വടകരയില്‍ സിപിഎം, എസ്എഫ്‌ഐ അക്രമം; എബിവിപി പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസ് ജില്ലാ പ്രചാരകിനും പരിക്ക്

Wednesday 18 July 2018 3:33 am IST

വടകര: ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അക്രമത്തില്‍ ആര്‍എസ്എസ് വടകര ജില്ലാ പ്രചാരകിനും ഏഴ് എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്ക്. കുരുക്കിലാട് കോ-ഓപ്പറേറ്റീവ് കോേളജിലും, ജില്ലാ ആശുപത്രിയിലും നടന്ന ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അക്രമത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടു എബിവിപി പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.

വടകര കുരുക്കിലാട് കോ-ഓപ്പറേറ്റീവ് കോളജില്‍ എബിവിപി സംഘടിപ്പിച്ച വിശാല്‍ അനുസ്മരണ ചടങ്ങിന് നേരെ പ്രകടനമായെത്തിയ എസ്എഫ്‌ഐക്കാര്‍ മാരക ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പെണ്‍കുട്ടികള്‍ക്കടക്കം പരിക്കേറ്റു. എബിവിപി വടകര നഗര്‍ പ്രസിഡന്റ് എം. കേദാര്‍നാഥ്, വിഷ്ണു എസ്. രാജീവ്, മിഥുന്‍, അശ്വന്ത്, ആര്‍ദ്ര, അനുശ്രീ, ശ്രീകാവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞു. പരിക്കേറ്റവരെ കയറ്റിയ കാര്‍ അക്രമികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനും അക്രമി സംഘം അനുവദിച്ചില്ല. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍എസ്എസ് ജില്ലാ പ്രചാരക് എസ്. സുജിത്തിനെയും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘം അക്രമിക്കുകയായിരുന്നു. ഈ സമയത്ത് സിപിഎമ്മിന്റെ ഏരിയാ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ പ്രചാരകിനെ ആക്രമിച്ചത്. 

സുജിത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ജില്ലാ ആശുപത്രിയില്‍ സിപിഎം ഗുണ്ടകള്‍ തേര്‍വാഴ്ച നടത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ കിടക്കാന്‍ പോലും അനുവദിച്ചില്ല. ആശുപത്രിയുടെ ഗേറ്റ് സിപിഎം സംഘം അടച്ചിട്ടു. അക്രമ സംഭവങ്ങള്‍ തുടര്‍ന്നിട്ടും പോലീസ് സ്ഥലത്തെത്തിയില്ല. 

ഗുരുതരമായി പരിക്കേറ്റ എബിവിപി വടകര നഗര്‍ പ്രസിഡന്റ് എം. കേദാര്‍ നാഥ്, വിഷ്ണു എസ്. രാജീവ് എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്പ്രവര്‍ത്തകര്‍ വടകര നഗരത്തില്‍ പ്രകടനം നടത്തി. 

വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍, അടിയേരി രവീന്ദ്രന്‍, കെ.ടി. ദീനദയാല്‍ എന്നിവര്‍ സംസാരിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് കോഴിക്കോട് ജില്ലയില്‍ പഠിപ്പുമുടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. രജീഷ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.