കര്‍ദിനാളിനെതിരെ വിശ്വാസികള്‍ വീണ്ടും സുപ്രീംകോടതിയില്‍

Wednesday 18 July 2018 2:41 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭൂമി ഇടപാടിനെ തുടര്‍ന്ന് സഭയ്ക്കുണ്ടായ 60 കോടിയുടെ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഭൂമി ഇടപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനങ്ങളിലും വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ട്. കര്‍ദിനാളില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടിയൊന്നും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് സൂചന. കേസ് ഈ മാസം 20ന് സുപ്രീംകോടതി പരിഗണിക്കും. 

കര്‍ദിനാളിനെതിരെ സാമ്പത്തിക ക്രമക്കേടിന് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ ഷൈന്‍ വര്‍ഗീസ് ആദ്യം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരും പോലീസും തമ്മിലുള്ള ഒത്തുകളിമൂലം കേസെടുത്തില്ല. തുടര്‍ന്ന് ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ റിവ്യൂ ഹര്‍ജി നല്‍കി. ഇതില്‍ നടപടി വൈകിയപ്പോള്‍ വിശ്വാസികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ദിനാളിനെതിരായ ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ വീണ്ടും സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കര്‍ദിനാളിനെതിരെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തു. കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഷൈന്‍ വര്‍ഗീസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) എന്ന സംഘനടയുടെ പിന്തുണയും ഷൈന്‍ വര്‍ഗ്ഗീസിനുണ്ട്. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചാണ് അതിരൂപതാ ഭരണത്തിന്റെ ചുമതല അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ് ജേക്കബ് മനത്തോടത്തിനെ വത്തിക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍, ഭൂമി വിറ്റ് നഷ്ടം നികത്താനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. പക്ഷേ, സഭയ്ക്ക് എങ്ങനെ നഷ്ടമുണ്ടായെന്ന് പരിശോധിക്കാന്‍ ശ്രമിക്കാതെ കര്‍ദിനാളിനെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. 

കന്യാസ്ത്രീയുടെ പരാതി: മൊഴിയെടുപ്പ് വൈകിപ്പിച്ചതിലും അതൃപ്തി

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസിന്റെ മൊഴിയെടുപ്പില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പലവട്ടം ശ്രമം നടത്തിയെന്ന് വിശ്വാസികളുടെ ആരോപണം. അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പോലീസിനോട് പറയുന്നതിനു പകരം തിരക്കാണെന്നും സമയമില്ലെന്നുമൊക്കെ പറഞ്ഞ് കര്‍ദിനാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി ആരോപിച്ചു.

പാലാ ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത അതേ ദിവസം ആലഞ്ചേരിയില്‍ നിന്നും മൊഴിയെടുക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മറ്റുപരിപാടികള്‍ പറഞ്ഞ് അത് മാറ്റിവെപ്പിച്ചു. പിന്നീട് തിങ്കളാഴ്ച മൊഴിയെടുക്കാന്‍ സമയം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇന്നലെ മൊഴിയെടുക്കാന്‍ സമയം നല്‍കിയിരുന്നെങ്കിലും തിരക്കുകള്‍ പറഞ്ഞ് ഒഴിവാക്കി. പക്ഷേ, കര്‍ദിനാളിന് ഒരു തിരക്കുമില്ലായിരുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം. 

ഇന്ന് രാവിലെ 10ന് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ മൊഴിയെടുക്കാന്‍ വൈക്കം ഡിവൈഎസ്പിക്ക് സമയം അനുവദിച്ചിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയുമായി കന്യാസ്ത്രീ കര്‍ദിനാളിനെ സമീപിച്ചിരുന്നു. ഇക്കാര്യം കര്‍ദിനാളും സഭാ നേതൃത്വവും ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍, തന്റെ അടുത്ത് പരാതിയുമായി വന്ന കന്യാസ്ത്രീയോട് കര്‍ദിനാളിനെ സമീപിക്കാന്‍ പറഞ്ഞതായി പാലാ ബിഷപ് പോലീസിന് മൊഴി നല്‍കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.