പുടിനു മുന്നില്‍ കീഴടങ്ങിയെന്ന് വിമര്‍ശനം; ട്രംപിനെതിരെ പ്രതിഷേധം ശക്തം

Wednesday 18 July 2018 3:03 am IST

ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടുകളെച്ചൊല്ലി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയില്‍ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷമായ ഡോമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പം ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും കടുത്ത വിമര്‍ശനം ഉന്നയിച്ചു. പുടിനു മുന്നില്‍ ട്രംപ് കീഴടങ്ങി എന്നണ് വിമര്‍ശനം. 

ചര്‍ച്ചയ്ക്കു ശേഷം പുടിനും ട്രംപും നടത്തിയ സംയുക്ത പത്രസമ്മേളനത്തിനു ശേഷമാണ് അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പുടിന്‍ പറഞ്ഞത് അംഗീകരിക്കുന്ന തരത്തിലാണ് ട്രംപ് സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ പരാജയത്തിനായി റഷ്യന്‍ ഇടപെലുണ്ടായി എന്ന് അമേരിക്കയുടെ നീതിന്യായ വകുപ്പു സംശയം പ്രകടിപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു പുടിന്‍-ട്രംപ് ഉച്ചകോടി. ഇരു നേതാക്കള്‍ക്കുമിടയ്ക്കുള്ള ആദ്യ ചര്‍ച്ച. 

പുടിന്‍ പറഞ്ഞതു മുഴുവന്‍ തലയാട്ടി സമ്മതിച്ച ട്രംപ് അമേരിക്കയ്ക്ക് നാണക്കേടാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പോലും അഭിപ്രായപ്പെട്ടു. ജോണ്‍ മക്കെയിന്‍, ജെഫ് ഫ്‌ളേക് എന്നീ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. 

ഹിലരി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പു പ്രചരണം നിയന്ത്രിച്ചിരുന്ന ഡെമോക്രാറ്റിക് കേന്ദ്ര ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ പന്ത്രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ റഷ്യ നിയോഗിച്ചിരുന്നു എന്നാണ് യുഎസ് നീതിന്യായ വകുപ്പു കണ്ടെത്തിയത്. 

റഷ്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്ന് ട്രംപിന്റെ സാന്നിധ്യം പുടിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണത്തെ നമ്മുടെ രാജ്യത്തിന്റെ ദുരന്തം എന്നു സംയുക്ത പ്രസ്താവനക്കെതിരെ ട്രംപു വിശേഷിപ്പിച്ചത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സെനറ്ററുമായ ചക് സ്‌കൂമര്‍ പറഞ്ഞു. അമേരിക്കയുടെ ശത്രുപക്ഷത്തു നില്‍ക്കുന്ന ഒരു രാജ്യത്തെ ഭരണാധികാരിയെ ഇതുപോലെ പിന്തുണച്ച ഒരു പ്രസിഡന്റിനെ അമേരിക്കയുടെ ചരിത്രത്തില്‍ കണ്ടിട്ടില്ലെന്ന് സ്‌കൂമര്‍ പറഞ്ഞു. 

ട്രംപിനു മേല്‍ പുടിന്‍ കടുത്ത സ്വാധീനം ചെലുത്തുന്നു. അമേരിക്കയുടേതിനേക്കാള്‍ റഷ്യയുടെ താത്പര്യങ്ങള്‍ക്ക് ട്രംപ് പ്രാധാന്യം നല്‍കുന്നതെന്തിനെന്നും സ്‌കൂമര്‍ ചോദിച്ചു. ട്രംപ് പൂര്‍ണമായും പുടിന്റെ പോക്കറ്റിലായെന്നാണ് മുന്‍ സിഐഎ ഡയറക്ടര്‍ ജോണ്‍ ഒ. ബ്രണ്ണന്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.