അഭിമന്യു വധം: പ്രതികളുടെ ബന്ധുക്കളുടെ ഹര്‍ജി തള്ളി

Wednesday 18 July 2018 3:20 am IST
പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഷമീറും മനാഫും ഒളിവിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണം വഴി തെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂവാറ്റുപുഴയില്‍ അധ്യാപകനായ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ  പതിമൂന്നാം പ്രതി മനാഫ് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഷമീറും മനാഫും ഒളിവിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അന്വേഷണം വഴി തെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

പോലീസ് തങ്ങളെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റിലായ ആദില്‍ ബിന്‍ സലിമിന്റെ അമ്മ ഷഹര്‍ബാന്‍, പോലീസ് തിരയുന്ന ഷമീറിന്റെ ഭാര്യ മന്‍സ്യ, മനാഫിന്റെ ഭാര്യ നദീറ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഈ ഘട്ടത്തില്‍ ആവശ്യം പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. 

പോലീസ് പീഡനമാരോപിച്ചുള്ള ഹര്‍ജികളില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ഉചിതമായ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് കോടതിയുടെ ഉത്തരവ്.

അഭിമന്യുവിനെ വധിച്ച പ്രതികളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത് ഷമീറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഷമീര്‍ മറ്റു പ്രതികളെ തന്റെ ഭാര്യയുടെ ഫോണില്‍ നിന്ന് വിളിച്ചതിന് തെളിവുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഭാര്യമാരുടെ ഫോണുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ബന്ധപ്പെട്ടതും ഗൂഢാലോചന നടത്തിയതും. സ്ത്രീകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് കോടതിയെ അറിയിച്ചു. സ്ത്രീകളെ ചോദ്യം ചെയ്യരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.  സ്ത്രീകളെ ചോദ്യം ചെയ്യരുതെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല.

പോപ്പുലര്‍ ഫ്രണ്ടുകാരനെ അറസ്റ്റ്‌ചെയ്ത് വിട്ടയച്ചു

തലശ്ശേരി: അഭിമന്യു വധക്കേസ് അന്വേഷണ കുന്തമുനകള്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ക്യാമ്പുകളിലേക്ക്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചാലില്‍ ഗാര്‍ഡന്‍സ് റോഡിലെ സെയ്ന്‍ വീട്ടില്‍ ഷാനവാസിനെ (37) അറസ്റ്റ് ചെയ്ത് എറണാകുളത്തേക്ക് കൊണ്ടുപോയതിന് പിന്നാലെ എസ്ഡിപിഐയുടെ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫയെയും തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷാനവാസില്‍ നിന്നും ലഭിച്ച സൂചനയെത്തുടര്‍ന്നാണ് ഹനീഫയെ മട്ടന്നൂര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. പിന്നീട് തലശ്ശേരിയില്‍ എത്തിച്ച ശേഷം കൊച്ചി പോലീസും ചോദ്യം ചെയ്ത് മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ആവശ്യപ്പെട്ടാല്‍ എത്തണമെന്ന നിബന്ധനയില്‍ വിട്ടയച്ചതായാണ് വിവരം. ഇയാള്‍ പോലിസ് നിരീക്ഷണത്തിലാണെന്നും അറിയുന്നു. 

അഭിമന്യുവിനെ കോളേജ് കാമ്പസില്‍ കുത്തിക്കൊന്ന കൊലയാളി സംഘത്തിലെ പ്രധാനികളില്‍ ചിലര്‍ കണ്ണുര്‍, തലശ്ശേരി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലിസിന് കൃത്യമായി സൂചനകള്‍ ലഭിച്ചതായി വിവരമുണ്ട്. ഇതില്‍ ഒരാളെ സംഘടനയുടെ ഒളിത്താവളത്തിലെത്തിച്ചത് തലശ്ശേരിയിലെ ഷാനവാസാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ മട്ടന്നൂരിലെ ഹനീഫയുടെ പങ്കാണ് ഏറണാകുളം പോലിസ് അന്വേഷിക്കുന്നത്. 

ഇതിനിടെ പോലീസ് നടപടിയില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ തിങ്കളാഴ്ച വൈകുന്നേരം പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അമ്പതോളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.