അഭിമന്യുവിന്റെ വിഷയത്തില്‍ ഉണ്ടായിട്ടില്ല. വെറും തണുത്ത പ്രതിഷേധങ്ങള്‍ നടത്തി കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

കോളേജുകളില്‍ നിന്നും അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പിന്തുണ ഇവര്‍ക്ക് ലഭിക്കാറുണ്ടോ? 

കോളേജുകളില്‍ രഹസ്യപ്രവര്‍ത്തനം നടത്തുന്ന ഇവര്‍ക്ക് അദ്ധ്യാപകരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ടാകണം. ഭീകരസംഘടനയ്ക്ക് തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ജീവനക്കാരില്‍ നിന്നുള്ള പിന്തുണ തള്ളിക്കളയാന്‍ സാധിക്കുന്നതല്ല. ജീവനക്കാരില്‍ നിന്നുള്ള പിന്തുണയില്ലാതെ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലല്ലോ. ഇവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പണം കൊടുത്ത് വളര്‍ത്തുന്ന ബുദ്ധി ജീവികളാണ്. ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും ഇരകള്‍ക്കൊപ്പമെന്ന വാദവുമായി കപട ബുദ്ധിജീവികളാണ് ആദ്യം രംഗത്ത് വരുന്നത്. ഒപ്പം ആശയ പ്രചരണത്തിന് ഇവരുടെ മാധ്യമങ്ങളെയും ഉപയോഗിക്കുന്നുണ്ട്. 

ഇത്തരം ഭീകരസംഘടനകളെ നിയന്ത്രിക്കാന്‍ എന്താണ് വഴി? 

ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് ഓരോ രാഷ്ട്രീയ സംഘടനകയും ഒപ്പം സമൂഹവും ഒന്നിച്ച് ചെയ്യേണ്ട കാര്യമാണ്. എന്ത് സംഭവിച്ചാലും എനിക്കെന്താ എന്ന ചോദ്യമാണ് പൊതുസമൂഹം ഉയര്‍ത്തുന്നത്. അത്തരം ചിന്താഗതി മാറ്റി ഈ ഭീകര സംഘടനകളെ ഒറ്റപ്പെടുത്താന്‍ വേണ്ട സമീപനം പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ഇവര്‍ക്കെതിരായ കേസുകളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്കുള്ള ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ചവരുടെ നുഴഞ്ഞു കയറ്റം ഇല്ലാതാക്കാന്‍ ശ്രമിക്കണം. അതിന് അതാത് സംഘടനകളുടെ നേതൃത്വം ജാഗ്രത പുലര്‍ത്തണം. സര്‍ക്കാരിന്റെ ഒളിച്ചു കളി നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകരവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.