വിശാല്‍ ബലിദാനത്തിന് ആറാണ്ട്; പ്രതികള്‍ എസ്എഫ്‌ഐക്കാരായ ക്യാമ്പസ് ഫ്രണ്ടുകാര്‍

Wednesday 18 July 2018 3:35 am IST

ആലപ്പുഴ: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലം വിശാല്‍കുമാറി(19)നെ 2012ന് ജൂലൈ 16ന് കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി എസ്എഫ്‌ഐക്കാരായ ക്യാമ്പസ് ഫ്രണ്ടുകാരനെന്ന് സാക്ഷി മൊഴി. 

വിശാലിന്റേയും എറണാകുളം  മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റേയും കൊലപാതകങ്ങള്‍ക്ക് സാമ്യങ്ങളേറെയാണ്.  വിശാല്‍ വധക്കേസിലെ ഒന്നാം പ്രതി പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം(21) ക്രിസ്ത്യന്‍ കോളേജ് വിദ്യര്‍ത്ഥിയും എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നെന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ പോലീസിന് സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ കോളേജില്‍ കാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റിന്  രൂപം നല്‍കിയതും ഇയാളായിരുന്നു.  

  പകല്‍ എസ്എഫഐയും സിപിഎമ്മും രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടായും കാമ്പസ് ഫ്രണ്ടും, ഈ പതിവ് കാലങ്ങളായി തുടരുന്നതാണെന്ന് വിശാലിന്റെ കൊലപാതകം വ്യക്തമാക്കുന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതി മുഹമ്മദ് എസ്എഫ്‌ഐയുടെ സൈബര്‍ പോരാളിയായിരുന്നു. സിപിഎമ്മിനും എസ്എഫ്‌ഐയ്ക്കും അനുകൂലമായി സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം പ്രചരണം നടത്തുകയും ചെയ്തിരുന്നു. പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഇടതുസര്‍ക്കാര്‍ ഇപ്പോഴും സംരക്ഷണം നല്‍കുകയാണ്.  കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ അച്ഛന്‍ വേണുഗോപാലിന്റെ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കുള്ള പ്രതിഫലം സര്‍ക്കാര്‍ നല്‍കേണ്ടെന്നും താന്‍ വഹിച്ചു കൊള്ളാമെന്നുമുള്ള വേണുഗോപാലിന്റെ അപേക്ഷയും സര്‍ക്കാര്‍ നിഷ്‌ക്കരുണം തള്ളി. സിപിഎമ്മുകാര്‍ പ്രതികളായ പാവറട്ടി വിനോദ് കേസിലടക്കം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ വിശാല്‍ കേസില്‍ എതിര്‍ നിലപാട് സ്വീകരിച്ചത് ദുരൂഹമാണ്.  

  കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസില്‍ ക്രൈംബ്രാഞ്ച്  കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നേരിട്ട് പങ്കെടുത്തവര്‍, ഇവരെ സംരക്ഷിച്ചവര്‍ ഉള്‍പ്പെടെ ഇരുപത് പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.