വിവാദം കൊഴുക്കട്ടെ; ശ്രീരാമന്‍ വാഴ്ത്തപ്പെടും

Wednesday 18 July 2018 1:08 am IST

മലയാളികള്‍ ശ്രീരാമനെ ആരാധിക്കുന്നതിന് കര്‍ക്കടകമാസം മുഴുവന്‍ നീക്കിവെച്ചു. ദക്ഷിണായനത്തിലേക്ക് കടക്കുന്ന കര്‍ക്കടകത്തെ ശ്രീരാമകഥ പാടിപൊലിക്കുകയാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടു പാടിയാണ് ആ വരവേല്‍പ്പ്. മലയാളത്തിന്റെ സ്വന്തം എഴുത്തച്ഛനു നല്കുന്ന ഗുരുദക്ഷിണ കൂടിയാണത്. വ്യാഴത്തിന്റെ (ഗുരു) ഉച്ചരാശിയായ കര്‍ക്കടകത്തില്‍ മലയാളഭാഷ ഗുരുശ്രേഷ്ഠനുള്ള ആരാധനാ വഴക്കം കൂടിയാണ്, രാമായണം കിളിപ്പാട്ടുസേവ. ഭാഷയുടെ  കവികുലഗുരുവിന് ഇതില്‍പരം ദക്ഷിണ ഇനി വേറെയെന്തുവേണം? മലയാളിയുടെ കിളിപ്പാട്ടു വഴക്കത്തില്‍ ആ ഗുരുവിനൊപ്പം ലോകനായകനായ ശ്രീരാമചന്ദ്രന്റെ കഥ വാഴ്ത്തപ്പെടുമ്പോള്‍ കര്‍ക്കടകരാശിയും ആദരിക്കപ്പെടുന്നു. ഭാരത ദേശീയതയുടെ ചിഹ്നമായ ശ്രീരാമനെ ആധ്യാത്മിക ബോധമുണര്‍ത്തുന്ന അവതാരമൂര്‍ത്തിയാക്കി ഭക്തിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തന്റെ കിളിപ്പാട്ടിലൂടെ എഴുത്തച്ഛന്‍ ശ്രമിച്ചപ്പോള്‍ മലയാള പാട്ടുപ്രസ്ഥാനത്തിന്റെ ഗരിമയും പെരുമയുമായി അതുമാറി.

എന്നാല്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുവന്ന കിളിപ്പാട്ടുസേവ ഇപ്പോള്‍ ഒരു രാഷ്ട്രീയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ജ്യോതിഷഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗ്രഹപ്പിഴ. കണ്ടകശ്ശനിയും ജന്മവ്യാഴവും ഏഴില്‍ ചൊവ്വയും എല്ലാംകൂടി ഒരു മാരിബാധ, ആ പരമ്പരാഗത കിളപ്പാട്ടു സേവയേയും ബാധിച്ചിരിക്കുന്നു!

രാഷ്ട്രപിതാവ് വിഭാവനം ചെയ്ത 'രാമരാജ്യം' ജനമനസ്സില്‍ ശ്രീരാമന്റെ അയോദ്ധ്യയെ, ആധുനിക ജനാധിപത്യ സമൂഹത്തിലേക്ക് പറിച്ചുനടാനുള്ള ഓര്‍മ്മിപ്പിക്കലായിരുന്നു. പക്ഷേ ജനാധിപത്യ ഭാരതത്തിന്റെ തെക്കേയറ്റത്ത് ഇടതുപക്ഷ അനുഭാവമുള്ള ജനാധിപത്യ സംസ്‌കൃത സംഘം, രാമായണം പുനര്‍വായനയ്ക്ക് വിധേയമാക്കിയതോടെ ഗ്രഹപ്പിഴ ആരംഭിച്ചു. ഒമ്പതുമണി ചര്‍ച്ചയിലും സാമൂഹിക മാധ്യമങ്ങളിലും വിവാദചാകരയായി. പക്ഷേ ഇതുവഴി ശ്രീരാമ വിജയം വാഴ്ത്തപ്പെടുകയാണെന്ന കാര്യം ഓര്‍ക്കുക. രാമായണത്തിന് നിരവധി പാഠഭേദങ്ങള്‍ ഉണ്ടായതും ഇപ്പോഴും അത് സംഭവിക്കുന്നതും ഭാരതപുരാണ നായകന്റെ വിശ്വവിജയഭേരി തന്നെയാണ് എന്ന കാവ്യനീതി മറന്നുപോകരുത്.

ലവകുശവന്മാര്‍ വാമൊഴിയായി പാടിനടന്ന വാല്മീകിയുടെ ശ്രീരാമനും, വ്യാസന്റെയും തുളസീദാസന്റെയും കമ്പരുടെയും എഴുത്തച്ഛന്റെയും മനസ്സില്‍ നിറഞ്ഞാടിയ ശ്രീരാമനും, കര്‍ക്കടകത്തില്‍ മലയാളികള്‍ കിളിപ്പാട്ടുസേവയിലൂടെ വഴക്കം ചെയ്യുന്ന ശ്രീരാമനും ഭിന്നരല്ല. പ്രപഞ്ചസ്വരൂപന്റെ, ആത്മാരാമന്റെ വിവിധ ഭാവങ്ങള്‍ മാത്രം. വാമൊഴിപ്പാട്ടിലൂടെ പലവിധ രാമായണങ്ങള്‍ ഭാരതത്തിലും പുറത്തും പ്രചരിപ്പിച്ചിട്ടുള്ളതും ഓര്‍ക്കാം. ഈ പാട്ടുകളില്‍ നിറയുന്ന ശ്രീരാമവ്യക്തിത്വം ആത്യന്തികമായി എല്ലാം ഒന്നുതന്നെ. ഒന്നിന്റെ വിവിധ ഭാവങ്ങള്‍. ശ്രീരാമന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് വാല്മീകിയും കമ്പരും കണ്ണശ്ശനും എഴുത്തച്ഛനും ഒക്കെ തന്റെ കാവ്യങ്ങളില്‍ വരച്ചുകാട്ടിയ 'ശ്രീരാമ ജാതക' ചിന്തയിലേക്ക് ലേഖകനെ നയിച്ചത്. അപ്പോഴാണ് ജാതകത്തിലെ ഗ്രഹപ്പിഴയ്ക്ക് പ്രസക്തി കൈവരുന്നത്. കണ്ടകശനി, ഏഴില്‍ ചൊവ്വ, ജന്മവ്യാഴം. ശ്രീരാമന്‍ ജനമനസ്സില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ആ ജാതകത്തിലെ ഗ്രഹനിലയും നിലനില്‍ക്കണമല്ലോ. ഇക്കുറി കര്‍ക്കടക ഉദയദിനം ചൊവ്വാഴ്ചയാണെന്നതും ശ്രദ്ധേയം.

ശ്രീരാമജാതകത്തിന്റെ ഏഴാം ഭാവത്തില്‍. ചൊവ്വയാണുള്ളത്. അത്പക്ഷേ, ചൊവ്വയുടെ ഉച്ചരാശിയായ മകരത്തിലാണ്. പുണര്‍തം നക്ഷത്രത്തില്‍ ഉച്ചഭാവത്തില്‍ പഞ്ചഗ്രഹം നില്‍ക്കുമ്പോഴാണ് നവമിരാശിയില്‍ കര്‍ക്കടലഗ്നമായി ശ്രീരാമന്റെ ജനനമെന്നാണ് ഗ്രഹനില വരച്ചുകാട്ടുന്നത്. അതായത് വ്യാഴവും ചന്ദ്രനും ലഗ്നവും കര്‍ക്കടത്തില്‍. തുലാത്തില്‍ ശനി, മകരത്തില്‍ ചൊവ്വ, മീനത്തില്‍ ശുക്രന്‍. (പഞ്ചഗ്രഹം - ഉച്ചക്ഷേത്രത്തില്‍)

വ്യാഴചന്ദ്രന്മാര്‍ ഒരുമിച്ചിരിക്കുന്നതിനാല്‍ ഗജകേസേരീയോഗം. ഇതുകൂടാതെ പഞ്ചമഹാപുരുഷ യോഗങ്ങളും. രുചകയോഗം, ഭദ്രയോഗം, ഹംസയോഗം, മാളവ്യയോഗം, ശശയോഗം എന്നിവ. എല്ലാംകൂടി ലോകനായകനാകുമെന്നാണ് ഗ്രഹനില പറയുന്നത്.

ഒമ്പതാം ഭാവത്തില്‍ അതായത് വ്യാഴക്ഷേത്രമായ മീനത്തില്‍ നില്‍ക്കുന്ന ശുക്രന്‍ പുനസംയോഗം, ധനലാഭം, ദാഹധര്‍മ്മാദികള്‍ തുടങ്ങിയവ പ്രദാനം ചെയ്യുന്നു. മാത്രമല്ല മേടം രാശിയില്‍ നില്‍ക്കുന്ന സൂര്യന്‍ പത്താം ഭാവത്തിലാണ്. സ്വകര്‍മ്മസിദ്ധിയും സകലകാര്യവിജയവും ഇതുകാരണം സംഭവിക്കും.

വാല്മീകിയുടെ ശ്രീരാമന്‍ ഒരു പച്ചമനുഷ്യനാണ്. എഴുത്തച്ഛന്റെ രാമന്‍ വിഷ്ണുവിന്റെ അവതാരമൂര്‍ത്തിയാണ്. ശ്രീരാമന്റെ ജീവിതംവരച്ചുകാട്ടുന്ന ഗ്രഹനില - ജാതകം- മനുഷ്യനും ദൈവത്തിനും ഒരുപോലെ ബാധകമാകുമെന്നാണ് കാവ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ലോകനായകത്വമാണ് ജാതകഫലമെങ്കിലും ശ്രീരാമജാതകത്തില്‍ ജന്മവ്യാഴവും തുലാവത്തിലെ ശനിയും ഏഴിലെ ചൊവ്വയും ഉണ്ടാക്കുന്ന ഗ്രഹപ്പിഴ മുഴച്ചുനില്‍ക്കുന്നുണ്ട്. ജന്മത്തില്‍ അതായത് ലഗ്നത്തില്‍ വ്യാഴം നിന്നാല്‍ സ്ഥാനഭ്രംശം, ധനനാശം, ഭാര്യ പുത്രാദി സ്വജനങ്ങളുമായുള്ള കലഹം, വിരഹം, ബുദ്ധിജാഡ്യം എന്നിവയാണ് ജ്യോതിഷഫലം. ജാതകത്തിലെ നാലിലെ ശനി കണ്ടകശനിയാണ്. സ്വജനവിരഹം. അന്യദേശവാസം, ദു:ഖം പിന്നെ ഉച്ചക്ഷേത്രമായ മകരത്തില്‍ നില്‍ക്കുന്ന ചൊവ്വ പക്ഷേ, ഏഴാംഭാവത്തിലാണ്. രോഗാരിഷ്ടത, ഭാര്യാകലഹം, ശത്രുഉപദ്രവം, ...... ഇതൊക്കെയാണ് ഫലം. വാല്മീകിയും കമ്പരും കണ്ണശ്ശനും ഒക്കെ ഈ ജാതക കുറിപ്പ് അഥവാ ഗ്രഹനില തങ്ങളുടെ കാവ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നുള്ളത് തന്നെ ശ്രീരാമജാതകത്തിന്റെ ജ്യോതിഷചിന്തയുടെ പ്രസക്തിയാണ് തെളിയിക്കുന്നത്.

ഡോ. സഞ്ജീവന്‍, അഴീക്കോട്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.