രണ്ട് ദിവസംകൊണ്ട് ഒഴുകിയെത്തിയത് 138 കോടിയുടെ വെള്ളം

Wednesday 18 July 2018 2:38 am IST

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലേക്ക് രണ്ട് ദിവസത്തിനിടെ ഒഴുകിയെത്തിയത് 138.6 കോടിയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം. 462.073 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്് രണ്ട് ദിവസത്തിനിടെ ഒഴുകിയെത്തിയത്. ഇതില്‍ സംസ്ഥാനം ശരാശരി ഈടാക്കുന്ന മൂന്ന് രൂപ വെച്ച് കണക്ക് കൂട്ടുമ്പോഴാണ് ഈ തുക വരുന്നത്. 

ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ മാത്രം മൂന്ന് ശതമാനം വെള്ളമാണ് കൂടിയത്. ഒരു ദിവസത്തിനിടെ ഒഴുകിയെത്തിയത് 221.223 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 16 സംഭരണികളിലെ കണക്കാണിത്. 

1395.821 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഈ മാസം ഇതുവരെ ഒഴുകിയെത്തിയപ്പോള്‍, സംഭരണികളിലാകെ അവശേഷിക്കുന്നത് 2945.333 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് 23 ശതമാനമായിരുന്ന ജലശേഖരം നിലവില്‍ 71 ശതമാനമാണ്. ഇതില്‍ ജൂണില്‍ മാത്രം 24 ശതമാനം കൂടിയപ്പോള്‍ ഈ മാസം ഇതുവരെ വര്‍ധിച്ചതും ഇതേ അളവ് വെള്ളം തന്നെയാണ്. നേര്യമംഗലം, പൊരിങ്ങല്‍, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, പൊന്മുടി, കക്കാട്, ചെങ്കുളം തരിയോട് സംഭരണികള്‍ ദിവസങ്ങളായി നിറഞ്ഞ് കിടക്കുകയാണ്. 

പമ്പ, കക്കി സംഭരണികളിലെ ജലശേഖരം നാല് ശതമാനം കൂടി 69ലെത്തി. ഷോളയാര്‍-75, ഇടമലയാര്‍-68, കുണ്ടള-41, മാട്ടുപ്പെട്ടി-66, കുറ്റ്യാടി-99, തരിയോട്-100, ആനയിറങ്കല്‍-21, പൊന്മുടി-97, നേര്യമംഗലം-97 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ലോവര്‍ പെരിയാറിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 10.9 സെ.മീ., കുറ്റ്യാടി-10.1, പൊരിങ്ങല്‍-9.52 സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് പമ്പയിലാണ് 6.2 സെ.മീ. 51.639 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ തിങ്കളാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പാദനം 23.3675 ദശലക്ഷം യൂണിറ്റാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.